ശ്രീ രമണമഹര്‍ഷി

ജനുവരി 21, 1935

ചോ: വിദേശ രാജ്യക്കാര്‍ക്ക്‌ പറ്റിയ ഏതെങ്കിലും ആസനം ഉപദേശിക്കുന്നുണ്ടോ?

ഉ: ആര്‍ക്കും അവരവര്‍ക്ക്‌ യോജിച്ച ആസനത്തിലിരിക്കാം. എന്നാലും ആസനം കൂടാതെ ധ്യാനിക്കാന്‍ പാടില്ലെന്നില്ല. ധ്യാനത്തിനു സമയനിര്‍ണ്ണയമോ മറ്റു ചട്ടവട്ടങ്ങളോ ഒന്നുമില്ല.

ചോ: മറുരാജ്യക്കാര്‍ക്ക്‌ യോജിക്കുന്ന പ്രത്യേക സാധനകള്‍ എന്തെങ്കിലും ഉപദേശിക്കാറുണ്ടോ?

ഉ: ഉപദേശങ്ങള്‍ വ്യക്തികളുടെ മനോവികാസമൊപ്പിച്ചിരിക്കുമെന്നേയുള്ളൂ. പ്രത്യേക നിബന്ധനകളൊന്നുമില്ല.

യോഗമാര്‍ഗ്ഗത്തിന്റെ പല പ്രരംഭനടപടികളെപ്പറ്റിയും ഇവാന്‍സ്‌ ചോദിച്ചു. അവയെല്ലാം യോഗത്തിനനുകൂലമായിട്ടുള്ളവതന്നെ. യോഗം ജ്ഞാനത്തെ ഉറ്റുനോക്കുന്നു. ആ ആത്മജ്ഞാനം തീര്‍ന്നനിലയാണെന്നും ഉത്തരം പറഞ്ഞു.

ചോ: കര്‍മ്മം ചെയ്യുന്നത്‌ ആത്മസാക്ഷാത്കാരത്തിനു തടസ്സമാണോ?

ഉ: അല്ല. അറിഞ്ഞവന്‌ ആത്മാവൊന്നേ സത്യം. അവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ഒന്നും അവനെ ബന്ധിക്കുന്നില്ല. കര്‍മ്മങ്ങള്‍ വ്യാവഹാരികമാണ്‌. കര്‍മ്മം താനേ നടക്കും. ആത്മാവതില്‍പ്പെടുന്നില്ല. ആത്മാവ്‌ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുമെന്നേയുള്ളൂ. കര്‍മ്മത്തിലിരുന്നുകൊണ്ടു തന്നെ ജ്ഞാനാഭ്യാസം ചെയ്യാവുന്നതേയുള്ളൂ. ആരംഭത്തില്‍ ബുദ്ധിമുട്ടുണ്ടെന്നു തോന്നിയാലും പിന്നീട്‌ അതെളുപ്പമായിത്തീരുകയും കര്‍മ്മം ജ്ഞാനാഭ്യാസത്തിനോ ജ്ഞാനം കര്‍മ്മനിര്‍വ്വഹണത്തിനോ തടസ്സമായിത്തീരാതിരിക്കുകയും ചെയ്യും.

ചോ: അഭ്യാസമെന്നു പറയുന്നതെന്താണോ?

ഉ: അത്‌ ‘ഞാന്‍ ‘ എന്നു പറയുന്ന അഹങ്കാരത്തിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ള അന്വേഷണമാണ്‌. ‘ഞാന്‍ ‘ ആരാണെന്നു കണ്ടുപിടിക്കൂ. തുടര്‍ന്നന്വേഷിക്കുമ്പോള്‍ ‘ഞാന്‍ ‘ ഇല്ലാതെയാവും. കേവല സച്ചിദാനന്ദസ്വരൂപമാണ്‌ അഹംസ്ഫൂര്‍ത്തിയായി ഉജ്ജ്വലിച്ചത്. അതിനെ മറക്കുമ്പോള്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. അതിനോട്‌ ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവനെ അനര്‍ത്ഥങ്ങള്‍ ബാധിക്കാതിരിക്കും.