ശൂര്‍പ്പണഖാവിലാപം
രാവണഭഗിനിയും രോദനംചെയ്തു പിന്നെ
രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍.
സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും
രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍.
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ഭഗിനിയോടവനുമുരചെയ്‌താന്‍:
“എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍?
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്‌കൃതംചെയ്തതവന്‍തന്നെ ഞാനൊടുക്കുവന്‍.
സത്യംചൊ”ല്ലെന്നനേരമവളുമുരചെയ്താ-
“ളെത്രയും മൂഢന്‍ ഭവാന്‍ പ്രമത്തന്‍ പാനസക്തന്‍
സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും.
കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കള്‍
കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം
പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോര്‍ത്താല്‍ .”
എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന-
നെന്നോടു ചൊല്ലീ’ടേവന്‍ രാമനാകുന്നതെന്നും
എന്തൊരുമൂലമവന്‍ കൊല്ലുവാനെന്നുമെന്നാ-
ലന്തകന്‍തനിക്കു നല്‌കീടുവനവനെ ഞാന്‍.’
സോദരി ചൊന്നാളതുകേട്ടു രാവണനോടു
“യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം.
ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍ നി-
ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേന്‍;
സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്‌ക്കുന്നേരം.
ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ-
ദാശ്രയഭൂതന്‍ ജടാവല്‌ക്കലങ്ങളും പൂണ്ടു
ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും
സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി
സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍
നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കല്‍.
ദേവഗന്ധര്‍വ്വനാഗമാനുഷനാരിമാരി-
ലേവം കാണ്മാനുമില്ല കേള്‍പ്പാനുമില്ല നൂനം.
ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവര്‍ഗ്ഗവും
നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
കാണുമ്പോളനംഗനും ദേവതയവളല്ലോ.
തല്‍പതിയാകും പുരുഷന്‍ ജഗല്‍പതിയെന്നു
കല്‍പിക്കാം വികല്‍പമില്ലല്‍പവുമിതിനിപ്പോള്‍.
ത്വല്‍പത്നിയാക്കീടുവാന്‍ തക്കവളവളെന്നു
കല്‍പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേന്‍.
മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപ്പോള്‍
ലക്ഷ്‌മണന്‍ കോപത്തോടെ രാഘവനിയോഗത്താല്‍.
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍
യുദ്ധാര്‍ത്ഥം നക്തഞ്ചരാനീകിനിയോടുമവന്‍
രോഷവേഗേന ചെന്നു രാമനോടേറ്റനേരം
നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍.
ഭസ്‌മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍
വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാല്‍!
കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപ്പോള്‍
നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും.
ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ-
മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാന്‍.
തത്സാമര്‍ത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
രാമനോടേറ്റാല്‍ നില്‍പാന്‍ നിനക്കു ശക്തിപോരാ
കാമവൈരിക്കും നേരേ നില്‌ക്കരുതെതിര്‍ക്കുമ്പോള്‍.
മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു.”
സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂര്‍ണ്ണം
തന്നുടെ മണിയറതന്നിലങ്ങകംപുക്കാന്‍
വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം.
‘എത്രയും ചിത്രം ചിത്രമോര്‍ത്തോളമിദമൊരു
മര്‍ത്ത്യനാല്‍ മൂന്നേമുക്കാല്‍ നാഴികനേരംകൊണ്ടു
ശക്തനാം നക്തഞ്ചരപ്രവരന്‍ ഖരന്‍താനും
യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും
പത്തികള്‍ പതിന്നാലായിരവും മുടിഞ്ഞുപോല്‍!
വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
ഭക്തവത്സലനായ ഭഗവാന്‍ പത്മേക്ഷണന്‍
മുക്തിദാനൈകമൂര്‍ത്തി മുകുന്ദന്‍ മുക്തിപ്രിയന്‍
ധാതാവു മുന്നം പ്രാര്‍ത്ഥിച്ചോരു കാരണമിന്നു
ഭൂതലേ രഘുകുലേ മര്‍ത്ത്യനായ് പിറന്നിപ്പോള്‍
എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ.
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാല്‍.
കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി-
നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍
തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍.
സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ
രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍.
‘വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു
ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍.’