തയേന്ദ്രഃ സ്മാസഹത്‌ താപം നിര്‍വൃതിര്‍ന്നാമുമാവിശത്‌
ഹ്രീമന്ത്രം വാച്യതാം പ്രാപ്തം സുഖയന്ത്യപി നോ ഗുണാഃ (6-13-11)
പഠേയുരാഖ്യാനമിദം സാദാ ബുധാഃ ശൃണ്വന്ത്യഥോപര്‍വണി പര്‍വണീന്ദ്രിയം
ധന്യം യശസ്യം നിഖിലാഘമോചനം രിപുജ്ഞയം സ്വസ്ത്യയനം തഥാഽഽയുഷം (6-13-23)

ശുകമുനി തുടര്‍ന്നു:
ഇന്ദ്രന്‌ വാസ്തവത്തില്‍ വൃത്രനെ കൊല്ലാന്‍ ഭയമായിരുന്നു. ദേവന്മാര്‍ ആവശ്യപ്പെട്ടുവെങ്കിലും വൃത്രന്‍ ഒരു ബ്രാഹ്മണനായിരുന്നുവല്ലോ. നേരത്തെ തന്നെ ഒരു ബ്രഹ്മഹത്യാപാപം ചെയ്തുവെങ്കിലും ജലം, ഭൂമി, സ്ത്രീ, മരം എന്നിവ ചേര്‍ന്നു് അതു പങ്കുവെച്ച്‌ ഇന്ദ്രനെ പാപവിമോചിതനാക്കി. ഇന്ദ്രന്‍, വൃത്രനെ വധിച്ചതിന്റെ പാപം എങ്ങനെ ഇല്ലാതാക്കുമെന്ന ചിന്തയിലാണ്ടു.

മാമുനിമാര്‍ ഇന്ദ്രനെ സമാധാനിപ്പിച്ചു. ഏതു പാപവും ക്ഷണനേരം കൊണ്ടില്ലാതാക്കുന്ന ഭഗവല്‍പ്രസാദ ലഭ്യതക്കായി അശ്വമേധയാഗം നടത്താന്‍ വേണ്ട എല്ലാ സന്നാഹങ്ങളും സഹായങ്ങളും അവര്‍ ഇന്ദ്രന്‌ വാഗ്ദാനം നല്‍കി. മാമുനിമാരുടെ വാക്കു കേട്ടിട്ടും ഇന്ദ്രന്റെ മനസ്‌ ശാന്തമായില്ല. എല്ലാ ദേവന്മാരും ഋഷികളും രാക്ഷസന്റെ മരണത്തില്‍ സന്തുഷ്ടരായിരുന്നു എന്നതാണ്‌ സത്യം.

കുറ്റബോധത്തില്‍ ഇന്ദ്രന്‍ വലഞ്ഞു. ഇന്ദ്രനു മനഃസുഖമില്ലാതായി, സ്വയം എരിതീയിലെന്നപോലെ നീറിക്കൊണ്ടിരുന്നു. മനഃസ്സാക്ഷിക്കെതിരായി ഏതൊരുവന്‍ പാപം ചെയ്യുന്നുവോ അവനെ അവന്റെ സദ്ഗുണങ്ങള്‍ പോലും തുണക്കില്ല. ഇന്ദ്രന്‍ ഈ പാപത്തെ, തന്നെ പിന്തുടരുന്ന കുഷ്ഠരോഗബാധിതയായ ഒരു വൃത്തികെട്ട സ്ത്രീയായിക്കണ്ടു ഭയന്നു. അവളില്‍ നിന്നും രക്ഷ നേടാനായി മാനസസരോവരത്തില്‍ ഒരു താമരത്തണ്ടില്‍ക്കയറി ഒളിച്ചിരുന്നു. അവിടെയിരുന്നു്‌ നിരന്തരം ഭഗവല്‍ധ്യാനത്തില്‍ മുഴുകി, ഹൃദയം ഭഗവല്‍സ്മരണകൊണ്ടു നിറച്ചു.

വെറുമൊരു മര്‍ത്ത്യനായ നഹുഷനായിരുന്നു ഇന്ദ്രന്റെ അഭാവത്തില്‍ ഭരണം നടത്തിയത്‌. ഇന്ദ്രന്റെ ഭാര്യയായ സചിയുടെ കോപത്തിനിരയായ നഹുഷന്‌ മര്‍ത്ത്യലോകത്തിലേക്ക്‌ തിരിച്ചു പോവേണ്ടിവന്നു. നഹുഷന്റെ പൊങ്ങച്ചം സചിക്ക്‌ ഇഷ്ടമായില്ല എന്നതാണ്‌ കാരണം. ഇന്ദ്രന്റെ തപസ്സും ധ്യാനവും കൊണ്ട്‌ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും മാമുനിമാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി അദ്ദേഹം ഇന്ദ്രപദവിയില്‍ പുനഃപ്രവേശിക്കുകയും ചെയ്തു. പിന്നീട്‌ അവര്‍ സുപ്രസിദ്ധമായ അശ്വമേധയാഗം കഴിച്ചു. സര്‍വ്വപാപഹാരിയത്രേ ഈ യാഗം. അങ്ങനെ ഇന്ദ്രന്‍ പാപവിമോചിതനായി.

ഈ സര്‍വ്വപരിശുദ്ധിദായകമായ കഥയില്‍ ഭക്തനായ വൃത്രനെ ഇന്ദ്രന്‍ ജയിച്ച ചരിത്രം പറയുന്നു. ഭഗവദ്‌ മഹിമയുടെ വര്‍ണ്ണനകളത്രെ ഇതു മുഴുവന്‍. അതുകൊണ്ടിത്‌ ശുഭോദര്‍ക്കമായ എല്ലാ അവസരങ്ങളും‍ പാടുകയും കേള്‍ക്കുകയും വേണം. ഇതു കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ധനം, ആയുസ്, പ്രശസ്തി എന്നിവയുണ്ടായി പാപവാസനയില്‍ നിന്നു്‌ മോചനവും, ആന്തരീകവും ബാഹ്യവുമായ ശത്രുക്കളെ കീഴടക്കാനുളള കഴിവും ഉണ്ടാവുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF