ഏവമേവ മഹാരവോ യത്ര നിപതിതം പുരുഷം ക്രവ്യാദാ
നാമ രുരവസ്തം ക്രവ്യേണ ഘാതയന്തി യഃ കേവലം ദേഹംഭരഃ (5-26-12)
സൃഷ്ടിയുടെ നാനാത്വത്തെപ്പറ്റിയും നരകങ്ങളെപ്പറ്റിയും രാജാവ് ചോദിച്ചതിനുത്തരമായി ശുകമുനി പറഞ്ഞുഃ
നരകങ്ങള്‍ ഈ വിശ്വത്തില്‍ തന്നെയാണുളളത്. തെക്കേ അറ്റത്ത്. അവിടെയാണ് കാലത്തിന്‍റേയും മരണത്തിന്‍റേയും അധിദേവതയായ യമന്‍ വാഴുന്നത്. സൂര്യപുത്രനാണദ്ദേഹം. ജീവനെ അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുവരുമ്പോള്‍ തന്റെ ദിവ്യനിയമങ്ങളനുസരിച്ച് യമന്‍ തക്കതായ ശിക്ഷാവിധികള്‍ കല്‍പ്പിച്ചു നടപ്പാക്കുന്നു. ഈ ശിക്ഷകള്‍ക്കായി ഇരുപത്തെട്ടുതരം നരകങ്ങള്‍ ഉണ്ട്.
മറ്റൊരുവന്റെ സ്വത്തോ, ഭാര്യയേയോ കുട്ടികളേയോ മോഷ്ടിച്ചവന് താമിശ്രമെന്ന നരകത്തിലാണ് വാസം. മറ്റൊരുവനെ വഞ്ചിക്കുകയോ പരഭാര്യയെ അനുഭവിക്കുകയോ ചെയ്തവനെ അന്ധതാമിശ്രമെന്ന നരകത്തില്‍ തളളുന്നു. വഞ്ചകന്റെ ഹൃദയം പോലെ അവിടെ അന്ധതയും ഇരുട്ടുമത്രെ.
സ്വന്തം ഭാര്യയോടും കുട്ടികളോടുമുളള അമിതമായ സ്നേഹത്താല്‍ മറ്റുളളവരെ വെറുപ്പിച്ചും വഞ്ചിച്ചും കുടുംബത്തെ പോറ്റുന്നവന് രൗരവം എന്ന നരകം. അവിടെ പാമ്പുകളേക്കാള്‍ ഭയാനകമായ ജീവികള്‍ അവനെ പീഢിപ്പിക്കുന്നു. മഹാരൗരവം എന്ന നരകത്തില്‍ നരഭോജികളായ ക്രവ്യാദങ്ങളുണ്ട്. സ്വാര്‍ത്ഥതയോടെ സ്വന്തം ശരീരത്തിന് വേണ്ടി മാത്രം ജീവിച്ചവര്‍ക്കുളള നരകമാണിത്. പക്ഷികളേയും മൃഗങ്ങളേയും ജീവനോടെ ചുട്ടുകൊന്നവരെ കുംഭീപാകം എന്ന നരകത്തില്‍ യമഭടന്മാര്‍ എണ്ണയില്‍ വറുക്കുന്നു. അഛനേയോ മഹാത്മാക്കളേയോ ധിക്കരിച്ച് വെറുത്തു ജീവിച്ചവരെ കാലസൂത്രം എന്ന നരകത്തില്‍ ചുട്ടുപഴുത്ത ചെമ്പുതകിടില്‍ യമഭടന്മാര്‍ കിടത്തുന്നു.
സ്വധര്‍മ്മങ്ങളേയും ആചാരങ്ങളേയും ധിക്കരിച്ച് പരധര്‍മ്മം സ്വീകരിക്കുന്നവരെ അസിപത്രവനം എന്ന നരകത്തില്‍ തളളുന്നു. ഇവിടുത്തെ മരങ്ങളില്‍ നിന്നുവീഴുന്ന ഇലകള്‍ മൂര്‍ച്ചയുളള വാളുകളത്രേ. അവിടെ ഓടിരക്ഷപ്പെടാന്‍ നോക്കുന്നവരെ യമഭടന്മാര്‍ ചാട്ടവാറുകൊണ്ടടിക്കുന്നു. നിരപരാധികളെ പീഢിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്ത ഉദ്യോഗസ്ഥന്മാരേയും രാജാക്കന്മാരേയും സൂകരമുഖം എന്ന നരകത്തില്‍ കൊണ്ടുപോയി ശക്തിയേറിയ കരങ്ങളാല്‍ അവരുടെ കൈകാലുകള്‍ ഞെരിച്ചുടയ്ക്കുന്നു.
അറിഞ്ഞുകൊണ്ട് മറ്റുളളവരില്‍ വേദനയുണ്ടാക്കുന്നവനെ അനധകൂപമെന്ന നരകത്തില്‍ തളളുന്നു. അവിടെ അവനാല്‍ പീഢിപ്പിക്കപ്പെട്ടവര്‍ അവന് നിരന്തര പീഢനങ്ങള്‍ നല്‍കുന്നു. അവനെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കില്ല. ഏതൊരുവന്‍ തനിക്കു കിട്ടുന്നതൊക്കെ മറ്റുളളവര്‍ക്ക് കൊടുക്കാതെ അനുഭവിക്കുന്നുവോ അവന്‍ ഏറ്റവും കഠിനമായ ക്രിമിഭോജനനരകത്തില്‍ പതിക്കുന്നു. അവിടെ ക്രിമികീടങ്ങള്‍ അവനെ തിന്നുന്നു. മഹാത്മാക്കളെ കൊളളയടിക്കുന്നവന് (അത്യാവശ്യ സന്ദര്‍ഭമൊഴിച്ച്) സന്താംശം എന്ന നരകത്തില്‍ ചുട്ടുപഴുത്ത ലോഹഗോളങ്ങളാല്‍ ശിക്ഷ ലഭിക്കുന്നു. അവിഹിതലൈംഗികവേഴ്ച്ചയില്‍ ഏര്‍പ്പെട്ട സ്ത്രീക്കും പുരുഷനും ചുട്ടുപഴുത്ത ലോഹബിംബത്തെ പുല്‍കുവാനിടവരുത്തുന്നു. താപസൂര്‍മി എന്ന നരകത്തില്‍ കമിതാവിന്റെ ലോഹബിംബം തയ്യാരായിരിപ്പുണ്ട്. വിവേകരഹിതമായ ലൈംഗികബന്ധങ്ങളിലേര്‍പ്പെട്ടവരെ കാത്ത് വജ്രകണ്ഡകഷാല്‍മലി എന്ന നരകത്തില്‍ നിറയെ മുളളുകളുളള പട്ടുപഞ്ഞിമരം തയ്യാറായിരിപ്പുണ്ട്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF