നാഹം നിന്ദേ നച സ്ത്മി സ്വഭാവവിഷമം ജനം
ഏതേഷാം ശ്രേയ ആശാസേ ഉതൈകാത്മ്യം മഹാത്മനി (7-13-42)
നാരദമുനി തുടര്‍ന്നു:
സാധിക്കുമെങ്കില്‍ വാനപ്രസ്ഥന്‍ അടുത്തപടിയായി ഭിക്ഷാംദേഹിയായി അലയുകയാണ് ഉത്തമം. ഒരു കൗപീനമൊഴികെ മറ്റൊരു വസ്ത്രവുമില്ലാതെ, യാതൊരു സമ്പത്തുമില്ലാതെ ലോകം മുഴുവന്‍ ചുറ്റിത്തിരിയണം. എന്നാല്‍ ഒരിടത്തും ഒരു രാത്രിയില്‍ കൂടുതല്‍ ചെലവഴിക്കുകയുമരുത്. ഭിക്ഷ യാചിച്ചുകൊണ്ട്, കിട്ടുന്നതുകൊണ്ടു ജീവിച്ച്, സ്വന്തമായി താമസസ്ഥലമില്ലാതെ, സര്‍വ്വരോടും സൗഹൃദഭാവത്തോടെ അയാള്‍ കഴിയണം. അയാളുടെ ഹൃദയം ഭഗവല്‍സ്മരണയാല്‍ സര്‍വ്വദാ ആഹ്ലാദപൂര്‍ണ്ണമായും ആന്തരദര്‍ശനത്തില്‍ സര്‍വ്വചരാചരങ്ങളും ഒന്നെന്ന അറിവുനിറഞ്ഞും അയാള്‍ ജീവിക്കുന്നു. സുഷുപ്തിയുടേയും ജാഗ്രദവസ്ഥയുടേയും ഇടക്ക് ആത്മാവിന്റെ സത്യസ്വഭാവം അയാള്‍ കണ്ടെത്തണം. അനിവാര്യമായ മരണത്തെ പ്രതീക്ഷിച്ചുകഴിയുകയോ ക്ഷണഭംഗുരമായ ജീവിതം നീട്ടിക്കിട്ടുവാന്‍ ആഗ്രഹിക്കുകയോ ചെയ്യാതെ അയാള്‍ തന്റെ കാലം കഴിക്കണം.
എല്ലാ ജീവസന്ധാരണ ജോലികളും ഉപേക്ഷിച്ച്, ശിഷ്യപരമ്പരകളെയൊന്നും തന്റെ കൂടെ ചേര്‍ക്കാതെ, ഐഹികമായ കര്‍മ്മങ്ങളൊന്നും ചെയ്യാതെയാണ് അയാള്‍ ജീവിക്കേണ്ടത്. എല്ലാവിധ വഴക്കുകളില്‍ നിന്നും അഭിപ്രായഭിന്നതകളില്‍ നിന്നും വിട്ടുനിന്നു് ഒരിടത്തും പക്ഷം ചേരാതെയിരിക്കുകയും വെറും പ്രഭാഷണങ്ങളില്‍ ഏര്‍പ്പെടാതെയിരിക്കുകയും വേണം. അയാള്‍ യാതൊരുവിധ ജോലികളും തുടങ്ങി വയ്ക്കേണ്ടതില്ല. സഞ്ചാരിയായ സംന്യാസിക്ക് ധര്‍മ്മപരിപാലനമോ മറിച്ചോ തന്റെ കടമയായിട്ടില്ല തന്നെ. അയാള്‍ തന്റെ കുലമോ മഹിമയോ ആത്മീയതയെയോ കുറിക്കുന്ന അടയാളങ്ങള്‍ ധരിക്കാനും ബാദ്ധ്യസ്ഥനല്ല. ഭ്രാന്തനെപ്പോലെയോ ലക്ഷ്യമേതുമില്ലാത്ത കുട്ടികളെപ്പോലെയോ അയാള്‍ അലയുന്നു. പ്രഹ്ലാദനും, ദിവ്യനായ ഒരു ബ്രാഹ്മണനും തമ്മിലുണ്ടായ സംഭാഷണം കേട്ടാലും.
ഒരിക്കല്‍ പ്രഹ്ലാദന്‍ മഹാത്മാക്കളുമായി സത്സംഗമുണ്ടാവാന്‍ തീര്‍ത്ഥയാത്ര പുറപ്പെട്ടു. വഴിയില്‍ ഒരു ബ്രാഹ്മണന്‍ പൊടി മൂടി മണ്ണില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ മഹിമ തിരിച്ചറിഞ്ഞ പ്രഹ്ലാദന്‍ ചോദിച്ചു.- മഹാത്മാവേ, അങ്ങയുടെ ശരീരം സുദൃഢവും കരുത്തേറിയതുമാണ്. കണ്ടാല്‍ സമ്പന്ന കുടുംബാംഗവുമാണ്. പക്ഷെ പുറത്തു നോക്കിയാല്‍ സഞ്ചാരിയായ ഒരു സംന്യാസിയാണങ്ങ്. ആരോഗ്യവാന്മാരായിട്ടുളളവര്‍ ലോകത്ത് പലേ വിധ ജോലികളിലേര്‍പ്പെട്ടു കഴിയുന്നു. എന്നാല്‍ അങ്ങെന്താണിവിടെ അലസനായി കിടക്കുന്നുത്?
ബ്രാഹ്മണന്‍ പറഞ്ഞു:
അനേക ജന്മങ്ങള്‍ പലേവിധ ജന്തുക്കളായി ജനിച്ചും മരിച്ചും ഭാഗ്യവശാല്‍ കിട്ടിയതാണീ മനുഷ്യ ജന്മം. ഈ ജന്മത്തില്‍ ആത്മസാക്ഷാത്ക്കാരം സാദ്ധ്യവുമാണ്. ഇന്ദ്രിയങ്ങള്‍ക്കടിമപ്പെട്ട്, സമ്പത്തുകള്‍ വാരിക്കൂട്ടിയ ഗൃഹസ്ഥരുടെ ദുരിതംനിറഞ്ഞ ജീവിതം ഞാന്‍ കണ്ടിരിക്കുന്നു . അവര്‍ തീര്‍ച്ചയായും സുഖകാംക്ഷികളാണ്, തെറ്റായ മാര്‍ഗ്ഗത്തിലാണെന്നു മാത്രം. ആനന്ദം ആത്മാവിലാണ്. ആളുകള്‍ തിരയുന്ന വസ്തുക്കളിലല്ല. മരീചികയില്‍നിന്നു ദാഹജലം തിരയുന്ന മനുഷ്യന്‍ അടുത്തുളള താമരപ്പൊയ്കയെ അവഗണിക്കുന്നു. സമ്പത്ത് ഭയമുണ്ടാക്കുന്നു. തേനീച്ച സമാഹരിച്ചുവയ്ക്കുന്ന തേനെടുക്കാനായി മറ്റുളളവര്‍ അതിനെ കൊല്ലുന്നു. എന്നാല്‍ ഒരു പെരുമ്പാമ്പ് ഭയരഹിതനാണ്. കിട്ടുന്നതെന്തും ഭക്ഷിക്കുന്നു. അല്ലലില്ലാത്ത ജീവതമാണ് അതു നയിക്കുന്നത്. അതുകൊണ്ട് ഞാന്‍ പെരുമ്പാമ്പിന്റെ ജീവിതമാണു സ്വീകരിച്ചിരിക്കുന്നത്. – ഞാന്‍ ഐഹികജീവിതം നയിക്കുന്നവരെ അനുമോദിക്കുകയോ അപലപിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ അവരും ഭഗവദ്‍മാര്‍ഗ്ഗത്തില്‍ ഒന്നായിത്തീരുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആത്മാവിലേക്ക് മുഖം തിരിച്ചു നോക്കിയാല്‍ നാനാത്വഭാവം അതിന്റെ സ്രഷ്ടാവായ മനസ്സില്‍ അലിഞ്ഞുപോവുന്നതു കാണാം. ഉണ്മ സ്വയംപ്രഭമത്രേ. ഇതുകേട്ട് പ്രഹ്ലാദന്‍ പ്രബുദ്ധനായി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF