കാലേന സ്നാനശൗചാഭ്യാം സംസ്കാരൈസ്തപസേജ്യയാ
ശുദ്ധ്യന്തി ദാനൈഃ സന്തുഷ്ട്യാ ദ്രവ്യാണ്യാത്മാത്മാവിദ്യയാ (10-5-4)
അഹോ തേ ദേവകീപുത്രാഃ കംസേന ബഹവോ ഹതാഃ
ഏകാവശിഷ്ടാവരജാ കന്യാ സാപി ദിവം ഗതാ (10-5-29)
നൂനം ഹ്യദൃഷ്ടനിഷ്ഠോഽയമദൃഷ്ട പരമോ ജനഃ
അദൃഷ്ടമാത്മനസ്തത്ത്വം യോ വേദ ന സ മുഹ്യതി (10-5-30)
ശുകമുനി തുടര്‍ന്നു:
തനിക്കൊരു മകന്‍ പിറന്നിരിക്കുന്നുതിന്റെ സന്തോഷം നന്ദഗോപന്‍ തന്റെ ബന്ധുമിത്രാദികളുമായി പങ്കുവച്ചു. പുരോഹിതന്മാരുടെ സഹായത്തോടെ മകന്റെ ജന്മകര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ചു. ആ സമയത്ത് ബഹുമാന്യരായവര്‍ക്കും ബ്രാഹ്മണര്‍ക്കും ധാരാളം സമ്മാനങ്ങള്‍ നല്‍കി. ദ്രവ്യങ്ങള്‍ കാലക്രമം കൊണ്ടും ശരീരം കുളികൊണ്ടും ജന്മം ധര്‍മ്മയാഗങ്ങളാലും ഇന്ദ്രിയങ്ങള്‍ തപശ്ചര്യകളാലും മനസ്സ് സംതൃപ്തികൊണ്ടും പരിശുദ്ധമാവുന്നു. എന്നാല്‍ ആത്മശുദ്ധിയുണ്ടാവാന്‍ ആത്മജ്ഞാനം കൂടിയേ കഴിയൂ. നാടുമുഴുവന്‍ സന്തോഷത്തിലാണ്ടു. എങ്ങും ഉത്സവഛായ പരന്നു. ഗോപന്മാരും ഗോപികമാരും പുതുവസ്ത്രങ്ങളണിഞ്ഞ് അലങ്കാരങ്ങളോടെ അവരുടെ ഹൃദയങ്ങളില്‍ ഉല്ലാസം പ്രകടമാക്കി. എല്ലാ വീട്ടിലും അവിടുത്തെ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതു പോലെ ആയിരുന്നു ആ നാട്ടിലെ ജനങ്ങളുടെ ഭാവം. എല്ലാവരും പരസ്പരം സുവിശേഷം അറിയിച്ചു. എല്ലാവരും തങ്ങളുടെ ഗോത്രത്തലവനായ നന്ദന്റെ വീട്ടിലേക്ക് ചെന്നു. അവര്‍ ഒറ്റയ്ക്കും കൂട്ടായും ശിശുവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. സ്ത്രീകള്‍ പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടപ്പോള്‍ പുരുഷന്‍മാര്‍ പലേവിധ കളികളിലും തമാശകളിലും ഏര്‍പ്പെട്ടു. തൈരും വെണ്ണയും പരസ്പരം വാരിത്തേച്ച് ചിലര്‍ അവയില്‍ത്തെറ്റി മറിഞ്ഞു വീണു. വസുദേവന്റെ ഭാര്യയായ രോഹിണി നന്ദനാല്‍ ബഹുമാനിതയായി അവിടെയെല്ലാം ഓടി നടന്നു. വൃന്ദാവനത്തില്‍ മഹാലക്ഷ്മി ഭാഗ്യലക്ഷ്മിയായി വിരാജിച്ചു. ഭഗവാന്‍ സ്വയം അവിടെ അവതരിച്ചുവല്ലോ.
കംസനുളള കരമടയ്ക്കാന്‍ നന്ദന് മഥുരക്ക് പോകണമായിരുന്നു. മകന്റെ സുരക്ഷയെപ്പറ്റി ഓര്‍ത്ത് നന്ദന്‍ വ്യാകുലനായിരുന്നു. നാട്ടുകാരേയും നാടിനേയും പരിപാലിക്കാന്‍ മറ്റു ഗോപന്മാരെ ഏല്‍പ്പിച്ച് ഹൃദയഭാരത്തോടെ നന്ദന്‍ യാത്രയായി. നന്ദന്റെ മഥുരായാത്രയെപ്പറ്റി അറിഞ്ഞ വസുദേവന്‍ നന്ദന്റെ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ചു. പരസ്പരം ആലിംഗനം ചെയ്ത് ഉപചാരം കൈമാറിയ ശേഷം വസുദേവന്‍ നന്ദനോട് ചോദിച്ചു; “അങ്ങേക്ക് ഒരു പുത്രനുണ്ടായ വാര്‍ത്ത കേട്ട് ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഗോകുലത്തിലെ ജനങ്ങള്‍ക്ക് ഐശ്വര്യമാണെന്നും അവര്‍ സന്തുഷ്ടരുമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഗോക്കള്‍ ആരോഗ്യമുളളവയാണെന്നും അവയ്ക്ക് ഇഷ്ടംപോലെ ആഹാരനീഹാരാദികള്‍ ഉണ്ടെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ മകന്‍ അങ്ങയുടെ വീട്ടില്‍ സുഖമായി കഴിയുന്നുവല്ലോ? വിജ്ഞാനികള്‍ പറയുന്നത് ധര്‍മ്മം ഐശ്വര്യം സന്തോഷം ഇവ ശരിയായി ആസ്വദിക്കണമെന്നില്‍ അവ തങ്ങളുടെ സ്നേഹിതരുമായി പങ്കുവയ്ക്കണമെന്നാണ്. എന്നാല്‍ ദുഃഖം അങ്ങനെ പങ്കിടാനുളളതല്ല. അതിനാല്‍ ബന്ധുമിത്രാദികളും സുഖസന്തോഷങ്ങളും വളരെ പ്രധാനമത്രെ.” ഇതിനു മറുപടിയെന്നോണം നന്ദന്‍ പറഞ്ഞു: “അങ്ങയുടെ മക്കളെ പലരേയും കംസന്‍ വധിച്ചു എന്നെനിക്കറിയാം. അങ്ങയുടെ മകളേയും കംസന്‍ കൊണ്ടുപോയി. എന്നാല്‍ ഇതെല്ലാം അദൃഷ്ടമായതും മുജ്ജന്മകര്‍മ്മഫലഹേതുവുമത്രെ. ഇതറിയുന്നവന്‍ ദുഃഖിക്കുന്നില്ല.”
വസുദേവന്‍ നന്ദനെ വൃന്ദാവനത്തിലേക്ക് പെട്ടെന്നുതന്നെ തിരിച്ചു പോവാന്‍ പ്രേരിപ്പിച്ചു. വൃന്ദാവനത്തിലേതോ ആപത്തു വരാന്‍ പോവുന്നതിന്റെ ഒരു സൂചന വസുദേവന് തോന്നിയിരുന്നു. നന്ദന്‍ മഥുര വിട്ട് അതിവേഗം ഗോകുലത്തിലേക്ക് തിരിച്ചു.
അദൃഷ്ടം എന്നതിന് പൂര്‍വ്വകര്‍മ്മഫലം എന്നാണിവിടെ അര്‍ത്ഥം. കര്‍മ്മം, വിധി, ഭാഗ്യം എന്നും പറയാം. കാണപ്പെടാത്തത് എന്നാണ് അക്ഷരാര്‍ത്ഥം.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF