സ ഏഷ ജീവന്‍ ഖലു സംപരേതോ വര്‍ത്തേത യോഽത്യന്തനൃശംസിതേന
ദേഹേഽമൃതേ തം മനുജാഃ ശപന്തി ഗന്താ തമോഽന്ധം തനു മാനിനോ ധ്രുവം (10-2-22)
ആസീനഃ സംവിശംസ്തിഷ്ഠന്‍ ഭുജ്ഞാനഃ പര്യടന്‍ മഹീം
ചിന്തയാനോ ഹൃഷീകേശമപശ്യത്‌ തന്‍മയം ജഗത്‌ (10-2-24)

ശുകമുനി തുടര്‍ന്നു:

യാദവരേയും വൃഷ്ണികളേയും ദ്രോഹിക്കാനുളള എല്ലാ പരിശ്രമങ്ങളും കംസന്‍ ചെയ്തു. രാക്ഷസന്മാരെ തനിക്കു ചുറ്റും നിര്‍ത്തി ദുഷ്ടരാജാക്കന്മാരുടെ സഹായത്തോടെ യാദവരെ ഉപദ്രവിച്ചു. അവര്‍ രാജ്യം വിട്ട്‌ ഓടിപ്പോയി. രാജ്യത്തവശേഷിച്ചവര്‍ കംസനോട്‌ കറകളഞ്ഞ കൂറു പുലര്‍ത്തി. കാലക്രമത്തില്‍ ദേവകി ആറു‌ കുട്ടികളെ പ്രസവിച്ചു. വസുദേവന്‍ അവരെ സത്യസന്ധമായിത്തന്നെ കംസന്‌ കാഴ്ച വച്ചു. കംസന്‍ ആ കുട്ടികളെ അപ്പോള്‍ത്തന്നെ വധിച്ചു. ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തില്‍ ഭഗവാന്റെ അംശാവതാരമായ അനന്തന്‍ പ്രവേശിച്ചു.

അതേ സമയം ഭഗവാന്‍ തന്റെ മായാശക്തിയോട്‌ ഇപ്രകാരം കല്‍പ്പിച്ചു: “ഭഗവതീ ദേവകിയുടെ യോനിയില്‍ നിന്നും ഗര്‍ഭത്തെ എടുത്ത്‌ വസുദേവഭാര്യയായ രോഹിണിയുടെ ഉദരത്തില്‍ നിക്ഷേപിക്കുക. എന്നിട്ട്‌ ഭവതി സ്വയം യശോദയുടെ മകളായി പിറക്കുക. ഞാന്‍ ദേവകിയുടെ എട്ടാമത്തെ പുത്രനായി പിറക്കുന്നുതാണ്‌. അങ്ങനെ ഭവതിക്ക്‌ മനുഷ്യകുലത്തിന്റെയെല്ലാം ഹൃദയങ്ങളില്‍ സ്ഥാനം ലഭിക്കും. ജനങ്ങള്‍ ദേവാലയങ്ങളുണ്ടാക്കി ഭവതിയെ പൂജിക്കും. അവിടുത്തെ വിവിധ ഭാവങ്ങളായ ദുര്‍ഗ്ഗ, ഭദ്രകാളി, വിജയ, വൈഷ്ണവി, കുമുദ, ചണ്ഡിക, കൃഷ്ണ, മാധവി, കന്യക, മായ, നാരായണി, ഈശാനി, ശാരദ, അംബിക എന്നിങ്ങനെയുളള രൂപത്തില്‍ ഭവതിയെ അവര്‍ ആരാധിക്കും.” ഭഗവദേച്ഛ പോലെ മായ പ്രവര്‍ത്തിച്ചു. ദേവകിയുടെ ഗര്‍ഭമലസിയെന്ന വാര്‍ത്ത കേട്ട്‌ എല്ലാവരും സഹതപിച്ചു.