ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ പരമപൂജ്യ ശ്രീവിദ്യാധിരാജസ്വാമിതിരുവടികളുടെ ശിഷ്യപ്രമുഖനും അദ്ദേഹത്തിന്റെ ആശയങ്ങളും ഉപദേശങ്ങളും ലോകസമക്ഷം പ്രചരിപ്പിക്കുവാന്‍ അനവരതം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു ദേശികോത്തമനും ആയിരുന്നു. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധിക്കുശേഷം തീര്‍ത്ഥപാദസമ്പ്രദായത്തിലെ കുലപതിയും പരമാചാര്യനും ആയിത്തീര്‍ന്ന ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികളുടെ പ്രവൃത്തികളും പ്രഭാഷണങ്ങളും ജീവിതംതന്നെയും ഹിന്ദുധര്‍മ്മത്തിനും അതിന്റെ പ്രചാരണത്തിനും പരിപോഷണത്തിനും വേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്നും ലേഖനങ്ങളില്‍നിന്നും വളരെയധികം ഭാഗങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്.

വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍, ഷഡ്‌ദര്‍ശനങ്ങള്‍, ഷണ്മതങ്ങള്‍ തുടങ്ങിയ വിവിധ ശാഖകളില്‍കൂടി പ്രവഹിച്ച്, അപാരമായ നിത്യനിര്‍വാണസാഗരത്തില്‍ എത്തിച്ചേരുന്ന അദ്വൈതാമൃതവര്‍ഷിണിയായ ഗംഗയാണ് ഹിന്ദുസംസ്കൃതി. അനാദിയായ ആ സംസ്കൃതിയില്‍ അഭിമാനവും ആവേശവും കൊണ്ടിരുന്ന ഒരു മഹാവ്യക്തിയായിരുന്നു ശ്രീ തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍.

ജിജ്ഞാസുമായ ഒരു മനുഷ്യന്‍ സ്ഥിതപ്രജ്ഞനായ ജീവന്‍മുക്തനായിത്തീരുന്നതും തീരേണ്ടതും എങ്ങനെയെന്നു സ്വാമികളുടെ ജീവിതചര്യ, ഗുരൂപസദനം, ഉപാസന, യോഗസാധന, വേദാന്തപരിശീലനം മുതലായ മാര്‍ഗ്ഗങ്ങള്‍ കാണിച്ചു ഈ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുടുംബസ്നേഹി, സ്വസമുദായപ്രേമി, ഹിന്ദുധര്‍മനിഷ്ഠന്‍, ഹിന്ദുധര്‍മപ്രചാരകന്‍, സര്‍വ്വമതസമന്വയപ്രവര്‍ത്തകന്‍, സര്‍വ്വഭൂതാത്മഭൂതാത്മാവായജീവന്‍മുക്തന്‍ ഈ നിലകളിലെല്ലാം ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ജീവഭാവം വികസിച്ച് ബ്രഹ്മഭാവത്തിലെത്തുന്നത് അവിടുത്തെ ഈ ജീവചരിത്രത്തില്‍ ജിജ്ഞാസുക്കള്‍ക്ക് കാണാന്‍ കഴിയും.

രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് ഗുരുക്കന്മാരെ വണങ്ങിക്കൊണ്ട് ശ്രേയസ്സില്‍ മര്‍പ്പിക്കട്ടെ. ഫയല്‍ സൈസ് കൂടാതിരിക്കാന്‍ ഓരോ വാല്യത്തെയും രണ്ടു ഭാഗങ്ങളാക്കിയാണ് PDF നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ ഭാഗങ്ങളായി ഡൌണ്‍ലോഡ് ചെയ്തു വായിക്കാന്‍ താല്പര്യപ്പെടുന്നു.

തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ PDF – വാല്യം 1 ഭാഗം 1 (113 MB), വാല്യം 1 ഭാഗം 2 (110 MB), വാല്യം 2 ഭാഗം 1 (94.4 MB), വാല്യം 1 ഭാഗം 2 (104 MB)