ജനുവരി 6, 1935.
13. പോള്‍ ബ്രണ്ടന്‍ എന്ന യൂറോപ്യന്‍ “രഹസ്യ ഇന്ത്യയെപ്പറ്റി ഒരന്വേഷണം” എന്ന തന്റെ ഗ്രന്ഥത്തില്‍ ഭഗവാന്‍ രമണമഹര്‍ഷിയെപ്പറ്റി നിരൂപണം എഴുതിയിട്ടുണ്ട്, ഇത് വായിച്ചിട്ടുള്ള മിസിസ് എം. എ. പിഗട്ട് എന്ന ഒരിംഗ്ലീഷ് വനിത ഭഗവാനെ കാണാന്‍ വന്നിരുന്നു. ഭക്തഗണത്തില്‍പ്പെട്ട ഒരു ദ്വിഭാഷിയും ഹാജരുണ്ടായിരുന്നു. കുഞ്ഞുങ്ങളുമായി കുറേ സ്ത്രീകളുള്‍പ്പെടെ ധാരാളം സന്ദര്‍ശകര്‍ ഹാളിലുണ്ട്. ശബ്ദായമാനമായിരുന്ന ഹാള്‍ ക്രമേണ ശാന്തമായി. നിശ്ചലനായി അനന്തതയെ ദര്‍ശിച്ചുകൊണ്ടിരുന്ന ഭഗവാന്‍ പെട്ടെന്നു കുരങ്ങ് എന്നു പറയുന്നത് കേട്ടു. ഹാളിന്റെ വാതിലിനുവെളിയില്‍ ഒരു വലിയ കുരങ്ങന്‍ പിന്‍കാലൂന്നിനിന്നുകൊണ്ട് ഒരു കുഞ്ഞിനെ ലാളിക്കുന്നുണ്ടായിരുന്നു. ഹാളിനകത്തിരുന്ന മാതാവിതു കണ്ടില്ല. കുരങ്ങന്‍ കുഞ്ഞിന്റെ ദേഹത്തില്‍ ഒരു പോറല്‍ പോലും വരുത്തിയില്ല. മഹര്‍ഷിയുടെ സാന്നിധ്യവശാലെന്നോണം ഈ രണ്ടുപേരും സൗഹാര്‍ദ്ദമായി നില്‍ക്കുകയായിരുന്നു. മഹര്‍ഷിയുടെ ശബ്ദം കേട്ടയുടനെ കുരങ്ങച്ചന്‍ കൗശലത്തില്‍ ഓടി മറഞ്ഞു. ഇതു കണ്ട എല്ലാവരും, പുത്തനായി വന്ന ഇംഗ്ലീഷ് സ്ത്രീയും അത്ഭൂതപ്പെട്ടുപോയി.