ന യത്ര ശ്രവണാദീനി രക്ഷോഘ്നാനി സ്വകര്‍മ്മസു
കുര്‍വന്തി സാത്വതാം ഭര്‍ത്തുര്‍യാതുധാന്യശ്ച തത്ര ഹി (10-6-3)
പൂതനാ ലോകബാലഘ്നീ രാക്ഷസീ രുധിരാശനാ
ജിഘാംസയാപി ഹരയേ സ്തനം ദത്ത്വാപസദ്ഗതിം (10-6-35)
ശുകമുനി തുടര്‍ന്നു:
ഇതേ സമയത്ത് കംസന്റെ ആജ്ഞയനുസരിച്ച് പൂതന എന്ന രാക്ഷസി വൃന്ദാവനത്തില്‍ ചെന്നു. അങ്ങനെയുളള രാക്ഷസികളും ദുരാത്മാക്കളും പ്രവേശിക്കുന്നത് ഭഗവല്‍കഥകളും മഹിമകളും പാടാത്ത ഗൃഹങ്ങളിലാണ്. ഗാര്‍ഹികധര്‍മ്മങ്ങള്‍ വഴിയാംവണ്ണം ചെയ്യുന്നിടത്തായാലും ഭഗവല്‍കീര്‍ത്തനമുരിയാടാത്ത ഇടങ്ങളില്‍ അവര്‍ ചെന്നുകയറുന്നു. പൂതന തന്ത്രപൂര്‍വ്വം അതിസുന്ദരിയായ യുവതിയുടെ രൂപത്തിലാണ് വൃന്ദാവനത്തില്‍ ചെന്നത്. മഹാലക്ഷ്മിയെ വെല്ലുന്ന സൗന്ദര്യം. കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ തീര്‍ച്ച പ്പെടുത്തിയ കംസസൈന്യത്തില്‍പ്പെട്ടവളാണ് പൂതന. പതുക്കെപ്പതുക്കെ പൂതന നന്ദഗൃഹത്തില്‍ പ്രവേശിച്ചു. എന്നിട്ട് കൃഷ്ണനെ എടുത്തു. യശോദയും രോഹിണിയും നിസ്സഹായരായി നോക്കിനില്‍ക്കെത്തന്നെ. അവരും യുവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായിരുന്നു. പൂതന കുഞ്ഞിനെ മടിയിലിരുത്തി സ്നേഹപൂര്‍വ്വം മുലയൂട്ടാന്‍ തുടങ്ങി. അവളുടെ മുലക്കണ്ണുകളില്‍ വിഷം പുരട്ടിയിരുന്നു.
ദിവ്യശിശു അവളുടെ മുലയില്‍ നിന്നും ആവേശത്തോടെ വിഷപ്പാല്‍ മുഴുവനും കുടിച്ചു തീര്‍ത്തു. അതു കുഞ്ഞിനെ തീരെ ബാധിച്ചില്ലെന്നു മാത്രമല്ല അവളുടെ പ്രാണരസം തന്നെയും കൃഷ്ണന്‍ വലിച്ചു കളഞ്ഞു. പ്രാണവേദനയോടെ അവള്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കൃഷ്ണന്‍ പിടിവിട്ടില്ല. ഞെളിപിരികൊണ്ട് ആകാശത്തേക്കുയര്‍ന്ന് പൂതന തല്‍സ്വരൂപം കാട്ടി. മരങ്ങളെ തകര്‍ത്ത് അവളുടെ ഭീമാകാരം താഴെ വീണു. ബീഭല്‍സവും ഭയാനകവുമായിരുന്നു ആ ദൃശ്യം.
വൃന്ദാവനത്തിലെ ഗോപാലന്മാര്‍ പേടിച്ചു വിറച്ചുവെങ്കിലും അവസാനം സന്തോഷിച്ചു. തങ്ങളുടെ ഭാഗ്യാതിരേകം കൊണ്ടാണ് കൊച്ചുകൃഷ്ണന്‍ വലിയൊരാപത്തില്‍ നിന്നും വൃന്ദാവനത്തെ രക്ഷിച്ചതെന്നവര്‍ വിശ്വസിച്ചു. എന്നിട്ടവര്‍ എല്ലാവിധത്തിലുളള മന്ത്രതന്ത്രങ്ങളും ചെയ്ത് കുഞ്ഞിനെ ബാധിക്കാനിടയുളള ഭൂതപ്രേതാദികളെ ഒഴിവാക്കി. ഭഗവദ് നാമമുരുവിട്ടുകൊണ്ട് കൃഷ്ണന്റെ ദേഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊട്ട് ആ ദിവ്യശരീരത്തില്‍ പ്രേതബാധകളുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു. യശോദ കൃഷ്ണനെ മുലയൂട്ടി ഉറക്കി. ഈ സമയത്ത് നന്ദഗോപാലന്‍ മഥുരയില്‍ നിന്നും മടങ്ങിയെത്തി. വസുദേവന്‍ മുന്‍കൂട്ടിക്കണ്ട ആപത്ത് ഇതാണെന്നറിഞ്ഞ് ആശ്ചര്യപ്പെട്ടു. അതീന്ദ്രിയദൃഷ്ടി തന്നെയത്. നന്ദന്‍ കൃഷ്ണനെ ആശ്ലേഷിച്ചു.
വൃന്ദാവനവാസികള്‍ പൂതനയുടെ ജഡം സംസ്കരിച്ചു. ചിതയില്‍ നിന്നപ്പോള്‍ സ്വര്‍ഗ്ഗീയസുഗന്ധമുയര്‍ന്നു. ഭഗവാന്‍ മുലകുടിച്ചപ്പോള്‍ അവളുടെ പാപങ്ങളെല്ലാം പോയിരുന്നു. ഭഗവാന്റെ അമ്മയുടെ സ്ഥാനവും അവള്‍ക്ക് ലഭിച്ചു. ഈ രാക്ഷസി കുഞ്ഞുങ്ങളെ കൊല്ലുന്നവളായിട്ടുകൂടി കൃഷ്ണന് മുലയൂട്ടിയെന്ന കാരണം കൊണ്ടു മാത്രം പരമപദം ആര്‍ജ്ജിച്ചു. ദുരുദ്ദേശ്യത്തോടെയാണെങ്കിലും ഭഗവാനെ പ്രേമിച്ചവര്‍ക്കുളള പ്രതിഫലം ഇതാണെങ്കില്‍ ഭഗവാനെ നിര്‍മ്മലഭക്തിയാല്‍ ഹൃദയം നിറച്ചുവച്ചു പ്രേമിക്കുന്നുവര്‍ക്കുളള സമ്മാനം എന്തായിരിക്കും?
പൂതനാമോക്ഷത്തിന്റെ കഥ കേള്‍ക്കുന്നുവര്‍ക്ക് പരമഭക്തിയുണ്ടാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF