തസ്മിന്‍ പ്രവിഷ്ടേഽസുര കൂടകര്‍മ്മജാ
മായാ വിനേശുര്‍മ്മഹിനാ മഹീയസഃ
സ്വപ്നോ യഥാ ഹി പ്രതിബോധ ആഗതേ
ഹരിസ്മൃതിഃ സര്‍വവിപദ്വിമോക്ഷണം (8-10-55)
ശുകമുനി തുടര്‍ന്നു:
ദേവന്മാരും അസുരന്മാരും ഒത്തൊരുമിച്ച് പ്രയത്നിച്ചതിന്റെ ഫലമായാണ് അമൃതു ലഭിച്ചത്. എങ്കിലും അസുരന്മാര്‍ക്ക് അതിന്റെ പ്രയോജനം കിട്ടാതെ പോയി. കാരണം, അവര്‍ ഭഗവാന്‍ വാസുദേവനില്‍നിന്നും അകന്നു പോയിരുന്നുവല്ലോ. അവതാരോദ്ദേശ്യം നിറവേറ്റി ഭഗവാന്‍ അപ്രത്യക്ഷനായി.
ഇഛാഭംഗിതരായ രാക്ഷസന്മാര്‍ ദേവന്മാര്‍ക്കെതിരായി യുദ്ധം തുടങ്ങി. മുന്‍പൊക്കെ അവര്‍ക്ക് ദേവന്മാരെ നിഷ്പ്രയാസം ഞെരിച്ചമര്‍ത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോരാട്ടത്തിന്റെ ഗതിയാകെ മാറിയിരിക്കുന്നു. അമൃതുകൊണ്ടും ഭഗവല്‍കൃപകൊണ്ടും ദേവന്മാര്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു.
അസുരന്മാര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ ഇപ്പോള്‍ അവര്‍ക്ക് സാധിക്കുന്നു. ഇരമ്പി വരുന്ന രണ്ടു സമുദ്രങ്ങള്‍ കൂട്ടിമുട്ടുന്നതുപോലെ ഭയാനകമായിരുന്നു രണ്ടു പടകളും അടുത്തു വരുമ്പോള്‍. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും അവരവരുടെ സ്ഥാനചിഹ്നങ്ങളും മറ്റു പരിവാരങ്ങളും ഉണ്ടായിരുന്നു. ദേവന്മാരാല്‍ ചുറ്റപ്പെട്ട് ഐരാവതത്തിന്റെ പുറത്തിരുന്നു് ഇന്ദ്രന്‍, സൂര്യനെപ്പോലെ തിളങ്ങി. ഇന്ദ്രനെ ബലി ആക്രമിച്ചു. മറ്റസുരന്മാര്‍ ഓരോ ദേവന്മാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ആനകള്‍, കുതിരകള്‍, മുറിച്ചെറിയപ്പെട്ട തലകള്‍, കബന്ധങ്ങള്‍ എന്നിവ യുദ്ധക്കളത്തില്‍ ചിതറിക്കിടന്നു. അവിടവിടെ, കൈകളിലായുധമേന്തിയ കബന്ധങ്ങള്‍ ഓടിനടന്നു. ശരീരമില്ലാത്ത തലകള്‍ യുദ്ധവീരന്മാരെ നോക്കി കിടക്കുകയും ചെയ്തു.
ബലി ഇന്ദ്രനുനേരെ പത്ത് അസ്ത്രങ്ങള്‍ വിക്ഷേപിച്ചു. മൂന്നെണ്ണം ആനയ്ക്കു നേരെ. ആനയുടെ നാലു കാവല്‍ക്കാര്‍ക്കും നേരെ ഓരോന്നു്. ആനക്കാരനു നേരെ ഒരെണ്ണം എന്നിങ്ങനെ ബലി അമ്പയച്ചു. ഇന്ദ്രന്‍ അവയെയെല്ലാം തന്റെ ആയുധം കൊണ്ടു മുറിച്ചുകളഞ്ഞു. ബലി തന്റെ ആഗ്നേയാസ്ത്രം പുറത്തെടുത്തു. അത് വിക്ഷേപിക്കും മുന്‍പ് ഇന്ദ്രന്‍ ബലിയുടെ കയ്യില്‍നിന്നും അതിനെ തെറിപ്പിച്ചു കളഞ്ഞു. ബലി പിന്നീട് തന്റെ മായാശക്തി പ്രയോഗിച്ചു. ദേവന്മാര്‍ക്ക് മുകളില്‍ വലിയൊരു പര്‍വ്വതം പ്രത്യക്ഷപ്പെട്ടു. അവയില്‍നിന്നും കത്തിയെരിഞ്ഞ മരങ്ങളും കടുവകളും സിംഹങ്ങളും ദുരാത്മാക്കളും വന്നു് ദേവന്മാരെ പീഡിപ്പിക്കാന്‍ തുടങ്ങി. ഈ പൈശാചികമായ മന്ത്രവാദത്തെ നേരിടാന്‍ ദേവന്മാര്‍ക്കായില്ല. ഉടനേ ഭഗവാന്‍ യുദ്ധക്കളത്തില്‍ പ്രത്യക്ഷനായി. ആ നിമിഷം, അസുരന്മാരുണ്ടാക്കിയ എല്ലാ മായാജാലങ്ങളും അപ്രത്യക്ഷമായി. കാരണം, ഭഗവല്‍സ്മരണമാത്രയില്‍ത്തന്നെ ജീവിതത്തിലെ വൈതരണികള്‍ തരണം ചെയ്യാന്‍ സാധിക്കുമല്ലോ. കാലനേമി എന്ന അസുരന്‍ ഒരു സിംഹത്തെ ഭഗവാനുനേരെ വിട്ടു. ഭഗവാന്‍ കാലനേമിയേയും സിംഹത്തേയും വധിച്ചു. മറ്റു പല അസുരന്മാരും ഭഗവാന്റെ കൈകളാല്‍ മരണപ്പെട്ടു. മാലി, സുമാലി, മാല്യവാന്‍ എന്നീ അസുരപ്രമുഖര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF