പ്രളയപയസി ധാതുഃ സുപ്ത ശക്തേര്‍മുഖേഭ്യഃ
ശ്രുതിഗണമപനീതം പ്രത്യുപാദത്ത ഹത്വാ
ദിതിജമകഥയദ്യോ ബ്രഹ്മ സത്യവ്രതാനാം
തമഹമഖിലഹേതും ജിഹ്മമീനം നതോഽസ്മി. (8-24-61)

പരീക്ഷിത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച്‌ ശുകമുനി, ഭഗവാന്റെ മത്സ്യാവതാരത്തെക്കുറിച്ച്‌ പറഞ്ഞുഃ ഭഗവാന്‍ കാലാകാലങ്ങളില്‍ സജ്ജനങ്ങളുടേയും ഋഷിമുനിമാരുടേയും ദേവന്മാരുടേയും, പൊതുവില്‍ ധര്‍മ്മത്തിന്റേയും സംരക്ഷക്കായി ഒരു ശരീരം സ്വീകരിച്ചവതരിക്കുന്നു. അങ്ങനെയുളള അവതാരങ്ങള്‍ കൊണ്ട്‌ ഭഗവാനു് ഒരു മാറ്റവും ഉണ്ടാകുന്നില്ല. കാരണം, അവിടുന്ന് ത്രിഗുണാതീതനത്രെ. മനുഷ്യനായോ, മനുഷ്യനുപരിയുളള ജീവിയായോ, ഉപമനുഷ്യനായോ അവതരിച്ചാലും ഭഗവാനെ അതു ബാധിക്കുന്നില്ല.

കഴിഞ്ഞ ലോകചക്രം – ചതുര്‍യുഗം – കഴിഞ്ഞ്‌ സ്രഷ്ടാവ്‌ തന്റെ ജോലയിയില്‍നിന്നു്‌ വിരമിച്ചിരുന്നു. വിശ്വപ്രളയം എല്ലായിടവും നിറഞ്ഞു. ഹയഗ്രീവന്‍ എന്ന രാക്ഷസന്‍ വേദങ്ങളെ മുഴുവന്‍ കൊണ്ടുപോയി. ഇതിനു മുന്‍പൊരു സത്യവ്രതന്‍ എന്ന രാജാവ്‌ കൃതമാലാ നദിക്കരയില്‍ പിതൃക്കള്‍ക്ക്‌ തര്‍പ്പണം നടത്തുന്ന അവസരത്തില്‍ ഭഗവാന്‍ ഒരു ചെറുമീനായി പ്രത്യക്ഷപ്പെട്ടു. അത്‌ രാജാവിനോട്‌ സംരക്ഷണം ആവശ്യപ്പെട്ടു. രാജാവ്‌ അതിനെ തന്റെ കമണ്ഡലുവിലാക്കി വച്ചു. പക്ഷേ അത്‌ പെട്ടെന്നു് വലുതാവാന്‍ തുടങ്ങി. രാജാവ്‌ മത്സ്യത്തെ ഒരു തടാകത്തിലേക്ക്‌ മാറ്റി. അവിടെയും അത്‌ വളരെ വലുതായി. അവസാനം രാജാവതിനെ സമുദ്രത്തിലേക്ക്‌ കൊണ്ടുപോയി. അവസാനം രാജാവിനു മനസിലായി, മത്സ്യമായി അവതരിച്ചിരിക്കുന്നത്‌ ഭഗവാന്‍ തന്നെയാണെന്നു്.

മത്സ്യം രാജാവിനോട്‌ പറഞ്ഞുഃ
ഇന്നേക്ക്‌ ഏഴാം ദിവസം, ലോകം മുഴുവന്‍ പ്രളയത്തിലാണ്ടുപോവും. എന്നാല്‍ സമുദ്രത്തില്‍ വലിയൊരു കപ്പല്‍ കാണാകും. അതിലേക്ക്‌ മാമുനിമാരും എല്ലാ സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും ഓരോ ഇണകളുമായി കയറുക. അവിടെ കൊമ്പുളെളാരു കടല്‍പ്പന്നിയായി ഞാനുണ്ടാവും. കപ്പലിനെ ആ കൊമ്പില്‍ ബന്ധിക്കുക. ഞാന്‍ എല്ലാവരേയും സംരക്ഷിച്ചുകൊളളാം. അങ്ങനെ മഴയും പ്രളയവും വന്നു. കപ്പലും സമാഗതമായി. രാജാവ്, ഭഗവാന്റെ കല്‍പ്പനപോലെത്തന്നെ എല്ലാവരേയും കയറ്റി തയ്യാറായി. ദിവ്യമത്സ്യവും അവിടെ എത്തി. രാജാവ്‌ കപ്പലിനെ മത്സ്യത്തിന്റെ കൊമ്പില്‍ ബന്ധിച്ചു.

ഭഗവല്‍സംരക്ഷണത്തില്‍ സുരക്ഷാബോധത്തോടെ രാജാവ്‌ പ്രാര്‍ത്ഥിച്ചുഃ
ഭഗവാനേ, വിഡ്ഢികള്‍ അജ്ഞതാബന്ധനത്തിന്റെ ശക്തികൊണ്ട്‌ വിവിധ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. സുഖത്തിനുവേണ്ടി ഇങ്ങനെ പരിശ്രമിക്കുന്തോറും സുഖം അവരില്‍ നിന്നകന്നു പോകുന്നു. അജ്ഞാനിയായ ഒരുവന്‍ മറ്റൊരജ്ഞാനിയെ ഗുരുവായി സ്വീകരിച്ച്‌ അവിവേകോപദേശമനുസരിച്ച്‌ ജീവിക്കുന്നു. അതുകൊണ്ട്, ഞങ്ങള്‍ ഒരിക്കലും നശിക്കാത്ത വിവേകവിജ്ഞാനത്തിന്റെ ഉറവിടമായ പരമഗുരുവിനെത്തന്നെ ശരണം പ്രാപിച്ചിരിക്കുന്നു. അജ്ഞതാബന്ധമറുത്ത്‌ ഞങ്ങളുടെ ഹൃദയത്തെ മുക്തമാക്കാനുളള മാര്‍ഗ്ഗമേതെന്നു് ഞങ്ങളെ പഠിപ്പിച്ചാലും.

ഭഗവാന്‍ അവര്‍ക്ക്‌ സാംഖ്യയോഗവും പുരാണവും പഠിപ്പിച്ചുകൊടുത്തു. ബ്രഹ്മാവ്‌ നിദ്രയില്‍ നിന്നുണര്‍ന്നപ്പോള്‍ ഭഗവാന്‍ വേദം (ഹയഗ്രീവനില്‍ നിന്നു്‌ വീണ്ടെടുത്തത്‌) പുനഃസ്ഥാപിച്ച്‌ നല്‍കി. സത്യവ്രതന്‍ വൈവസ്വത മനുവായി. മത്സ്യാവതാരമെടുത്ത്‌ ഉന്നത വിജ്ഞാനം പഠിപ്പിച്ച ആ ഭഗവാനെ ഞങ്ങള്‍ നമസ്കരിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF