രമണമഹര്‍ഷി സംസാരിക്കുന്നു

ജ്ഞാനത്തിന്‌ ആസനങ്ങള്‍ പ്രശ്നമല്ല (18)

ശ്രീ രമണമഹര്‍ഷി

ജനുവരി 21, 1935

ചോ: ഏതാസനമാണ്‌ ഏറ്റവും നല്ലത്‌?

ഉ: ഏതു സുഖമെന്ന്‌ തോന്നുന്നുവോ അതുതന്നെ (സുഖാസനം) നല്ലത്‌. പത്മാസനവും ശ്രമം കുറഞ്ഞതാണ്‌. എന്നാല്‍ ജ്ഞാനത്തിന്‌ ആസനങ്ങള്‍ പ്രശ്നമല്ല.

ചോ: ആസനം മനോനിലയെക്കുറിക്കുന്നുവോ?

ഉ: അതെ, അതെ.

ചോ പുലിത്തോല്‍, മാന്‍തോല്‍, കമ്പിളി എന്നിവയുടെ ഗുണവിശേഷങ്ങള്‍ എന്ത്‌?

ഉ: അക്കാര്യങ്ങള്‍ ചില യോഗശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്‌. കാന്തശക്തി പ്രവര്‍ത്തനങ്ങളെ കുറിക്കുന്നവയാണ്‌, എന്നാല്‍ ജ്ഞാനമാര്‍ഗ്ഗത്തില്‍ ഇതുകളെല്ലാം പ്രസക്തങ്ങളല്ല. ആസനത്തിന്റെ ശരിയായ അര്‍ത്ഥം താന്‍ തന്നെയറിഞ്ഞു താന്‍ തന്നില്‍ തന്നെ നിലകൊള്ളുകയാണ്‌. അത്‌ ആന്തരമാണ്‌. (അന്തര്‍മുഖത്വം) മറ്റെല്ലാം ബാഹ്യങ്ങളാണ്‌.

ചോ: ധ്യാനത്തിനു പറ്റിയ സമയമേതാണ്‌?

ഉ: സമയമെന്നാലെന്താണ്‌?

ചോ: അങ്ങുതന്നെ പറയുമോ?

ഉ: സമയം ഒരു സങ്കല്‍പം മാത്രം. സങ്കല്‍പത്തില്‍പെടാത്തത്‌ ഒന്നേയുള്ളൂ. അത്‌ എങ്ങനെയെല്ലാം ഭാവിക്കുമോ അങ്ങനെയെല്ലാമായി അതു തോന്നപ്പെടും. നിങ്ങള്‍ അതിനെ കാലമെന്ന്‌ പറഞ്ഞാല്‍ കാലം തന്നെ. ഉള്ളത്‌ എന്നാണെങ്കില്‍, ഉള്ളത്‌. ഇല്ലാത്തതെന്നാണെങ്കില്‍ ഇല്ലാത്തത്‌. അത്രയേയുള്ളൂ അതിനെ നിങ്ങള്‍ ആദ്യം കാലം എന്നുപറഞ്ഞിട്ട്‌ രാപകലെന്നും, മാസം, ആണ്ട്‌, മിനുട്ട്‌, സെക്കന്റ്‌, എന്നിങ്ങനെയും വിഭജിക്കുന്നു. ജ്ഞാനത്തിനു കാലമില്ല. എന്നാല്‍ ഇത്തരം വിധി നിഷേധങ്ങള്‍ ആരംഭത്തില്‍ നല്ലതുതന്നെ.

Back to top button