ഇത്യക്ഷരതയാഽത്മാനം ചിന്മാത്രമവശേഷിതം
ജ്ഞാത്വാദ്വയോഽഥ വിരമേദ്‌ ദഗ്ദ്ധയോനിരിവാനലഃ (7-12-31)

വിദ്യാര്‍ത്ഥിയായിരിക്കുന്ന കുമാരന്‍, ഗുരുവിന്റെ ഗൃഹത്തില്‍ വസിച്ച്‌ സൂര്യോദയത്തിലും അസ്തമയത്തിലും ഗുരുവിനേയും ദിവ്യാഗ്നിയേയും സൂര്യനെയും ഭഗവാനെയും രീതിയില്‍ പൂജിക്കണം. രാവിലേയും വൈകുന്നേരവും ഗായത്രി ജപിക്കുകയും വേണം. ഗുരുവിനോട്‌ അങ്ങേയറ്റം ഭക്തിവിശ്വാസത്തോടെ വേദാദ്ധ്യയനം നടത്തണം. തനിക്കും ഗുരുവിനും വേണ്ട ഭക്ഷണം ഗ്രാമത്തില്‍ നിന്നു ഭിക്ഷയാചിച്ചു കൊണ്ടുവന്നു്‌ ഗുരുവിന്റെ അനുവാദത്തോടെ വേണം ഭക്ഷിക്കാന്‍ . സദാചാരപരമായി ഉന്നതനിലയിലായിരിക്കണം വിദ്യാര്‍ത്ഥിയുടെ ജീവിതം. അനാവശ്യമായി സ്ത്രീകളോട്‌ ഇടപെടുകയരുത്‌. സ്ത്രീ പുരുഷന് തീയ്‌ വെണ്ണയോടെന്നപോലെയാണ്‌. ഈ നിര്‍ദ്ദേശം ഒരുവന്‍ ആത്മസാക്ഷാത്ക്കാരം നേടുന്നതുവരെ പരിപാലിക്കണം. ദ്വന്ദ്വഭാവന നിശ്ശേഷം കത്തിച്ചാമ്പലാവുന്നതുവരെ ഇതു തുടരണം.

മേലുദ്ധരിച്ച ചിട്ടകള്‍ ഗൃഹസ്ഥനും ബാധകമാണ്‌. പക്ഷേ അവര്‍ക്ക്‌ നിര്‍ദ്ദിഷ്ടസമയങ്ങളില്‍ ഭാര്യയുമായി ലൈംഗികവേഴ്ച അനുവദിച്ചിട്ടുണ്ട്‌. വേദാദ്ധ്യയനം കഴിഞ്ഞ്‌ ഗുരുവിന്‌ ദക്ഷിണയും നല്‍കി വിദ്യാര്‍ത്ഥിക്ക്‌ ഗൃഹസ്ഥാശ്രമം സ്വീകരിക്കാവുതാണ്‌. അല്ലെങ്കില്‍ ഗുരുവിനോടൊപ്പം നിത്യബ്രഹ്മചാരിയായിക്കഴിയാനും വിധിയുണ്ട്‌. അതുമല്ലെങ്കില്‍ വാനപ്രസ്ഥവുമാവാം. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സംന്യാസിക്കും ഈശ്വരസാക്ഷാല്‍ക്കാരം പ്രാപ്യമാണ്‌. യാഗാഗ്നിയിലും ഗുരുവിലും തന്നിലും പഞ്ചഭൂതങ്ങളിലും ഭഗവാനെ ദര്‍ശിക്കുകയും ഭഗവാന്‍ അവകളിലൊന്നും ഒതുങ്ങി നില്‍ക്കുന്നതല്ലെന്നറിയുകയും വേണം. ആരാണോ വിധിയാംവണ്ണം ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ജീവിക്കുന്നത്, അവര്‍ക്ക്‌ ഈശ്വരസാക്ഷാല്‍ക്കാരമുണ്ടാവുന്നതാണ്‌.

വാനപ്രസ്ഥത്തിനിറങ്ങിയയാള്‍ പ്രകൃതിയുടെയും കാലാവസ്ഥയുടെയും രൂക്ഷതയെ നിസ്സങ്കോചം നേരിടണം . ഒരു കുടിലുണ്ടാക്കി അതില്‍ യാഗാഗ്നി കെടാതെ സൂക്ഷിക്കണം. യാഗാഗ്നിപൂജയും അവിടെ നടത്താം. പാചകം ചെയ്തതോ പച്ചയോ ആയ പച്ചക്കറികളോ, ആഹാരപദാര്‍ത്ഥങ്ങളോ കഴിക്കരുത്‌. സൂര്യതാപത്താല്‍ പാകപ്പെട്ട ഫലങ്ങള്‍ മാത്രം ഭക്ഷിക്കാം. ശരീരസംരക്ഷണത്തില്‍ താല്‍പ്പര്യമില്ലാതെയും നഖം, മുടി, ഇവ മുറിക്കാതെയും ശുചിത്വബോധം ഒഴിയാബാധയാകാതെയും അയാള്‍ കഴിയണം. ഈ വിധത്തില്‍ പന്ത്രണ്ടോ, എട്ടോ, നാലോ, രണ്ടോ, ഒരു വര്‍ഷമോ കഴിഞ്ഞുകൂടണം. എന്നാല്‍ ഈ പീഡനം കൊണ്ട്‌ ബുദ്ധി വികലമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

രണ്ടു മാര്‍ഗ്ഗങ്ങളാണ്‌ വാനപ്രസ്ഥക്കാരനുളളത്‌. സംന്യാസമെടുത്ത്‌ സഞ്ചാരം ചെയ്യാം. അല്ലെങ്കില്‍ യാഗാഗ്നിയെ സ്വയം സമര്‍പ്പിച്ച്‌ എന്റെ, ഞാന്‍, എന്നീ ചിന്തകള്‍ കളഞ്ഞു് എല്ലാ ഇന്ദ്രിയങ്ങളേയും അവയുടെ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ച്‌ അവയുടെ മൂലകാരണങ്ങളിലേക്കു വിലയിപ്പിക്കണം. അതിസൂക്ഷ്മങ്ങളായ വിശ്വഭൂതങ്ങളിലാണതു ലയിക്കുന്നത്‌. മനസ്‌ ചന്ദ്രനിലും ബുദ്ധി ബ്രഹ്മാവിലും ആത്മബോധം രുദ്രനിലും ചിത്തം വാസുദേവനിലും ജീവന്‍ പരബ്രഹ്മത്തിലും വിലയിപ്പിക്കണം. അതു കഴിഞ്ഞ്‌ ഭൂമിയെ ജലത്തിലും ജലത്തെ അഗ്നിയിലും അഗ്നിയെ വായുവിലും വായുവിനെ ആകാശത്തിലും ആകാശത്തെ അഹങ്കാരതത്വത്തിലും അഹത്തെ മഹത്തിലും അതിനെ അപ്രകടിതമായ സത്തിലും പിന്നീട്‌ പരബ്രഹ്മത്തിലും വിലയിപ്പിക്കണം. എന്നിട്ട്‌ ആത്മാവിനെ പരമാര്‍ത്ഥബോധമായി സാക്ഷാത്കരിച്ച്‌ വിറകില്ലാത്ത തീയ് പോലെ ശാന്തിയടയണം.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF