ജനുവരി 21, 1935
17. ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റിയിലെ ഇവാന്‍സ് വേണ്‍സ് (Evans Wents) എന്ന ഗവേഷണപണ്ഡിതന്‍ പോള്‍ ബ്രണ്ടന്റെ ഒരു പരിചയക്കുറിപ്പുമായി ഭഗവാനെ കാണാന്‍വന്നു. യാത്രാക്ഷീണം ബാധിച്ചിരുന്നു. ഭാരതത്തില്‍ മുന്‍പും പല പ്രാവശ്യം ഭാരതീയ ജീവിതവുമായി പരിചയമുള്ള ആളായിരുന്നു. ടിബറ്റിലെ ഭാഷ പഠിച്ച് ആ ഭാഷയിലുള്ള മരിച്ചവരെപ്പറ്റിയുള്ള കഥ, ടിബറ്റിലെ മഹായോഗിയായ മിലാരെപായുടെ ജീവചരിത്രം, ടിബറ്റിലെ ഗൂഢതത്വങ്ങള്‍ എന്നീ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തിരുന്നു.
അദ്ദേഹം ഉച്ചതിരിഞ്ഞു സന്നിധിയില്‍ വന്നു. യോഗത്തെപ്പറ്റി ഭഗവാനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. യോഗാസനങ്ങള്‍ക്ക് പുലി, മാന്‍ എന്നിവയുടെ തോലുകള്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്നു ചോദിച്ചു.
ഭ: മനസ്സുതന്നെ പുലിയോ, മാനോ ആണ്.
ചോ: എല്ലാം മായയാണെങ്കില്‍ ഒരുത്തന് ജീവനെയും അപഹരിക്കാമല്ലോ?
ഭ: മായ ആര്‍ക്കാണ്, അത് കണ്ടുപിടിക്കൂ, സത്യം നോക്കുകയാണെങ്കില്‍ ഒരോരുത്തനും ആത്മാവിനെ തന്നെത്താനെ കൊല്ലുകയാണ്. (ആത്മഹനനം) ഒരോ നിമിഷത്തിലും.