മനവോ മനുപുത്രാശ്ച മുനയശ്ച മഹീപതേ
ഇന്ദ്രാഃ സുരഗണാശ്ചൈവ സര്‍വ്വേ പുരുഷശാസനാഃ (8-14-2)
സ്തൂയമാനോ ജനൈരേഭിര്‍മ്മായയാ നാമരൂപയാ
വിമോഹിതാഭിര്‍ന്നാനാദര്‍ശനൈര്‍ന്ന ച ദൃശ്യതേ (8-14-10)

പരീക്ഷിത്തിന്റെ ഒരു ചോദ്യത്തിനു മറുപടിയായി ശുകമുനി പറഞ്ഞു:
മനുക്കളും അവരുടെ പുത്രന്മാരും ദേവന്മാരും അവരുടെ രാജാവായ ഇന്ദ്രനും മാമുനികളും എല്ലാവരും ഭഗവാന്റെ നിയന്ത്രണത്തിന്‍ കീഴിലാണ്‌. ഓരോ ലോകചക്രത്തിലും ഭഗവാന്‍ ഒരംശാവതാരമായെങ്കിലും അവതരിച്ച്‌ മനുവിനെ ധര്‍മ്മപാതയില്‍ നയിക്കുന്നു. അങ്ങനെ മനു, നിയമങ്ങളും ധര്‍മ്മവും പരിപാലിക്കുന്നു. നാലു ഘടകങ്ങളുളള ധര്‍മ്മപാതയില്‍ ‍- തപസ്സ്, പരിശുദ്ധി ദയ, സത്യം – ജനത്തെ നയിക്കുന്നു. രാജാക്കന്മാര്‍ ധര്‍മ്മത്തേയും ധാര്‍മ്മികാചാരങ്ങളേയും പരിരക്ഷിക്കുന്നു. ദേവതകള്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്ന യാഗാര്‍ഘ്യം സ്വീകരിച്ച്‌ സംതൃപ്തരായി ജനങ്ങള്‍ക്ക്‌ ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നു.

ഭഗവാന്‍ സ്വയം മാമുനികള്‍മുഖേന ജനത്തിന്‌ വിജ്ഞാനവും വിവേകവും ഉണ്ടാക്കുന്നു. ഭഗവല്‍കിരണങ്ങള്‍ തന്നെയാണല്ലോ ഋഷികള്‍. യാഗാചാരക്രമങ്ങള്‍ ജനത്തെ പഠിപ്പിക്കുന്നതും മറ്റു മുനിമാര്‍ വഴി ഭഗവാനല്ലാതെ മറ്റാരുമല്ല. യോഗാഭ്യാസഗുരുക്കന്മാര്‍ വഴി ആത്മസാക്ഷാത്ക്കാരമാര്‍ഗ്ഗവും മറ്റും പഠിപ്പിക്കുന്നതും അതേ ഭഗവാന്‍ തന്നെ. സൃഷ്ടിക്കപ്പെട്ടവയിലെ ഭഗവാനായി വാണരുളി സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുന്നതും ഭഗവാനത്രെ.

പലേവിധത്തിലുളള നാമരൂപങ്ങളാല്‍ ഭഗവാന്റെ മഹിമകള്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും മായാവലയത്തിനകപ്പെട്ടതിനാല്‍ മനുഷ്യര്‍ക്ക്‌ ഭഗവാനെ സാക്ഷാത്ക്കരിക്കാനാവുന്നില്ല.

(മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ധര്‍മ്മത്തെ കാലപരിധിയില്‍നിന്നും മോചിപ്പിക്കുന്നു. എല്ലാ കാലത്തും അതാതു ഗുരുക്കന്മാരും, നിയമകര്‍ത്താക്കളും – ഭഗവദ്‌ അംശങ്ങള്‍ തന്നെ – ഉണ്ടായിരുന്നു. ധര്‍മ്മത്തെ സ്ഥലപരിധിയില്‍നിന്നും മോചിപ്പിക്കുന്നു. ഭൂമിയില്‍ മാത്രമല്ല വിശ്വത്തിന്റെ എല്ലാ അംശങ്ങളിലും അതാതിടത്തിന്റെ ഗുരുക്കന്മാരും നിയമകര്‍ത്താക്കളും ഉണ്ട്‌. അങ്ങനെ ധര്‍മ്മം, വിശ്വതോന്മുഖമത്രെ. ഏതാണോ മനുഷ്യനെ വിശ്വതോന്മുഖവും ഏകവുമായ സാക്ഷാത്കാരത്തിലേക്ക്‌ നയിക്കുന്നത്, അതത്രെ ധര്‍മ്മം. മറ്റെല്ലാം ബന്ധനങ്ങളത്രെ.)

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF