ശ്രീ രമണമഹര്‍ഷി

ജനുവരി 19, 1935

മഹര്‍ഷി തമിഴ്‌ യോഗവാസിഷ്ഠത്തില്‍ ഒരു പാഠം വായിച്ചു. ദീര്‍ഗതാപസിയുടെ രണ്ടുമക്കള്‍ പുണ്യവും പാപവും. മാതാപിതാക്കന്മാര്‍ മരിച്ചുപോയപ്പോള്‍ ഇളയവന്‍ കരഞ്ഞു. മൂത്തവന്‍ – “നീ എന്തിനു കരയുന്നു, അച്ഛനമ്മമാര്‍ നമ്മെ വിട്ടുപോയെന്നാണോ, ഇല്ല. അവര്‍ നമ്മില്‍തന്നെയുണ്ട്‌. അവര്‍ നാം തന്നെ. അഹങ്കാരമാകുന്ന നദി തന്റെ പോക്കില്‍ എവിടെ കൂടിയെല്ലാമൊഴുകുന്നുണ്ടായിരിക്കും, കുന്നുകളില്‍ , താഴ്‌വരകളില്‍ , സമതലങ്ങളില്‍ , പാറക്കെട്ടുകളില്‍ ‍, കാടിന്‍ പടര്‍പ്പുകളില്‍ , പ്രവാഹം നിലച്ചുപോകാതെ. അതുപോലെ, ഈ ജീവിത സരിത്തും പല പല ഘട്ടങ്ങളും താണ്ടിപ്പോവുകയാണ്‌. ജനനമരണങ്ങളും, സുഖദുഃഖങ്ങളുമാകുന്ന പല ഘട്ടങ്ങള്‍. ഇതെല്ലാം കാനല്‍ജലത്തിലെ അലതിരകള്‍. അഹങ്കാരങ്ങള്‍ ദര്‍പ്പണത്തില്‍ പ്രതിബിംബിച്ചുകണ്ടതുപോലിരിക്കും. സത്യം ആത്മാവ്‌ മാത്രം. അതില്‍ നിന്നും അഹങ്കാരന്‍ (സൂര്യനില്‍ നിന്നും രശ്മിയെപ്പോലെ) രൂപം കൊള്ളുന്നു.

അഹങ്കാരന്‍ സ്വന്തം വാസനാമയ വിചാരങ്ങളോടുകൂടി സഞ്ചരിക്കുമ്പോള്‍ വിചാരങ്ങള്‍ തന്നെ മൂര്‍ത്തീഭാവം കൈക്കൊണ്ട്‌ പ്രതിഫലിച്ചുദയമാകുന്ന ഈ ജഗത്തില്‍ അമ്മമാരും അച്ഛന്മാരും സ്നേഹിതന്മാരും ബന്ധുമിത്രാദികളും പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. സര്‍വ്വദൃശ്യങ്ങളുടെയും ആധാരവും അധിഷ്ഠാനവും ആത്മാവായിരിക്കുന്ന സ്ഥിതിക്ക്‌ മാതാപിതാക്കന്മാരും ആത്മാവിനെ വിട്ടിരിക്കുന്നില്ല. അതിനാല്‍ ദുഃഖത്തിനവകാശമില്ല. ഇതു മനസ്സിലാക്കി സന്തോഷമായിരിക്കൂ.”

എന്തെന്നറിഞ്ഞാല്‍ പിന്നെ ഒന്നും അറിയേണ്ടതായി വരുന്നില്ലയോ ആ ആത്മജ്ഞാനം ഭഗവാനില്‍നിന്നുകേട്ട്‌ എയിന്‍സ്ലീ സായിപ്പ്‌ ആനന്ദത്തില്‍ മുങ്ങി.