ശരഭംഗമന്ദിരപ്രവേശം – ആരണ്യകാണ്ഡം MP3 (37)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ശരഭംഗമന്ദിരപ്രവേശം

രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
സാക്ഷാലീശ്വരനെ മ‍ാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ
“ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാര്‍ജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ല‍ാം
മര്‍ത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേന്‍.”
യോഗീന്ദ്രനായ ശരഭംഗന‍ാം തപോധനന്‍
യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍ഃ
“ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം
ശ്രീരാമം ദുര്‍വാദളശ്യാമള മംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുര്‍ദ്ധരം
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൌമുഖ്യമനോഹരം കരുണാരത്നാകരം.”
കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാന്‍ തപോധന-
നാകാശമാര്‍ഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
നാകേശാദികള്‍ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാര്‍
പാകശാസനന്‍ പദ‍ാംഭോജവും വണങ്ങിനാന്‍.
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
തത്രൈവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വര്‍ഗ്ഗം പുക്കാര്‍.

Close