പൃഥുവിന്റെ യജ്ഞാശ്വത്തെ ഇന്ദ്രന്‍ അപഹരിക്കുന്നു – ഭാഗവതം(86)
മാസ്മിന്മഹാരാജ കൃഥാഃ സ്മചിന്താം നിശാമയാസ്മദ്വച ആദൃതാത്മാ
യദ്ധ്യായതോ ദൈവഹതം നു കര്‍ത്തും മനോഽതിരുഷ്ടം വിശതേ തമോഽന്ധം (4-19-34)
മൈത്രേയന്‍ തുടര്‍ന്നുഃ
രാജസൂയങ്ങളില്‍ വെച്ച് ഏറ്റവും ഉന്നതമായ നൂറ് അശ്വമേധയാഗങ്ങള്‍ നടത്താന്‍ പൃഥുരാജന്‍ തീരുമാനിച്ചു. നൂറു യാഗങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ദേവദേവനായ ഇന്ദ്രന്റെ സ്ഥാനം ലഭിക്കും. ഇന്ദ്രന്‍ സ്വയം ഇപ്രകാരമുളള യാഗം നടത്തിയിട്ടത്രെ ആ സ്ഥാനം ലഭിച്ചതു്. പൃഥുരാജന്‍ തൊണ്ണൂറ്റിയൊന്‍പത് യാഗങ്ങള്‍ നടത്തിയപ്പോഴേക്കും ഇന്ദ്രന് അസൂയയായി. നൂറാമതുയാഗം ഏതു വിധേനയും മുടക്കുവാന്‍ ഇന്ദ്രന്‍ തിരുമാനിച്ചു.
യാഗാശ്വമായ കുതിരയെ ഇന്ദ്രന്‍ മോഷ്ടിച്ചൊളിച്ചു വച്ചു. ആകാശവീഥിയില്‍ പറക്കുന്ന ഇന്ദ്രനെ കണ്ട ഒരു പുരോഹിതന്‍, പൃഥുവിന്റെ പുത്രനോട് ഇന്ദ്രനെ നേരിടുവാന്‍ ആഹ്വാനം ചെയ്തു. പാരമ്പര്യങ്ങളെ ധിക്കരിച്ച് ഒരു ഭിക്ഷാംദേഹിയായി ഇന്ദ്രന്‍ വേഷംകെട്ടിനടന്നു. അങ്ങനെയുളള ഒരാളെ കൊല്ലാന്‍ പൃഥുപുത്രന് മടിയായിരുന്നു. പക്ഷെ യാഗപുരോഹിതനായ അത്രിമുനി പറഞ്ഞുഃ ” അവനോട് ദയ കാണിക്കേണ്ട കാര്യമില്ല യാഗം മുടക്കാന്‍ ശ്രമിച്ചവാനാണയാള്‍.” പൃഥുവിന്റെ പുത്രന്‍ വീണ്ടും ഇന്ദ്രനെ പിന്തുടരവേ സ്വയം കുതിരയെ ഉപേക്ഷിച്ച് ഇന്ദ്രന്‍ അപ്രത്യക്ഷനായി. പൃഥുവിന്റെ പുത്രന്‍ “വിജാതാശ്വന്‍” എന്നറിയപ്പെട്ടു.
ഇന്ദ്രന്‍ വീണ്ടും തന്റെ കളി തുടര്‍ന്നു. കുതിരയെ മോഷ്ടിച്ച് വിചിത്രമായ ഒരു താപസവേഷത്തില്‍ നടന്നു. അത്രിയും വിജിതാശ്വനും വീണ്ടും ഇന്ദ്രനെ പിന്തുടര്‍ന്നു് കുതിരയെ വീണ്ടെടുത്ത് യാഗം പൂര്‍ത്തീകരിക്കാന്‍ പരിശ്രമിച്ചു. ഇന്ദ്രന്‍ കുതിരയെ വിട്ടുകൊടുത്ത് വീണ്ടും മറഞ്ഞിരിപ്പായി. ഇന്ദ്രന്റെ പ്രവൃത്തികള്‍, വിചിത്രമായ ഒരു താപസപരമ്പര തന്നെ ഉണ്ടാക്കി. പാരമ്പര്യങ്ങളെ ധിക്കരിച്ച ഇവര്‍ ധാര്‍മ്മീകതയെ വെല്ലു വിളിച്ചു. ധര്‍മ്മത്തെ അധര്‍മ്മമായും, അധര്‍മ്മത്തെ ധര്‍മ്മമായും കണക്കാക്കി അവര്‍ പ്രവര്‍ത്തിച്ചു. യാഗങ്ങളെ തകര്‍ക്കല്‍ അവര്‍ക്ക് സല്‍ക്കര്‍മ്മങ്ങളായി. ഇതെല്ലാം പ്രഥുരാജനെ ക്രുദ്ധനാക്കി. രാജാവ് സ്വയം ഇന്ദ്രനെ നേരിടാന്‍ തീരുമാനിച്ചു.
മുനിമാര്‍ ഇതുകണ്ട് പരിഭ്രമിച്ചു. അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി, ഇന്ദ്രനെ പരാജയപ്പെടുത്താന്‍ അഗ്നിയില്‍ നിവേദിക്കേണ്ട ഒരാഹുതിയെപ്പറ്റി അവര്‍ രാജാവിന് മനസിലാക്കി.
മുനിമാര്‍ ഇതുചെയ്യാന്‍ തുടങ്ങിയപ്പോഴേയ്ക്കും സൃഷ്ടാവ് മുന്നിലെത്തി രാജാവിനോട് ഇങ്ങനെ പറഞ്ഞുഃ “നീ ശിക്ഷിക്കാന്‍ പോകുന്ന ഇന്ദ്രനും, ആ പരമാത്മാവിന്റെ പ്രത്യക്ഷരൂപം തന്നെ. എന്നിട്ടും ബ്രാഹ്മണാ, അവന്‍ അധര്‍മ്മ മാര്‍ഗ്ഗത്തിലൂടെ ദിവ്യമായ ഒരു യാഗം തടയാന്‍ ഒരുമ്പെടുന്നു. അസൂയയും ഭയവും കൊണ്ടാണവന്‍ അങ്ങനെ ചെയ്യുന്നുത്. അവനത് തുടരുകയും ചെയ്യും. മഹാരാജന്‍, ഇന്ദ്രന്റെ സിംഹാസനംകൊണ്ട് അങ്ങേയ്ക്ക് എന്താണൊരു നേട്ടം?. നിങ്ങള്‍ രണ്ടും ഭഗവാന്‍ വിഷ്ണുവിന്റെ അംശങ്ങളത്രെ. അപ്പോള്‍ നിന്റെ തന്നെ അഹങ്കാരഭാവത്തോട് ശത്രുത പുലര്‍ത്തിയിട്ടെന്തു കാര്യം? ദേവഹിതത്തിനെതിരായി വര്‍ത്തിക്കാനൊരുങ്ങുന്ന മനസില്‍ ക്രോധം വളരുന്നു. ഞങ്ങളുടെ ഉപദേശം കേട്ടാലും. യാഗം ഒരെണ്ണം കുറഞ്ഞങ്ങനെ നിന്നുകൊളളട്ടെ. ഇന്ദ്രന് തന്റെ സിംഹാസനം തുടര്‍ന്നും ലഭിക്കട്ടെ. ഇതുമൂലം ഈ കലഹം തീരുകയും അധാര്‍മ്മീകരുടെ പരമ്പരയ്ക്ക് അറുതിവരുകയും ചെയ്യും.”
പൃഥുരാജന്‍ ബഹ്മാവിന്റെ ഉപദേശം സ്വീകരിച്ച് യാഗം നിര്‍ത്തിവെച്ചു. നൂറാമത്തെ യാഗം നടത്താതെ എല്ലാവര്‍ക്കും സമാധാനവും സംതൃപ്തിയും നല്‍കി പൃഥുരാജന്‍ തന്റെ ത്യാഗമനോഭാവം പ്രകടമാക്കി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF