യദാ ഹ്യധര്‍മ്മേണ തമോധിയോ നൃപാ
ജീവന്തി തത്രൈഷ ഹി സത്വതഃ കില
ധത്തേ ഭഗം സത്യമൃതം ദയാം യശോ
ഭവായ രൂപാണി ദധദ്യുഗേ യുഗേ (1-10-25)
സൂതന്‍ തുടര്‍ന്നു:
ദുര്‍വൃത്തികളായവരെ കീഴടക്കി ധര്‍മ്മിഷ്ടനായ യുധിഷ്ഠിരനെ രാജാവാക്കി വാഴിച്ചതില്‍ ശ്രീകൃഷ്ണന്‍ സംതൃപ്തനായി. യുധിഷ്ഠിരനാകട്ടെ ഭീഷ്മപിതാമഹന്റെ ഉപദേശവാക്കുകള്‍കേട്ട് മനോവിഷമം മാറി രാജ്യത്തെ നീതിയുടേയും പ്രേമത്തിന്റേയും പാതയില്‍ നയിച്ചുപോന്നു. ദേവതകള്‍ സംപ്രീതരാവുകയും നാട്ടില്‍ ഐശ്വര്യത്തിന്റെ മന്ദഹാസം വിടരുകയും ചെയ്തു. ദുഷ്ടതകള്‍ക്ക് അറുതിവന്നതോടെ ജനത്തിന്റെ മാനസികവും കായികവുമായ ആരോഗ്യം വീണ്ടുകിട്ടി. ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ അനുവാദത്തോടെ ഭാരതത്തിന്റെ പടിഞ്ഞാറേതീരത്തുളള തന്റെ രാജ്യമായ ദ്വാരകയിലേക്ക് പുറപ്പെട്ടു. ആ വേര്‍പാട് പാണ്ഡവര്‍ക്കും കൃഷ്ണനും ഒരുപോലെ വേദനാജനകമായിരുന്നു. കൃഷ്ണകഥകള്‍ കേള്‍ക്കുന്നുവനുപോലും ആകഥകള്‍ എത്രകേട്ടാലും മതിവരില്ല. പാണ്ഡവര്‍ക്കാകട്ടെ ആ കൃഷ്ണനെ നേരിട്ട് അടുത്തറിയാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്കതെങ്ങനെ സഹിക്കാനാകും? എന്നിലും അതായിരുന്നു വിധി.
പാണ്ഡവര്‍ കൃഷ്ണന് വമ്പിച്ചൊരു യാത്രയയപ്പ് നല്‍കി. അവര്‍ ഹസ്തിനപുരത്തിന്റെ അതിര്‍ത്തിവരെ അദ്ദേഹത്തെ പിന്തുടര്‍ന്നുചെന്ന് യാത്രാമംഗളം നേരുകയും ചെയ്തു. ഭഗവല്‍പ്രേമികളായ സാധുഗ്രാമീണസ്ത്രീകള്‍ ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ട് അവിടുത്തെ അപദാനങ്ങള്‍ ഇങ്ങനെ വാഴ്ത്തി.
അല്ലയോ സുഹൃത്തേ, ഇതു പരമാത്‌വായ നിന്തിരുവടിതന്നെയല്ലയോ? സര്‍വതിന്റെയും സൃഷ്ടി സ്ഥിതി സംഹാരകാരണഭൂതനായ അവിടുന്ന് വിശ്വത്തിനധിപനാണല്ലോ. മഹാമുനിമാരും മഹാത്മാക്കളും ദിവസവും പാടിപ്പുകഴ്ത്തുന്ന ആ ഭഗവാന്‍ ഇതുതന്നെയല്ലയോ? വേദപുരാണങ്ങളും വര്‍ണ്ണിക്കുന്നുത് അവിടുത്തെയല്ലേ? അചഞ്ചലമായ ഭക്തികൊണ്ട് പരമപവിത്രമാക്കിയ ഹൃദയത്തില്‍ അങ്ങയുടെ ദര്‍ശനമാണല്ലോ ഇന്ദ്രിയങ്ങളെയെല്ലാം കീഴടക്കിയ യോഗിവര്യന്മാര്‍ കാംക്ഷിക്കുന്നുത്. അവര്‍ സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കുന്നുത് അവിടത്തെ ചെന്താമലരടികളാണല്ലോ. അവിടുത്തേക്ക് മാത്രമേ ഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിയുകയുളളു. എപ്പോഴെല്ലാം ഭരണാധികാരികള്‍ അധര്‍മ്മത്തിന്റെ വഴിക്ക് നീങ്ങുന്നുവോ അപ്പോഴെല്ലാം പവിത്രതയുടെ പര്യായമായ അങ്ങ് പലരൂപങ്ങളില്‍ ദിവ്യപ്രഭാവം കാണിച്ചുകൊണ്ട് ഭൂമിയിലേക്ക് ഇറങ്ങിവരുന്നു. ദിവ്യതയുടെ പ്രഭാവമായ അനന്തശക്തി, വിശ്വസാന്നിദ്ധ്യം, സത്യം, നീതി, ദയ, ദിവ്യപ്രവൃത്തികള്‍ എന്നിവയും അപ്പോള്‍ പ്രകടിതമാകുന്നു. അവിടുന്ന് പിറന്നുവളര്‍ന്ന കുലവും ദ്വാരകയും അവിടുത്തെ ജനങ്ങളുമെല്ലാം ധന്യരത്രെ. അദ്ദേഹത്തെ പരിണയിച്ചിരിക്കുന്ന സ്ത്രീജനങ്ങള്‍ ധന്യരും സ്ത്രീകുലത്തിനുതന്നെ അഭിമാനവുമാണ്.
ശ്രീകൃഷ്ണന്‍ മന്ദഹാസംപൂണ്ടു. വില്ലാളിവീരന്മാര്‍ക്കും മഹാരാജാക്കന്മാര്‍ക്കും പ്രത്യക്ഷമാവാതിരുന്ന സത്യത്തെ നിര്‍മ്മലമായ പ്രേമംകൊണ്ട് സാധുഗ്രാമീണസ്ത്രീകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പാണ്ഡവരോട് യാത്രപറഞ്ഞുപിരിഞ്ഞ ശ്രീകൃഷ്ണന്‍ ഭാരതത്തിലെ പല രാജ്യങ്ങളും മാര്‍ഗ്ഗമദ്ധ്യേ സന്ദര്‍ശിച്ച് സ്വീകരണങ്ങള്‍ കൈക്കൊണ്ടു. അങ്ങനെ പടിഞ്ഞാറേതീരത്ത് എത്തിച്ചേര്‍ന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF