വയം ഹി ബ്രാഹ്മണാസ്താത ക്ഷമയാര്‍ഹണതാം ഗതാഃ
യയാ ലോകഗുരുര്‍ദ്ദേവഃ പാരമേഷ്ഠ്യമഗാത് പദം (9-15-39)
ക്ഷമയാ രോചതേ ലക്ഷ്മീര്‍ബ്രാഹ്മീ സൌരീ യഥാ പ്രഭാ
ക്ഷമിണാമാശു ഭഗവാംസ്തുഷ്യതേ ഹരിരീശ്വരഃ (9-15-40)
ശുകമുനി തുടര്‍ന്നുഃ
പുരൂരവസ്സിന്റെ പിന്‍തലമുറക്കാരിലൊരാളായിരുന്നു ഗാധി. കുശാംബുവിന്റെ പുത്രന്‍. ഗാധിക്ക് സത്യവതി എന്നൊരു മകളുണ്ടായിരുന്നു. ഋചികമുനിക്ക് സത്യവതിയെ വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ മുനിക്കതിനു യോഗ്യതയുണ്ടോ എന്ന സംശയത്താല്‍ ഗാധി അദ്ദേഹത്തോട് ആയിരം കുതിരകളെ ആവശ്യപ്പെട്ടു. ഋചികന്‍ വരുണനില്‍ നിന്നു് ആയിരം കുതിരകളെ വാങ്ങി രാജാവിന് നല്‍കി. സത്യവതിയെ പാണിഗ്രഹണം ചെയ്തു. സത്യവതിക്കും അവളുടെ അമ്മയ്ക്കും പുത്രലാഭത്തിനു ആഗ്രഹമുണ്ടായി. അതിനായി ഋചികമുനി മന്ത്രമുച്ചരിച്ച് ചരുവുണ്ടാക്കി (അന്നംകൊണ്ടുളള പാചകം). മകള്‍ക്ക് ഒരു ബ്രാഹ്മണ കുമാരനും അമ്മയ്ക്ക് ഒരു വില്ലാളിവീരനും ജനിക്കണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാല്‍ മുനി തന്റെ ഭാര്യയോട് പ്രത്യേകസ്നേഹം കാണിക്കുമെന്നു കരുതി അമ്മ മകള്‍ക്കുളള വിഹിതം ഭക്ഷിച്ചു കളഞ്ഞു. സത്യവതി ഇതറിഞ്ഞു ദുഃഖിതയായി. ഋചികന്‍ ഇതുമൂലമുണ്ടാവുന്ന ഭവിഷ്യത്തിനെപ്പറ്റി പറയുകയും ചെയ്തു. ഒരു വരമെന്ന നിലയില്‍ തന്റെ മകനല്ല മകന്റെ മകനായിരിക്കും പരാക്രമിയായ യോദ്ധാവ് എന്ന് ഋചികന്‍ അറിയിച്ചു. ഈ പൗത്രനാണ് പരശുരാമന്‍.
ഈ സമയത്ത് അര്‍ജുനന്‍ എന്ന പേരായ ഒരു ചക്രവര്‍ത്തിയുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം കളിയായി രാവണനെ പിടിച്ചു കെട്ടുകയുണ്ടായി. ഈ കാര്‍ത്തവീര്യാര്‍ജുനന്‍ കാട്ടില്‍ അലയുമ്പോള്‍ ജമദഗ്നിമുനിയുടെ ആശ്രമം ശ്രദ്ധയില്‍ പെട്ടു. പരശുരാമന്റെ അച്ഛനാണ് ജമദഗ്നി. രാജാവിന് ഉചിതമായ സദ്യയും സല്‍ക്കാരവും ആശ്രമത്തില്‍ നിന്നു ലഭിച്ചു. ജമദഗ്നിമുനി സര്‍വ്വാഭീഷ്ടപ്രദയായ കാമധേനുവിന്റെ സഹായത്തോടെയാണ് വിരുന്നൊരുക്കിയത്. രാജാവിന് മുനിയുടെ കൈവശമുളള കാമധേനുവില്‍ ആഗ്രഹം ജനിച്ചു. അളവറ്റ സമ്പത്തിന്റെ ഉറവിടമാണല്ലോ ആ ദിവ്യമായ പശു. അര്‍ജുനന്‍ ബലപ്രയോഗം നടത്തി പശുവിനെ കൊണ്ടുപോയി. പരശുരാമന്‍ ഈ വിവരമരിഞ്ഞ് കോപിഷ്ഠനായി. തന്റെ മഴുവുമെടുത്ത് രാജാവിന്റെ നേര്‍ക്ക് പാഞ്ഞു.
തന്റെ നേര്‍ക്ക് ആക്രമണത്തിനൊരുങ്ങുന്ന തേജസ്സുറ്റ ബ്രാഹ്മണനെ കണ്ട് അര്‍ജുനന്‍ തന്റെ വീരസേനകളെ പോരിനയച്ചു. പരശുരാമന്‍ സേനയെ തുരത്തിയോടിച്ചു. അര്‍ജുനനും പരശുരാമനും നേര്‍ക്കു നേരെയായി യുദ്ധം. രാജാവയച്ച ചാട്ടുളികള്‍ എല്ലാം പരശുരാമന്‍ തടുത്തു. അര്‍ജുനന്റെ അനേകം കൈകളും കാലുകളുമെല്ലാം പരശുരാമന്‍ വെട്ടിയെറിഞ്ഞു. അവസാനം തലയുമറുത്തെടുത്തു. പശുവിനേയും കൊണ്ട് അദ്ദേഹം അച്ഛന്റെയടുക്കല്‍ ചെന്നു. അദ്ദേഹം സന്തുഷ്ടനായില്ലെന്നു മാത്രമല്ല ഇങ്ങനെ ഗുണദോഷിക്കുകയും ചെയ്തു.
“മകനേ, ബ്രാഹ്മണര്‍ അവരുടെ ബഹുമാന്യതയുണ്ടാക്കിയെടുത്തിട്ടുളളത് ക്ഷമാഗുണംകൊണ്ടും സഹനശക്തികൊണ്ടുമാണ്. സ്രഷ്ടാവായ ബ്രഹ്മാവുപോലും ഈ ഗുണമഹിമകള്‍ കൊണ്ടാണ് നിലകൊളളുന്നത്. ക്ഷമാശീലമാണ് ബ്രാഹ്മണരുടെ ആത്മീയസമ്പത്ത്. അതിനാല്‍ ഭഗവല്‍ പ്രീതിയുണ്ടാവുന്നു. ഒരു രാജാവിനെ കൊല്ലുന്നത് ബ്രാഹ്മണനെ കൊല്ലുന്നതിനേക്കാള്‍ ഹീനമായ പ്രവൃത്തിയാണ്. അതുകൊണ്ട് ഈ പാപപരിഹാരത്തിനായി ഭഗവത്‍ക്ഷേത്രങ്ങളുളള പുണ്യഭൂമികളിലേക്ക് ഒരു തീര്‍ത്ഥാടനം തുടങ്ങുക.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF