തന്നഃ ശുശ്രൂഷമാണാനാമര്‍ഹസ്യം ഗാനുവര്‍ണ്ണിതും
യസ്യാവതാരോ ഭൂതാനാം ക്ഷേമായ ച ഭവായ ച (1-1-13)
ശൗനകനും മറ്റുമുനിമാരും സൂതനോടു പറഞ്ഞു:
അല്ലയോ പരമപൂജനീയനായ സൂതാ, നാമിവിടെ നൈമിശികാരണ്യത്തില്‍ ഒരു പുണ്യകര്‍മ്മത്തിനായി എത്തിച്ചേര്‍ന്നിരിക്കുകയാണല്ലോ. ഇവിടെ കിട്ടുന്ന ഓരോനിമിഷവും ഭഗവല്‍കഥകള്‍ കേള്‍ക്കുന്നുതിനും ആത്മീയപുരോഗതിക്കും മനുഷ്യവര്‍ഗ്ഗത്തിന്റെ മുക്തിസാധനയ്ക്കുമായി നമുക്കു വിനിയോഗിക്കാം. ഈ കലിയുഗത്തില്‍ മനുഷ്യജീവിതം തുലോം കുറഞ്ഞ കാലത്തേക്കുമാത്രമെങ്കിലും നാം ജീവിതകാലം മുഴുവനും സുഖഭോഗങ്ങളും അതില്‍നിന്നുണ്ടാകുന്ന തീരാത്ത കഷ്ടപ്പാടുകളിലും മുഴുകിയിരിക്കുന്നു.
സുഖഭോഗങ്ങളില്‍ താല്‍പര്യമില്ലാത്തവര്‍ക്കുകൂടി പുരാണേതിഹാസങ്ങളാല്‍ നിയതമായ മുക്തിസാധനയില്‍ ജീവിതം നയിക്കുവാന്‍വേണ്ട മനഃസ്ഥൈര്യം ഇല്ലാതെ പോവുന്നു. ഈ പുരാണേതിഹാസങ്ങളാകട്ടെ അത്യന്തം വൈവിദ്ധ്യമാര്‍ന്നതും അനുശാസനങ്ങളും വിരുദ്ധങ്ങളും പഠിക്കുവാന്‍ ക്ലേശകരവുമാണ്. ഇവയെല്ലാം വളരെക്കാലം പഠിക്കേണ്ടവയാണെങ്കിലും അങ്ങനെ പഠിച്ചുണ്ടാക്കിയവയെ കാലംതന്നെ മറവിയിലൂടെ നശിപ്പിക്കുന്നുതായും കാണുന്നു. ഈ രീതിയില്‍ അന്തമില്ലാതെ ചംക്രമണം ചെയ്യുന്ന കാലചക്രത്തില്‍ നിന്നുകൊണ്ട് ചിന്നിച്ചിതറിപ്പോയ വ്യക്തിത്വവും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുവാന്‍ മനുഷ്യന്‍ വൃഥാ പരിശ്രമിക്കുന്നു.
പൂജനീയനായ സൂതാ, വേദപുരാണങ്ങള്‍ ഹൃദിസ്ഥമാക്കിയ ആളെന്നനിലയില്‍ ഞങ്ങളെ സഹായിക്കുവാന്‍ ഏറ്റവും അനുയോജ്യനായ ആള്‍ അങ്ങുതന്നെ. ഏതൊരു വിജ്ഞാനമാണോ ഈ വേദപുരാണങ്ങള്‍ തരുന്നത്, ഏതൊരു വിജ്ഞാനമാണോ മനുഷ്യനെ ജനനമരണചക്രത്തിന്റെ പിടിയില്‍നിന്നും മോചിപ്പിക്കുവാന്‍ പര്യാപ്തമായത്, ആയതിന്റെ പൊരുള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.
സമഗ്രവ്യക്തിത്വബോധത്തിന്റെയും ജീവന്റെയും സമ്യക്കായ ഒത്തുചേരലുണ്ടാകുമ്പോള്‍ മാത്രമേ അജ്ഞാനാന്ധകാരവും തല്‍ഫലമായ ദുഃഖവും നശിപ്പിക്കപ്പെടുകയുളളൂ. ഭഗവാന്‍ ഭൂമിയില്‍ ജന്മമെടുക്കുന്നത് എല്ലാ ജീവ-നിര്‍ജീവജാലങ്ങളുടേയും ക്ഷേമത്തിനും രക്ഷയ്ക്കും വേണ്ടിയാണെന്ന് ഞങ്ങളറിയുന്നു. പ്രത്യേകിച്ചും ശ്രീകൃഷ്ണഭഗവാന്‍ വസുദേവരുടേയും ദേവകിയുടേയും പുത്രനായി പിറന്നത്. ദയവായി ഈ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചുതന്നാലും. അങ്ങനെ ഞങ്ങള്‍ ആ നാമവും മഹിമയും ഓര്‍ക്കുമാറാകട്ടെ. ആ ദിവ്യനാമം അറിയാതെയെങ്കിലും ഉച്ചരിക്കുന്നുവരില്‍നിന്ന് സര്‍വഭയങ്ങളും അകലുന്നു. കാരണം ഭയത്തിനുതന്നെയും അവിടുത്തെ ഭയമാണ്. ഭഗവല്‍നാമങ്ങളും അവതാരകഥകളും ലീലകളും ഞങ്ങള്‍ക്ക് എത്രകേട്ടാലും മതിവരാത്തവയത്രെ. അതുകൊണ്ട് അവയെല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുന്നാലും. ഈ കഥകളെല്ലാം പല മുനിമാരിലൂടെ വരുംതലമുറകളിലേക്കും എത്തുന്നതാണ്.
അവിടുത്തെ അപദാനങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ ആ പാദാരവിന്ദങ്ങളും പൂജിച്ചുകൊണ്ട് മനുഷ്യര്‍ക്ക് അവരുടെ പാപങ്ങളില്‍ നിന്നും മുക്തിയും നിര്‍വ്വാണപദവും പ്രാപിക്കാം. ഭഗവല്‍പാദങ്ങള്‍ ഹൃത്തലത്തില്‍ സൂക്ഷിച്ചുവച്ച ഋഷിവര്യന്മാര്‍ പരമഭാഗ്യവാന്മാരത്രേ. അവരുമായി ഇടപഴകാന്‍ കഴിയുന്നവര്‍ക്ക് ഹൃദയം ക്ഷണേന ശുദ്ധീകരിക്കാനും ശാന്തിയും സമാധാനവും കൈവരിക്കുവാനും കഴിയുന്നു.
ഈ കലിയുഗത്തില്‍ മനഃശുദ്ധിയും നൈര്‍മ്മല്യവും നന്മതിന്മകളുടെ വൈരുദ്ധ്യശക്തികള്‍ക്കിടയില്‍പ്പെട്ടു ഞെരിയുമ്പോള്‍ മഹാമുനിമാരുടെ സാന്നിദ്ധ്യവും ഭഗവല്‍കഥാശ്രവണവും മാത്രമാണ് മനുഷ്യര്‍ക്കുളള ഒരേയൊരാശ്രയം. ഈ കഥകള്‍ മനുഷ്യമനസ്സിനെ പിടിച്ചുനിര്‍ത്തി ഹൃദയത്തെ നിര്‍മ്മലമാക്കി പരിപാവനമായ ഭഗവല്‍പ്രേമം നിറയ്ക്കുകവഴി സമഗ്രവ്യക്തിത്വത്തിന്റെ പരിവര്‍ത്തനം പൂര്‍ണ്ണമാവുന്നു. അതുകൊണ്ട് അങ്ങയുടെ സാന്നിദ്ധ്യത്തിലൂടെ ലഭിച്ച ഭഗവദനുഗ്രഹത്തെ ഞങ്ങളേറ്റവും വിലമതിക്കുന്നു. ദയവായി അങ്ങ് കഥ ആരംഭിച്ചാലും.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF