നാരായണപരാഃ സര്‍വേ ന കുതശ്ചന ബിഭ്യതി
സ്വര്‍ഗ്ഗാപവര്‍ഗ്ഗനരകേഷ്വപി തുല്യാര്‍ത്ഥദര്‍ശിനഃ (6-17-28)
വാസുദേവേ ഭഗവതി ഭക്തിമുദ്വഹതാം നൃണാം
ജ്ഞാനവൈരാഗ്യവീര്യാണാം നേഹ കശ്ചിദ്‌ വ്യപാശ്രയഃ (6-17-31)

ശുകമുനി തുടര്‍ന്നുഃ

പിന്നീട്‌ കുറേക്കാലം ചിത്രകേതു സുമേരുപര്‍വ്വത സാനുക്കളില്‍ വിണ്ണവരായ സ്ത്രീകള്‍ ഭഗവാന്‍ വാസുദേവന്റെ മഹിമകള്‍ പാടുന്നതുകേട്ടു ജീവിച്ചു. ഒരിക്കല്‍ ആകാശമാര്‍ഗ്ഗേ പോകുമ്പോള്‍ ഭഗവാന്‍ ശിവന്‍ കൈലാസപര്‍വ്വതത്തിലിരിക്കുന്നുത്‌ കാണായി. മാമുനിമാരും സ്വര്‍ഗ്ഗവാസികളും ചുറ്റും കൂടിയിട്ടുമുണ്ട്‌. പാര്‍വ്വതീദേവി, ശിവന്റെ മടിയിലിരിക്കുന്നു. ഈ കാഴ്ച കണ്ട്‌ ചിത്രകേതു ഉറക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. “ഭഗവാന്‍ പരമശിവനു യോജിച്ച ഒരു കാര്യമാണോ ഒരു സ്ത്രീയെ തുറന്നസഭയില്‍വെച്ച്‌ ആലിംഗനം ചെയ്യുക എന്നത്‌? എന്നിട്ടും അതേ ഭഗവാനാണ്‌ മാമുനിമാര്‍ക്ക്‌ ധര്‍മ്മത്തിന്റെ പാതയെ മനസിലാക്കി കൊടുക്കുന്നുത്‌. എന്നാല്‍ പുറത്താകട്ടെ അദ്ദേഹത്തിന്‌ ഏകാന്തവാസിയെന്നു് പേരുണ്ടുതാനും.” ഇതുകേട്ട്‌ പരമശിവനും മുനിമാരും മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചതേയുളളൂ. എങ്കിലും ശിവസഹധര്‍മ്മിണിയായ പാര്‍വ്വതിക്ക്‌ ദേഷ്യം വരികയും ചിത്രകേതുവിനെ ശപിക്കുകയും ചെയ്തു.

പാര്‍വ്വതി പറഞ്ഞു. “ആരാണീ സ്വര്‍ഗ്ഗവാസി ഞങ്ങളെ ധര്‍മ്മം പഠിപ്പിക്കാന്‍ യോഗ്യനായിട്ടുളളയാള്‍? ഇയാള്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനേക്കാളും മുനിമാരേക്കാളും യോഗ്യനാണോ അവര്‍ക്കറിവില്ലാത്ത ധര്‍മ്മസംഹിതകള്‍ പഠിപ്പിക്കാന്‍? ഇയാളുടെ ഔന്നത്യത്തിന്‌ യോജിച്ച ശിക്ഷ കൊടുത്തേ മതിയാവൂ. കാരണം ഇത്ര ധിക്കാരിയായ ഒരാള്‍ ഭഗവാന്‍ വിഷ്ണുവിന്റെ ഭക്തനാവാന്‍ യോഗ്യനല്ല. ചിത്രകേതു, നീ ഒരു രാക്ഷസനായി പുനര്‍ജനിക്കും. ഭൂമിയില്‍ ദുഷ്ടത വിതറി ജീവിച്ച ശേഷം മകനേ, നീ മടങ്ങുമ്പോള്‍ നിന്നില്‍ ധിക്കാരമുണ്ടാവില്ല.”

ഈ ശാപം തന്റെ നന്മയ്ക്കു വേണ്ടിയാണെന്നു് ചിത്രകേതുവിനറിയാമായിരുന്നു. അതുകൊണ്ട്‌ അദ്ദേഹമതിനെ മനസാ സ്വാഗതം ചെയ്തു. അദ്ദേഹം പറഞ്ഞു. “അമ്മേ, അവിടുത്തെ ശാപത്തെ ഞാന്‍ രണ്ടുകയ്യുംനീട്ടി സ്വീകരിക്കുന്നു. അവിടുത്തെ പാവം പുത്രന്റെ നനന്മയ്ക്കായിട്ടാണല്ലോ അമ്മ ശാപം തന്നത്‌? വാസ്തവത്തില്‍ അവനവന്റെ ദുഃഖഃത്തിന്‌ സ്വയമോ മറ്റുളളവരോ കാരണക്കാരല്ല. എന്തെന്നാല്‍ അതു നിലനില്‍ക്കുന്നില്ല. ഈ ഭൗതീകലോകത്തില്‍ സന്തോഷസന്താപങ്ങളും സ്വര്‍ഗ്ഗനരകങ്ങളും തമ്മിലുളള വ്യത്യാസം തുലോം അജ്ഞതനിറഞ്ഞതും നിരങ്കുശവുമത്രേ. അതുകൊണ്ട്‌ ശാപമോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നില്ല. എന്നാല്‍ എനിക്കൊരു പ്രാര്‍ത്ഥനയുണ്ട്‌. എന്റെ ചാപല്യത്തെയും അറിവില്ലായ്മയേയും പൊറുത്ത്‌ മാപ്പു തന്നാലും” മനശ്ചാഞ്ചല്യമില്ലാതെ ചിത്രകേതു പറന്നുപോയി.

പാര്‍വ്വതി, അത്ഭുതസ്തബ്ധയായി. ഭഗവാന്‍ ശിവന്‍ വിശദീകരിച്ചു. “പ്രിയേ, ഭഗവാന്‍ നാരായണന്റെ ഭക്തനായിട്ടുളളവര്‍ക്ക്‌ യാതൊന്നിനേയും ഒരിടത്തും ഭയപ്പെടേണ്ടതില്ല. സ്വര്‍ഗ്ഗനരകങ്ങളും‍ മുക്തിപദത്തിലോ ഒന്നും യാതൊരു വ്യത്യസ്ഥതയും അവര്‍ കാണുന്നില്ല. ശാപവും അനുഗ്രഹവും വ്യത്യസ്ഥഭാവത്തോടെ സ്വീകരിക്കുന്നുത്‌ അജ്ഞതയുടെ ലക്ഷണമത്രേ. മോഹിതരായ ആത്മാക്കളാണ്‌ സുഖാന്വേഷികളും ദുഃഖദ്വേഷികളുമായിരിക്കുന്നത്‌. ഭഗവാന്‍ വാസുദേവനില്‍ ഭക്തരായവര്‍ ഒന്നിനു വേണ്ടിയും കൊതിക്കുന്നില്ല. ചിത്രകേതുവിനു മറുശാപം നല്‍കാന്‍ ശക്തിയുണ്ടായിരുന്നിട്ടുകൂടി അയാളതു ചെയ്യാതിരുന്നത്‌ ആ ഭഗവല്‍ഭക്തിയുളളതു കൊണ്ടാണ്‌.”

ഈ ചിത്രകേതുവാണ്‌ വൃത്രനായി പിറന്നത്‌. ഈ പുണ്യകഥ പ്രഭാതവേളയില്‍ ചൊല്ലുന്നവന്‌ മുക്തിപദം ലഭ്യമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF