ചിലസമ്പന്നന്മാരുടെ വിവാഹാഘോഷപരിപാടികളില്‍ ഭക്ഷണം പഴാക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. അവരോട് പറയാനുള്ളത് എന്താണ്?
“ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അത് എന്തെന്ന് ഞാനൊരു കൊച്ചു കുഞ്ഞില്‍ നിന്നും പഠിച്ചു. “ഒരിക്കല്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറഞ്ഞു.
ആ സംഭവം മദര്‍ വിവരിച്ചതിങ്ങനെ.
“ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു നിരവധി മിഴികളില്‍ ഞാന്‍ കാണാറുള്ള വിശപ്പ് ആ കൊച്ചു കുഞ്ഞിന്റെ മ്ലാനമായ മിഴികളിലും ഞാന്‍ കണ്ടു.
ഒന്നും ചോദിക്കാതെ കൈയ്യിലുണ്ടായിരുന്ന ഒരു കഷ്ണം റൊട്ടി ഞാനവള്‍ക്കു നല്കി. കുട്ടി അത് വളരെ ചെറിയ കഷണമായി കടിച്ചെടുത്ത് വളരെ പതുക്കെ കഴിക്കാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ പറഞ്ഞു,
“എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ…”
കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു,”ഇത് തീര്‍ന്നു പോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.”
“അന്നാണ് ഞാന്‍ വിശപ്പിന്റെ വേദന അറിഞ്ഞത്, ആ കുഞ്ഞുകണ്ണിലും വാക്കിലും വിശപ്പ് തുളുമ്പി നിന്നിരുന്നു. ഈ വിശപ്പിന്റെ വിളി നാം മറക്കരുത്, അവഗണിക്കരുത്.”
ആയിരക്കണക്കിന് പേര്‍ അമിതാഹാരം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ആ ആഹാരം പട്ടിണിക്കാര്‍ക്ക് കൊടുത്താല്‍ രണ്ട് മരണങ്ങളാണ് ഒരേസമയം ഒഴിവാകുക. ഒന്ന് ദരിദ്രന്റെ മരണം; മറ്റൊന്ന് അമിതാഹാരം മൂലമുള്ള ധനികന്റെ മരണം. ആഹാരം പാഴാക്കുമ്പോള്‍ തെരുവില്‍ വിശക്കുന്ന മിഴികളുമായി കഴിയുന്ന ഈ പിഞ്ചുകുഞ്ഞുങ്ങളെ ഓര്‍ക്കണം.
കടപ്പാട്: നാം മുന്നോട്ട്