നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
ഓപ്പറേഷന് കൊണ്ടുപോകാനായി നേഴ്സ് വന്നപ്പോള്‍ രോഗി അസ്ഥസ്ഥനായി.
“പേടിയുണ്ടോ… ഇന്നലെ എല്ലാം പറഞ്ഞതല്ലേ.” നേഴ്സ് പുഞ്ചിരിയോടെ രോഗിയോട് തിരക്കി.
“ഏയ് ഭയമില്ല… പക്ഷേ…” രോഗിയുടെ ഇരുകൈകളിലും പിടിച്ച് നേഴ്സ് പറഞ്ഞു,
“ഭയക്കേണ്ട… നോക്കൂ ഏറ്റവും നല്ല ഡോക്ടര്‍മാരാണ് ഒപ്പറേഷന്‍ ചെയ്യുന്നത്. ഇതിലും എത്രയോ കഠിനമായ രോഗമുള്ള വരെ ഈ ഡോക്ടര്‍മാര്‍ സുഖപ്പെടുത്തി വിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ഇതുകഴിഞ്ഞാല്‍ താങ്കള്‍ക്ക് സുഖമായി വേദനയില്ലാതെ ജീവിക്കാനാകും.” രോഗിയുടെ മുഖം തെളിയാത്തതു കണ്ട് നേഴ്സ് തുടര്‍ന്നു, “രണ്ടുതരം മനസോടെ തീയേറ്ററിലേക്കു പോകാം. ഒന്ന് മരണചിന്തയോടെ അല്ലെങ്കില്‍ ദൈവത്തിലും ഞങ്ങളിലും ഉറച്ചു വിശ്വസിച്ചുകൊണ്ട്…”
പിന്നെ രോഗിയുടെ കവിളില്‍ തലോടി മുഖം താഴ്ത്തി സ്വകാര്യമായി നേഴ്സു പറഞ്ഞു. “പേടിക്കണ്ടാ കേട്ടോ… ഞാന്‍ തീയേറ്ററില്‍ അടുത്തു തന്നെയുണ്ടാകും. എല്ലാം ശരിയായി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനായി. ദൈവം നമ്മോടൊപ്പമുണ്ട്. ഞാന്‍ ശരിക്കും പ്രാര്‍ത്ഥിച്ചിട്ടുണ്ട്.”
അതു കേട്ടതും രോഗിയുടെ മുഖം വിടര്‍ന്നു. ആശ്വാസത്തിന്റെ തിളക്കം കണ്ണുകളില്‍ മിന്നി.
ഇത്തരം വാക്കുകള്‍ സത്യത്തില്‍ ജീവിന്‍ രക്ഷാ ഔഷധമാണ്. നമുക്ക് ഒരു മുടക്കുമില്ലാതെ കൊടുക്കാന്‍ കഴിയുന്ന ഫലപ്രദമായ ദിവ്യൗഷധം. അതില്‍ പോലും നാം പിശുക്കു കാണിക്കുന്നു.
കടപ്പാട്: നാം മുന്നോട്ട്