ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു.

കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. “ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.” ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.

മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. “എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു…. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.”

വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ‌ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.

നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും.

കടപ്പാട്: നാം മുന്നോട്ട്