പ്രചോദന കഥകള്‍

എതിരാളിയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കണം

കാര്യം പറയുമ്പോള്‍ ചാടിക്കടിക്കാന്‍ വരുന്നവരെ എന്തു ചെയ്യും?

വിന്‍സന്റ് ഡി- പോള്‍ ശുശ്രൂഷകനായി ജോലി നോക്കുന്ന സമയം കുറച്ച് കാലം, അദ്ദേഹത്തിന് പള്ളിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ട ചുമതല ലഭിച്ചു.

ഒരിക്കല്‍ ഒരമ്മ തന്റെ മകനു ജോലി ലഭിക്കാന്‍ വേണ്ടി ശുപാര്‍ശയുമായി വന്നു. അദ്ദേഹം അമ്മ പറഞ്ഞതെല്ലാം ശാന്തമായി കേട്ടിരുന്നു. അതിനുശേഷം ഫയല്‍ തുറന്ന് ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷാഫോം പരിശോധിച്ചു. ജോലിക്ക് വേണ്ട യോഗ്യതകള്‍ ആ മകനുണ്ടായിരുന്നില്ല. അദ്ദേഹം വിനയപൂര്‍വ്വം അമ്മയെ കാര്യം ധരിപ്പിച്ചു.

അവര്‍ കോപാകുലയായി, ആക്രോശിച്ചു. മേശപ്പുറത്തിരുന്ന കട്ടിയുള്ള പേപ്പര്‍ വെയറ്റ് എടുത്ത് അദ്ദേഹത്തിന്റെ നേര്‍ക്കൊറിഞ്ഞു പിന്നെ ചാടിത്തുള്ളി ഇറങ്ങിപ്പോയി.

ഏറുകൊണ്ട് പോളിന്റെ മുഖം മുറിഞ്ഞു, ചോരയൊഴുകി. തൂവലകൊണ്ട് അദ്ദേഹം ശാന്തനായി രക്തം തുടച്ചു. ഇതുകണ്ട് സഹപുരോഹിതന്മാര്‍ ഓടിയെത്തി. അദ്ദേഹം മെല്ലെ പറഞ്ഞു,

“കണ്ടില്ലേ… മകനുവേണ്ടി ഒരമ്മ എന്തുചെയ്യാനും മടിക്കില്ലെന്നു മനസ്സിലായില്ലേ.അതാണ് മാതൃസ്നേഹം.”

എതിരാളിയുടെ സ്ഥാനത്തുനിന്നുകൊണ്ടു കാര്യങ്ങളെ കാണാന്‍ കഴിയുക മഹത്തായ തപസ്സാണ്. അങ്ങനെ കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞാല്‍ മഹത്തായ ശാന്തി അനുഭവിക്കാന്‍ സാധിക്കും.

കടപ്പാട്: നാം മുന്നോട്ട്

Back to top button