നതാഃ സ്മ തേ നാഥ സദാംഘ്രിപങ്കജം വിരിഞ്ചവൈരിഞ്ച്യ സുരേന്ദ്രവന്ദിതം
പരായണം ക്ഷേമമിഹേച്ഛതാം പരം ന യത്ര കാലഃ പ്രഭവേത് പരപ്രഭുഃ (1-11-6)
തമയം മന്യതേ ലോകോ ഹ്യസംഗമപി സംഗിനം
ആത്മൗപമ്യേന മനുജം വ്യാപൃണ്വാനം യതോബുധഃ (1-11-37)
സൂതന്‍ തുടര്‍ന്നു:
തലസ്ഥാനനഗരിക്കടുത്തെത്തിയപ്പോള്‍ ശ്രീകൃഷ്ണന്‍ ശംഖൂതി തന്റെ തിരിച്ചുവരവ് അറിയിച്ചു. അതോടെ ആഘോഷങ്ങളുടെ തുടക്കമായി. നഗരത്തിന് ഉത്സവഛായതന്നെയുണ്ടായിരുന്നു. ജനങ്ങള്‍ വഴിയരികില്‍ വരിവരിയായിനിന്ന് ഭഗവാന്റെ ദിവ്യപ്രഭവിളങ്ങുന്ന മുഖം നേരില്‍ക്കണ്ടാസ്വദിച്ചു. അവര്‍ തങ്ങളുടെ പ്രേമവും ഭക്തിയും ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ട് ഭഗവാന് സ്വാഗതമരുളി.
ഭഗവാനേ, അവിടുത്തെ താമരപ്പൂവൊത്ത പാദങ്ങളും ഞങ്ങള്‍ നമസ്കരിക്കുന്നു. ദേവകള്‍വന്ദിക്കുന്ന അചഞ്ചലമായ ആ പദകമലങ്ങളെയാണല്ലോ മുക്തിസാധകരും ഉപാസിക്കുന്നുത്? അവിടുന്ന് ഞങ്ങളുടെ അച്ഛനും അമ്മയും സുഹൃത്തും മാത്രമല്ല സൃഷ്ടാവും പരമവിഗ്രഹവുമാണ്. ഞങ്ങള്‍ ലോകത്തിലേക്കു വച്ചേറ്റവും അനുഗ്രഹീതരത്രെ. അതുകൊണ്ടാണല്ലോ അങ്ങയെ അടുത്തുതന്നെ കിട്ടാന്‍ ഇടയായത്. അവിടുത്തെ പ്രഭാവം അപാരംതന്നെ. ഇത്ര അടുത്തിടപഴകിയിട്ടും കുറച്ചു നിമിഷം അങ്ങിവിടെനിന്നു പോകുമ്പോള്‍ യുഗങ്ങള്‍ കടന്നുപോകുന്നുതുപോലെ തോന്നുന്നു.
ഭഗവാന്‍ കടന്നുപോയ ഇടങ്ങളിവലെല്ലാം തോരണങ്ങളും മറ്റലങ്കാരപ്പണികളും നിറച്ചുണ്ടായിരുന്നു. ആകാശത്തില്‍ നിന്ന് പുഷ്പവൃഷ്ടിയുമുണ്ടായി. ബ്രാഹ്മണര്‍ വേദപാഠങ്ങളുരുവിട്ടു. ഗായകര്‍ പാടി. സ്ത്രീകള്‍ നൃത്തംചെയ്തു. അന്തരീക്ഷത്തിലെങ്ങും ആഹ്ലാദമലയടിച്ചു. ഇതിനെല്ലാമിടയിലും കടന്നുപോയ നഗരവീഥികളും ഭഗവാന്‍ എല്ലാവരേയും വണങ്ങിയും കൈവീശിയും കരുണാകടാക്ഷം പൊഴിച്ച് സര്‍വ്വരേയും സന്തുഷ്ടരാക്കി. കൂട്ടത്തില്‍ താഴ്ന്നവരായ ഹീനജാതിക്കാരെപ്പോലും നെഞ്ചോടണച്ചാശ്ലേഷിച്ചു. എല്ലാവരേയും അഭിവാദനംചെയ്ത് പുഞ്ചിരിയും തൂകി ആവശ്യപ്പെട്ട വരദാനങ്ങള്‍ നല്‍കി അദ്ദേഹമങ്ങനെ നീങ്ങി. ഗുരുജനങ്ങളേയും വയോവൃദ്ധന്മാരേയും സ്ത്രീകളേയും വന്ദിച്ച് സ്വയം അനുഗ്രഹം തേടുകയും ബചെയ്തു.
ആദ്യം അദ്ദേഹം തന്റെ മാതാപിതാക്കളുടെ കൊട്ടാരത്തില്‍ ക്കയറി അവരുടെ കാല്‍തൊട്ടുവണങ്ങി. പിന്നീട് പ്രേമപൂര്‍വ്വം ഭാര്യമാര്‍ താമസിക്കുന്ന കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. ഭഗവല്‍പ്രേമത്തിനു പാത്രങ്ങളായ ഈ സ്ത്രീകളാകട്ടെ അവിടുത്തെമാത്രം മനസാ ധ്യാനിച്ച് കാത്തിരിക്കുകയായിരുന്നു. അദ്ദേഹം ദുഷ്ടനിഗ്രഹത്തിനു സാക്ഷ്യം വഹിച്ച് തിരിച്ചെത്തിയിരിക്കുകയാണല്ലോ. എന്നാല്‍ ഭഗവാനിപ്പോള്‍ ഭാര്യമാരുടെ പ്രിയകാന്തനായി വന്നിരിക്കുന്നു.
അദ്ദേഹത്തിന് ലോകവ്യാപാരപരങ്ങളായ കെട്ടുപാടുകള്‍ ഇല്ലെങ്കില്‍ക്കൂടി മായയുടെ അതിശക്തികൊണ്ട് അങ്ങിനെ കാണപ്പെടുകയാണ്. അജ്ഞരായ ജനങ്ങള്‍ തങ്ങളെപ്പോലെത്തന്നെ ഭഗവാനും ലോകവ്യാപാര നിമഗ്നനായിരിക്കുന്നുതുകണ്ടിട്ട് നേട്ടങ്ങള്‍മാത്രമുളള ഒരുത്തമമനുഷ്യനായി അദ്ദേഹത്തെ കണക്കാക്കുന്നു. ഇതുതന്നെയാണ് അവിടുത്തെ ദിവ്യമഹിമ. നശ്വരമെന്നു തോന്നിച്ച് പ്രകൃതിക്കടിമപ്പെട്ടമട്ടില്‍ കഴിയുമ്പോഴും അവിടുന്ന് യാതൊരുവിധ ഗുണദോഷങ്ങളാലും കളങ്കപ്പെടുന്നില്ല. പ്രകൃതിയിലെ സത്വ-രജസ്-തമോ ഗുണങ്ങള്‍ ഒന്നും അവിടുത്തെ ബാധിക്കുന്നുമില്ല. അവിടുത്തെ പാദങ്ങളും അഭയം തേടുന്നവര്‍ക്കും ത്രിഗുണങ്ങളുടെ കളങ്കം ബാധിക്കയില്ല.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF