ആരണ്യകാണ്ഡം

മഹാരണ്യപ്രവേശം – ആരണ്യകാണ്ഡം MP3 (35)


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

മഹാരണ്യപ്രവേശം

പ്രത്യുഷസ്യുത്ഥായ തന്‍ നിത്യകര്‍മ്മവും ചെയ്തു
നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാന്‍.
“പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങള്‍ക്കു മുനി-
മണ്ഡലമണ്ഡിതമ‍ാം ദണ്ഡകാരണ്യത്തിനു
ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം
പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ!
ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ-
ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരില്‍ ചിലരെയും.”
ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു
തിങ്ങീടും കൌതൂഹലംപൂണ്ടുടനരുള്‍ചെയ്തുഃ
“നേരുളള മാര്‍ഗ്ഗം ഭവാനേവര്‍ക്കും കാട്ടീടുന്നി-
താരുളളതഹോ തവ നേര്‍വഴി കാട്ടീടുവാന്‍!
എങ്കിലും ജഗദനുകാരിയ‍ാം നിനക്കൊരു
സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ല‍ാം.”
‘ചൊല്ലുവിന്‍ നിങ്ങള്‍ മുമ്പില്‍നടക്കെ’ന്നവരോടു
ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാന്‍.
അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി-
തന്നോടു രാമചന്ദ്രന്‍ വന്ദിച്ചു ഭക്തിപൂര്‍വ്വംഃ
“നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ-
മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ.”
എന്നു കേട്ടാശീര്‍വാദംചെയ്തുടന്‍ മന്ദം മന്ദം
ചെന്നു തന്‍ പര്‍ണ്ണശാല പുക്കിരുന്നരുളിനാന്‍.
പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോള്‍
മുന്നിലാമ്മാറു മഹാവാഹിനി കാണായ്‌വന്നു.
അന്നേരം ശിഷ്യര്‍കളോടരുളിച്ചെയ്തു രാമ-
‘നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?’
എന്നുകേട്ടവര്‍കളും ചൊല്ലിനാ’രെന്തു ദണ്ഡം
മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും.
വേഗേന ഞങ്ങള്‍ കടത്തീടുന്നതുണ്ടുതാനു-
മാകുലം വേണ്ട ഞങ്ങള്‍ക്കുണ്ടല്ലോ പരിചയം.
എങ്കിലോ തോണികരേറീടാ’മെന്നവര്‍ ചൊന്നാര്‍,
ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാര്‍.
ശ്രീരാമന്‍ പ്രസാദിച്ചു താപസകുമാരക-
ന്മാരോടു ‘നിങ്ങള്‍ കടന്നങ്ങുപോകെ’ന്നു ചൊന്നാന്‍.
ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ-
രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാര്‍.
ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ
ഘോരമായുളള മഹാകാനനമകംപുക്കാര്‍.
ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര-
ശല്യാദിമൃഗഗണാകീര്‍ണ്ണമാതപഹീനം
ഘോരരാക്ഷസകുലസേവിതം ഭയാനകം
ക്രൂരസര്‍പ്പാദിപൂര്‍ണ്ണം കണ്ടു രാഘവന്‍ ചൊന്നാന്‍ഃ
“ലക്ഷ്മണാ! നന്നായ്‌ നാലുപുറവും നോക്കിക്കൊള്‍ക
ഭക്ഷണാര്‍ത്ഥികളല്ലോ രക്ഷസ‍ാം പരിഷകള്‍.
വില്ലിനി നന്നായ്‌ക്കുഴിയെക്കുലയ്‌ക്കയും വേണം
നല്ലൊരു ശരമൂരിപ്പിടിച്ചുകൊള്‍ക കൈയില്‍.
മുന്നില്‍ നീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം.
ജീവാത്മപരമാത്മാക്കള്‍ക്കു മദ്ധ്യസ്ഥയാകും
ദേവിയ‍ാം മഹാമായാശക്തിയെന്നതുപോലെ
ആവയോര്‍മ്മദ്ധ്യേ നടന്നീടുകവേണം സീതാ-
ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌വരാ.”
ഇത്തരമരുള്‍ചെയ്തു തല്‍പ്രകാരേണ പുരു-
ഷോത്തമന്‍ ധനുര്‍ദ്ധരനായ്‌ നടന്നോരുശേഷം
പിന്നിട്ടാരുടനൊരു യോജനവഴിയപ്പോള്‍
മുന്നിലാമ്മാറങ്ങൊരു പുഷ്‌കരിണിയും കണ്ടാര്‍.
കല്‌ഹാരോല്‍പലകുമുദ‍ാംബുജരക്തോല്‍പല-
ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം
തോയപാനവുംചെയ്തു വിശ്രാന്തന്മാരായ്‌ വൃക്ഷ-
ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം.

Back to top button
Close