സ ത്വം നോ ദര്‍ശയാത്മാനമസ്മത്കരണഗോചരം
പ്രപന്നാനാം ദി ദൃക്ഷൂണാം സസ്മിതം തേ മുഖാംബുജം (8-5-45)
തൈസ്തൈഃ സ്വേച്ഛാധൃതൈ രൂപൈഃ കാലേ കാലേ സ്വയം വിഭോ
കര്‍മ്മ ദുര്‍വ്വിഷഹം യന്നോ ഭഗവാംസ്തത് കരോതിഹി (8-5-45)
ശുകമുനി തുടര്‍ന്നു:
അഞ്ചാമത്തെ മന്വന്തരം രൈവതമനുവിന്റെ നേതൃത്വത്തിലായിരുന്നു. അപ്പോള്‍ ഭഗവാന്‍ വൈകുണ്ഡനായി അവതരിച്ചു. ആറാമത്തെ മന്വന്തരത്തില്‍ ചക്ഷുവിന്റെ മകന്‍ ചക്ഷുഷന്‍ നേതൃത്വം വഹിച്ചപ്പോള്‍ ഭഗവാന്‍ ഭാഗികമായി, അജിതനായവതരിച്ചു (വൈരാജന്റേയും സംഭൂതിയുടേയും പുത്രന്‍). അജിതനാണ് ആമയായി അവതരിച്ച് ദേവാസുരന്മാര്‍ പാലാഴി കടയുമ്പോള്‍ മന്ദര പര്‍വ്വതത്തെ താങ്ങി നിര്‍ത്തിയത്. രാജാവേ, അമൃത് കണ്ടെത്തും മുന്‍പ് ദേവന്മാര്‍ അമരന്മാരായിരുന്നില്ല. എപ്പോഴെല്ലാം ദേവാസുരന്മാര്‍ യുദ്ധം ചെയ്തുവോ അപ്പോഴെല്ലാം അസുരന്മാര്‍ ദേവന്മാരെ കൊന്നൊടുക്കി. ധാര്‍മ്മികത അധഃപതിക്കുകയും ചെയ്തു.
ഈ അവസ്ഥയില്‍ മനംനൊന്ത ഇന്ദ്രന്‍, വരുണന്‍ തുടങ്ങിയ ദേവന്മാര്‍ സ്രഷ്ടാവായ ബ്രഹ്മാവിനെ സമീപിച്ചു. കുറച്ചുനേരം പരംപൊരുളായ ഭഗവാനെ ധ്യാനിച്ചശേഷം ബ്രഹ്മാവ് പറഞ്ഞു: ഈ വിശ്വം മുഴുവന്‍ ഉരുത്തിരിഞ്ഞിരിക്കുന്നത് ആ പരംപൊരുളിന്റെ ഒരംശത്തില്‍ നിന്നാണ്. അതുകൊണ്ട് നമുക്കാ ഭഗവാന്റെ തുണയ്ക്കായി പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിന് ശത്രുവോ മിത്രമോ ഇല്ല. കാലാകാലങ്ങളില്‍ സത്വരജസ്തമോഗുണങ്ങള്‍ സ്വീകരിച്ച് എല്ലാ ജീവികള്‍ക്കും അദ്ദേഹം ക്ഷേമമരുളുന്നു. തന്റെ തുലോം വിചിത്രവും ഗഹനവുമായ രീതികളിലാണെന്നു മാത്രം. ഇപ്പോള്‍ അവിടുന്ന് സത്വഗുണം സ്വീകരിച്ചിരിക്കുന്നു. അതായത് സ്ഥിതി നിലനിര്‍ത്തല്‍. ഇതാണ് അദ്ദേഹത്തില്‍ അഭയം തേടാനുളള ശുഭസമയം. അതിനാല്‍ അവര്‍ അജിതന്റെയടുത്തുപോയി ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
ഞങ്ങളുടെയെല്ലാം ഇന്ദ്രിയങ്ങളേയും മനസ്സിനേയും ഇമചിമ്മാതെ വീക്ഷിച്ച് സാക്ഷീഭാവത്തില്‍ നില്‍ക്കുന്ന ഭഗവാനെ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു. ജീവന്റെ ഏറ്റവും അടുത്തുളളതും സുഹൃത്തും, ജീവനു സാക്ഷാത്ക്കാരമേകാന്‍ ധ്യാനിക്കേണ്ടതുമെല്ലാം അവിടുന്നു തന്നെ. സാത്വികഭാവത്തില്‍ നിന്നുണ്ടായ ഞങ്ങളടക്കം സൃഷ്ടിക്കപ്പെട്ട ഒന്നിനും അവിടുത്തെ ശരിയായ ഉണ്മയെ മനസ്സിലാക്കുക അസാദ്ധ്യം. അങ്ങനെ നിസ്സീമമായ മഹത്വമുളള അവിടുന്ന് ഞങ്ങളെ രക്ഷിക്കട്ടെ. ആ ഭഗവാന്റെ കാലുകളാണ് ഭൂമി. വായ അഗ്നി. കണ്ണുകള്‍ സൂര്യന്‍. ശ്വാസോഛ്വാസം വായു. കേള്‍വി ആകാശം. ആ ഭഗവാന്റെ ശക്തിയില്‍നിന്നു ഇന്ദ്രനും, ബുദ്ധിയില്‍നിന്നു ബ്രഹ്മാവും, ലിംഗത്തില്‍നിന്നു സ്രഷ്ടാവും, ഹൃദയത്തില്‍നിന്നു ലക്ഷ്മിയും മാറിടത്തില്‍നിന്നു ധര്‍മ്മവും, നിഴലില്‍നിന്നു പിതൃക്കളും, പുറത്തുനിന്നു അധര്‍മ്മവും, വായില്‍നിന്നു ബ്രാഹ്മണരും, കൈകളില്‍നിന്നു ക്ഷത്രിയരും, തുടകളില്‍നിന്നു വൈശ്യരും, പാദങ്ങളില്‍നിന്നു ശൂദ്രരും കീഴ്ചുണ്ടില്‍നിന്നു അത്യാര്‍ത്തിയും, മേല്‍ചുണ്ടില്‍നിന്നു പ്രേമവും, കണ്‍പുരികങ്ങളില്‍ നിന്നു യമരാജനും ഉണ്ടായി. അവിടുത്തെ ശരീരം ഈ പറഞ്ഞവയും മറ്റു പലതും ഉള്‍ക്കൊളളുന്നു.
ഭഗവന്‍, അവിടുത്തെ ദര്‍ശനഭാഗ്യം തരാനുളള കൃപയുണ്ടാവണേ. അവിടുന്നാണ് പലേവിധ രൂപങ്ങളില്‍ അവതരിക്കുന്നുതും ഞങ്ങളുടെ കഴിവുകള്‍ക്കതീതമായ കര്‍മ്മം ചെയ്യുന്നുതുമെല്ലാം. അതിനാല്‍ അവിടുത്തേക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുളള കര്‍മ്മങ്ങളാണ് ഉത്തമമെന്ന് ഞങ്ങള്‍ കരുതുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF