യോഽധ്രുവേണാത്മനാ നാഥാ ന ധര്‍മ്മം ന യശഃ പുമാന്‍
ഈഹേത ഭൂതദയയാ സശോച്യഃ സ്ഥാവരൈരപി (6-10-8)
ഏതാവാനവ്യയോ ധര്‍മ്മഃ പുണ്യശ്ലോകൈരുപാസിതഃ
യോ ഭൂതശോകഹര്‍ഷാഭ്യാമാത്മാ ശോചതി ഹൃഷ്യതി (6-10-9)
അഹോ ദൈന്യമഹോ കഷ്ടം പാരക്യൈഃ ക്ഷണഭംഗുരൈഃ
യന്നോപകുര്യാദസ്വാര്‍ത്ഥൈര്‍മ്മര്‍ത്ത്യഃ സ്വജ്ഞാതി വിഗ്രഹൈഃ (6-10-10)
ശുകമുനി തുടര്‍ന്നുഃ
ദേവന്മാര്‍ ദദീചിയെ സമീപിച്ചപ്പോള്‍ മുനി പരിഹാസരൂപേണ ഇങ്ങനെ പറഞ്ഞു. “ജീവന്‍ മനുഷ്യനേറ്റവും പ്രിയപ്പെട്ടതാണല്ലോ. അങ്ങനെയിരിക്കെ, ദേവന്മാരെ ഒരാള്‍ എങ്ങനെ പ്രാണന്‍ വെടിയാന്‍ സ്വയം സമ്മതിക്കും? ”
ദേവന്മാര്‍ പറഞ്ഞുഃ
“അങ്ങയെപ്പോലെ മഹാമനസ്കനായ ഒരാള്‍ക്കു് എന്തുതന്നെ ഉപേക്ഷിക്കാനും പ്രയാസമെന്തുളളൂ? അങ്ങുപറഞ്ഞതു ശരിതന്നെ. സ്വാര്‍ത്ഥമതികള്‍ക്ക് സമ്മാനദാതാവിന്റെ പ്രശ്നങ്ങളെപ്പറ്റി ചിന്തയില്ല. പക്ഷേ അതു നല്‍കാന്‍ കെല്‍പ്പും കഴിവുമുളളവര്‍ ആഗ്രഹം നിഷേധിക്കുകയില്ലല്ലോ.”
ദദീചി പറഞ്ഞുഃ
ഞാന്‍ നിങ്ങളുടെ ധര്‍മ്മജ്ഞാനത്തെ അറിയാന്‍ പരിഹസിച്ചുവെന്നേയുളളു. ഞാന്‍ ഇപ്പോള്‍ ഇവിടെവെച്ച് ശരീരമുപേക്ഷിക്കുവാന്‍ പോവുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുളള എല്ല് എടുക്കാം. ശരീരം നശ്വരമാണ്. മലകളും മരങ്ങളും പോലും സ്വന്തം ശരീരം വേണ്ടപോലെ വിനിയോഗിക്കാത്ത മനുഷ്യനോട് സഹതപിക്കുന്നു. ജീവനുളളപ്പോള്‍ ധര്‍മ്മപരിപാലനത്തിനും ഖ്യാതിക്കും വേണ്ടിയാണല്ലോ ശരീരം. ഉത്തമഭക്തന്റെ മഹത്തരമായ ഗുണമെന്തെന്നാല്‍, അയാള്‍ സര്‍വ്വചരാചരങ്ങളുടെയും സുഖദുഃഖങ്ങളും അനുകമ്പയുളളവനാണെന്നതാണ്. മനുഷ്യന്‍ അവന്റെ ധനം മറ്റുളളവര്‍ക്കുവേണ്ടി വിനിയോഗിക്കാത്തത് എത്ര കഷ്ടം. എല്ലാ സ്വത്തുക്കളും താല്‍ക്കാലികവും മറ്റുളളവര്‍ക്ക് അവകാശപ്പെട്ടതുമാണല്ലോ.”
ഇത്രയും പറഞ്ഞു് മുനി ധ്യാനനിരതനായി സമാധി പൂണ്ടു. മനസ് പരമാത്മാവിലുറപ്പിച്ച് ശരീരത്തില്‍ നിന്നു് താനറിയാതെ തന്നെ ജീവനുപേക്ഷിച്ചു. ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവ് മുനിയുടെ എല്ലുകൊണ്ട് വജ്രായുധം ഉണ്ടാക്കി. പുതിയ ആയുധവുമായി ഇന്ദ്രന്‍ വൃത്രാസുരനെ നേരിട്ടു. ദേവന്മാരും വൃത്രന്റെ സൈന്യവും തമ്മില്‍ ഭീകരമായ യുദ്ധം നടന്നു. വജ്രായുധത്തിന്റെ കാഴ്ചയില്‍തന്നെ രാക്ഷസവൃദ്ധം അമ്പരന്നു. പലേവിധമായ ആയുധങ്ങള്‍കൊണ്ട് രാക്ഷസന്മാര്‍ ദേവന്മാരെ നേരിട്ടു. ദേവന്മാര്‍ അവയെ തുണ്ടംതുണ്ടമാക്കി. രാക്ഷസര്‍, അവരുടെ ആയുധങ്ങള്‍ തീര്‍ന്നപ്പോള്‍ വലിയ കല്ലുകളും മരങ്ങളും ദേവസേനയ്ക്കുനേരെ എറിയാന്‍ തുടങ്ങി. ദേവന്മാര്‍ ഇവയെ തടുത്തു പൊടിച്ചുകളഞ്ഞു. ഇവയൊന്നും ദേവന്മാരെ ബാധിച്ചില്ല. പരിഹാസവും നിന്ദയും ഈശ്വരസാക്ഷാത്ക്കാരം നേടിയ മനസിനെ ബാധിക്കാത്തതുപോലെ, ദേവന്മാരെ രാക്ഷസന്മാരുടെ ആയുധങ്ങള്‍ ഉപദ്രവിച്ചില്ല.
ഇതുകണ്ട് വൃത്രാസുരന്റെ അനുയായികള്‍ ഓടാന്‍ തുടങ്ങി. ഭീരുക്കളായി യുദ്ധക്കളത്തില്‍ നിന്നും പിന്തിരിഞ്ഞോടുന്നവരോട് വൃത്രന്‍ ഇങ്ങനെ പറഞ്ഞു. “സുഹൃത്തുക്കളെ, കേട്ടാലും, മരണം സുനിശ്ചിതവും സാധാരണവും, ജനനമെടുത്തിട്ടുളളവര്‍ക്ക് വിധിച്ചിട്ടുളളതുമാണ്. ഒരുവന് സ്വര്‍ഗ്ഗവും, സല്‍പ്പേരും സ്വന്തം ജീവനൊടുക്കുന്നുതുകൊണ്ട് ലഭിക്കുമെങ്കില്‍ അതല്ലേ ഏറ്റവും സ്വാഗതാര്‍ഹമായ മരണം? രണ്ടുതരത്തിലുളള മരണങ്ങളാണ് അഭിനന്ദനാര്‍ഹമായുളളത്. ഒന്നുകില്‍ യോഗസാധനയിലൂടെ ആത്മാവിനെ പരമാത്മാവില്‍ വിലയിപ്പിച്ച് ശരീരം ഉപേക്ഷിക്കുക. അല്ലെങ്കില്‍ യുദ്ധക്കളത്തില്‍ പിന്തിരിഞ്ഞോടാതെ വീരമരണം വരിക്കുക.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF