ജ്ഞാനം വിശുദ്ധം പരമാര്‍ത്ഥമേകമനന്തരം ത്വ ബഹിര്‍ ബ്രഹ്സത്യം
പ്രത്യക്പ്രശാന്തം ഭഗവച്ഛബ്ദസംജ്ഞം യദ്വാസുദേവം കവയോ വദന്തി (5-12-11)
രഹുഗണൈ തത്തപസാ നയാതി ന ചേജ്യയാ നിര്‍വ്വപണാദ് ഗൃഹാദ്വാ
നച്ഛന്ദസാ നൈവ ജലാഗ്നി സൂരൈര്‍വ്വിനാ മഹത്പാദരജോഽഭിഷേകം (5-12-12)
രഹുഗണന്‍ പറഞ്ഞുഃ “അല്ലയോ ദിവ്യനായ മഹാത്മാവേ, അങ്ങ് ആത്മസാക്ഷാല്‍ക്കാരം നേടിയ യോഗിവര്യന്‍ തന്നെ. അവിടുത്തെ ചുണ്ടുകളില്‍നിന്നു വീഴുന്ന അമൃതസമാനമായ വാക്കുകള്‍ എനിക്ക് വലിയ സമാധാനം തരുന്ന. ആത്മാവിനെപ്പറ്റി എനിക്കുണ്ടായിരുന്ന അറിവ് തെറ്റായിരുന്നുവെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി. എന്നിലും അങ്ങയുടെ പ്രസ്താവനയുടെ അര്‍ത്ഥം മുഴുവനായി ഗ്രഹിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇഹലോക ലൗകീകതയുടെ തലത്തില്‍ വെച്ചു നോക്കുമ്പോള്‍ കര്‍മ്മങ്ങള്‍ ആപേക്ഷികമായി സാധുതയുളളതാണെങ്കിലും അവയ്ക്കവയുടെ ശരിയായ ഉണ്മയെ തേടുന്ന പരീക്ഷണങ്ങളെ ജയിക്കാന്‍ കഴിയില്ല എന്ന് അങ്ങു പറഞ്ഞുവല്ലോ.”
ഭരതന്‍ പറഞ്ഞുഃ “രാജന്‍, ഭൂമിയിലെ എല്ലാ ശരീരങ്ങളും ഭൂമിയാല്‍ത്തത്തന്നെ നിര്‍മ്മിതങ്ങളാണെന്ന് മനസിലാക്കിയാലും. ഭൂമിയുടെ ഒരു കഷണം പല്ലക്കിനു മുകളില്‍, മറ്റു കഷണങ്ങള്‍ പല്ലക്കു ചുമക്കാന്‍. ഇങ്ങനെ, കേവലമായ മണ്‍കട്ടയാണെങ്കിലും പല്ലക്കിനു മുകളില്‍ കയറിയിരുന്നു് താനൊരു രാജാവാണെന്നു് വൃഥാ അഭിമാനിച്ച്, നിങ്ങളെ ചുമന്നു കൊണ്ടുനടക്കാന്‍ പണിയേല്‍പ്പിച്ച പാവങ്ങളോട് നിങ്ങള്‍ മോശമായ രീതിയില്‍ പെരുമാറുന്ന അവരോട് സഹതാപം തോന്നേണ്ടുന്നതിനു പകരം അവരെ നിന്ദിക്കുന്നു. ഇഹലോകത്തിലെ കര്‍മ്മങ്ങളുടെ നിജാവസ്ഥയെപ്പറ്റിയുളള തെറ്റിദ്ധാരണ നീക്കാന്‍, എല്ലാ ജീവജാലങ്ങളും ഭൂമിയുടെ തന്നെ ഉല്‍പന്നങ്ങളാണെന്നു മനസിലാക്കിയാല്‍ മതി. അതേ മണ്ണിലേക്ക് തന്നെ തങ്ങള്‍ ചെയ്ത എല്ലാ കര്‍മ്മങ്ങളുമായി അവസാനം എല്ലാവരും മടങ്ങുകയും ചെയ്യും. ഈ ഭൂമിതന്നെ അതിസൂക്ഷ്മമായ അണുക്കളാല്‍ നിര്‍മ്മിതമത്രേ. ഈ അണുക്കളുടെ വിവിധതരത്തിലുളള സങ്കലനത്തെപ്പറ്റി നമ്മള്‍ നിയമതത്വങ്ങള്‍ ഊഹിച്ചുണ്ടാക്കി, വസ്തു, ദ്രവ്യം ഇവയുടെ ഉല്‍പ്പത്തിയെപ്പറ്റി വിശദീകരണങ്ങള്‍ നല്‍കുന്നു. കാരണം, നമ്മുടെ അന്വേഷണബുദ്ധിക്ക് ഇത്തരത്തിലുളള വിശദീകരണങ്ങള്‍ ആവശ്യമാണ്. ഇവയെല്ലാം അജ്ഞതയുടെ ഫലമത്രേ. മെലിഞ്ഞത്, തടിച്ചത്, ചെറുത്, വലുത്, ചരം, അചരം, വസ്തു, പ്രകൃതി, സമയം, കര്‍മ്മം തുടങ്ങിയവയെക്കുറിച്ചെല്ലാമുളള വിശദീകരണങ്ങളും നിയമങ്ങളും വാസ്തവത്തില്‍ അജ്ഞതാജന്യമാണ്. കാരണം ഇവയെല്ലാം ദ്വന്ദതയെയാണല്ലോ കാണിക്കുന്നുത്.
ശരിയായ സത്യമെന്തെന്നല്‍, പരമബോധം മാത്രമെ നിലനില്‍ക്കുന്നുതായുളളൂ. അതിന് അകവും പുറവും ഇല്ല. തികച്ചും ശാന്തവും പരിപൂര്‍ണ്ണവുമാണത്. ഭഗവാന്‍ എന്നറിയപ്പെടുന്നതും, വാസുദേവനെന്ന് ഋഷികള്‍ വിളിക്കുന്നുതും അതുതന്നെയാണ്. ഇതറിയാന്‍ തപസ്സനുഷ്ഠിച്ചിട്ടോ യാഗകര്‍മ്മങ്ങള്‍ നടത്തിയിട്ടോ കാര്യമില്ല. ഗൃഹസ്ഥജീവിതം ഉപേക്ഷിച്ചതുകൊണ്ടോ വേദപാഠങ്ങള്‍ ഉരുവിട്ടതുകെണ്ടോ ഫലമില്ല. ജലം, അഗ്നി, സൂര്യന്‍ എന്നിവയെ പൂജിച്ചതുകൊണ്ടും ഫലമില്ല. എന്നാല്‍ ദിവ്യരും മഹാത്മാക്കളുമായ യോഗിവര്യന്മാരുടെ പാദരേണുക്കളാല്‍ പരിപാവനമാക്കപ്പെട്ടവര്‍, അവരുടെ സാമീപ്യഗുണത്താല്‍ ലൗകീകത നശിച്ച് ഭഗവല്‍മഹത്വങ്ങളും, അവതാരകഥകളും, അപദാനങ്ങളും പാടുന്നതിലൂടെ മാത്രമെ അജ്ഞത നീങ്ങുകയുളളൂ. ഞാന്‍, പൂര്‍വ്വജന്മത്തില്‍ ഭരതന്‍ എന്നു പേരായ ഒരു രാജാവയിരുന്നു. ഒരു മാന്‍പേടയോടുളള മമതയാല്‍ അടുത്ത ജന്മത്തില്‍ മാനായി ജനിച്ച എനിക്ക് ഭഗവല്‍കൃപയാല്‍ ആത്മബോധമുണ്ടായിരുന്നതു കൊണ്ട് ദിവ്യന്മാരുടെ സഹവാസവും ഭഗവല്‍പൂജയും ലഭ്യമായി. മൃഗമായിരുന്നുവെങ്കിലും എനിക്കെല്ലാം ഓര്‍മ്മയുണ്ടായിരുന്നു. ഈ ജന്മത്തില്‍ എന്റെ ഉണ്മയെ മറച്ചുകൊണ്ട് ഞാന്‍ നടക്കുകയാണ്. രാജാവേ, ദിവ്യരും മഹത്തുക്കളുമായവരുടെ സത്സംഗം വഴി, വിജ്ഞാനത്തിന്റെ വാള്‍മുനയാല്‍ ലൗകീകതയുടെ കെട്ടുപാടുകള്‍ അറുത്തു കളഞ്ഞാലും.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF