ജനുവരി 19, 1935
16. ഭഗവദ്ഭക്തനായ പോള്‍ ബ്രണ്ടന്റെ പരിചയക്കത്തുമായി ഇംഗ്ലണ്ടില്‍നിന്നും ഗ്രാന്റ് ഡഫ് എന്ന് മുന്‍പേരുള്ള മി. ഡഗ്ലസ് എയിന്‍സ്ലീ ഭഗവദ്ദര്‍ശനത്തിനു വന്നുചേര്‍ന്നു. തനിക്ക് 70 വയസ്സായെന്നും ഈ പ്രായത്തില്‍ ആത്മജ്ഞാനം നേടാന്‍ തരമാവുമോ എന്നും അദ്ദ്യേഹം മുന്‍കൂട്ടി സന്നിധിയില്‍ എഴുതിച്ചോദിച്ചിരുന്നു. ആത്മജ്ഞാനത്തിനു കാലം ബാധകമല്ലെന്നു മറുപടി അയച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഈ വരവ്. മി. ഡഗ്ലസ് ഒരു കവിയും വിദ്വാനുമായിരുന്നു. ഒരു മുന്‍ മദ്രാസ് ഗവര്‍ണ്ണരുടെ അനന്തിരവനായ അദ്ദേഹം ഏതന്‍സ്, പാരീസ്, ഹേഗ്, എന്നിവിടങ്ങളിലെ ബ്രിട്ടീഷ് നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി നോക്കിയിരുന്നു. മിതഭാഷിയും മിതാശനനുമായിരുന്നു. ദിവസവും നിരാഹാരനായി അധികദൂരം നടക്കുക പതിവുണ്ട്. ഹൃദയത്തില്‍ നിന്നും ലളിതമായി പുറപ്പെടുന്ന വാക്കുകളോടാണ് അല്‍പം സംസാരിക്കുന്നത്. ഇന്‍ഡ്യയില്‍ സര്‍ ജാണ്‍വു ഡ്രാഫ്, സര്‍വ്വേപള്ളി രധാകൃഷ്ണന്‍, ഓക്സ്ഫോര്‍ഡിലെ സംസ്കൃത പ്രൊഫസ്സര്‍ തോമസ് എന്നിവര്‍ സ്നേഹിതന്മാരായിരുന്നു. മദ്രാസ് ഗവണ്‍മെന്റ് അതിഥി മന്ദിരത്തില്‍ സംസ്ഥാനാതിഥിയായി താമസിച്ചുകൊണ്ടാണ് അദ്ദേഹം ആശ്രമത്തില്‍ വന്നു ചേര്‍ന്നത്. സുഖാനുഭോഗങ്ങളില്‍ വാഞ്ഛ കുറഞ്ഞ അദ്ദേഹം രാവിലെ ജലപാനം കഴിക്കാതെ ഉച്ചക്ക് 1 മണിക്കാണാഹാരം കഴിക്കുന്നത്. രാവിലെ 8 മണിക്കദ്ദേഹം ഹാളില്‍ തന്റെ സോഫയില്‍ മൗനനോട്ടത്തിലിരുന്ന മഹര്‍ഷിയെ വന്ദിച്ചിട്ട് സമീപം അദ്ദേഹത്തിനായി കരുതിയിരുന്ന പലകമേല്‍, തന്നെ നോക്കിയിരുന്ന ഭഗവാനെ നോക്കി, നിശബ്ദനായിരുന്നു. കാഴ്ച കണ്ടുകൊണ്ട് ചുറ്റും ധാരാളം പേര്‍ നിന്നിരുന്നതിനെ ഇവര്‍ കണ്ടതേയില്ല. സായിപ്പ് ഭഗവാന്റെ അനുഗ്രഹ പരിമളത്തില്‍ ലയിച്ചിരിക്കുകയായിരുന്നു. ഈ കാഴ്ച കണ്ടുനിന്ന എല്ലാവര്‍ക്കും ആശ്രമപ്രദേശമൊട്ടാകെക്കുളിര്‍പ്പിച്ച അരുള്‍ മാരിയുടെ അനുഭവമുളവാക്കി.
ആശ്രമത്തില്‍ വൈകുന്നേരം പതിവനുസരിച്ചു നടന്ന വേദപാരായണങ്ങളും മറ്റും കേട്ട് സായിപ്പ് അത്യധികം സന്തോഷിച്ചു. ചിത്താകാശത്തെയും ചിദാകാശത്തെയും പറ്റി മഹര്‍ഷി നല്‍കിയ വിശദീകരണങ്ങളും സായിപ്പിനെ വളരെയേറെ ആനന്ദിപ്പിച്ചു.
സായിപ്പ് യാത്രയായതിനുശേഷം മഹര്‍ഷി ഇങ്ങനെ പറഞ്ഞു ” ആ എഴുപതുകാരനെ നോക്കൂ, നല്ല വരുമാനമുള്ളയാള്‍ വീട്ടിലിരുന്നു സുഖിക്കാതെ 6000 മൈല്‍ കടല്‍ താണ്ടി വേണ്ടത്ര റെയില്‍വേയാത്രയും മറ്റു ബുദ്ധിമുട്ടുകളും സഹിച്ച് ഭാഷയറിയാതെ അപരിചിതവും വിദൂരവുമായ ഒരു അന്യരാജ്യത്തെ കടുത്ത ചൂടും സഹിച്ച് ഒറ്റയ്ക്കു വന്നിരിക്കുന്നു. സ്വന്തം വീട്ടില്‍ എത്ര സുഖമായിരിക്കാമായിരുന്നു. ആന്തരശാന്തിക്കുള്ള തൃഷ്ണയാണദ്ദേഹത്തെ ഇവിടെ എത്തിച്ചിരിക്കുന്നത്. ശരിയാണ്, ഇവിടെ വന്ന് നാലു ദിവസത്തിനകം അദ്ദേഹത്തിനു സിദ്ധിച്ച പ്രകടമായ വിശേഷാനുഭൂതികള്‍ അദ്ദേഹത്തിന്റെ പരിശുദ്ധമായ വ്യഗ്രതക്കു തെളിവാണ്.
അടുത്ത സായാഹ്നം എയിന്‍സ്ലീ ഹാളിലെത്തി. തലേ ദിവസം രാത്രി തനിക്കേര്‍പ്പെട്ട അനുഭൂതികളെ മഹര്‍ഷിയെ പറഞ്ഞു കേള്‍പ്പിച്ചു.തന്റെ വലതുഭാഗം ഹൃദയ മദ്ധ്യത്ത് ഒരു മിന്നല്‍ പ്രകാശം തോന്നി. അവിടെ താന്‍ സൂര്യപ്രകാശം കണ്ടുവെന്നും അദ്ദേഹം ബോധിപ്പിച്ചു. മഹര്‍ഷി മന്ദസ്മിതം തൂകിയിട്ട് ‘ആത്മവിദ്യ’ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ ആ യൂറോപ്യന്‍ ഭക്തനെ വായിച്ചുകേള്‍പ്പിച്ചു. സ്വരൂപസാക്ഷാത്കാരത്തിന്റെ ഗൂഢതത്വം അതില്‍ പറഞ്ഞിരുന്നു. ചിത്തംബരത്തിന്റെ വികാസമായ മനസ്സില്‍നിന്നും വകതിരിഞ്ഞു നില്‍ക്കുന്ന ചിദാകാശ (ജ്ഞാനാകാശ) വികാസമായ ആത്മാവിനെ പ്രാപിക്കുകയാകുന്നു സാക്ഷാല്‍ക്കാരം. ഈ വിശദീകരണം സായിപ്പിനു നല്ലപോലെ ബോദ്ധ്യമായി.