മാതുര്‍ഗര്‍ഭഗതോ വീരസ്സതദാ ഭൃഗുനന്ദന!
ദദര്‍ശ പുരുഷം കഞ്ചിദ് ദഹ്യമാനോസ്ത്രതേജസാ (1-12-7)
അംഗുഷ്ഠമാത്രമമലം സ്ഫുരത്പുരടമൗലിനം
അപീച്യദര്‍ശനം ശ്യാമം തഡിദ്വാസസമച്യുതം (1-12-8)
ശൗനകന്‍ പ്രാര്‍ത്ഥിച്ചു:
അല്ലയോ സൂതാ, ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ശ്രീകൃഷ്ണന്‍ രക്ഷിച്ചുവെന്നുപറഞ്ഞുവല്ലോ. പരീക്ഷിത്തിന്റെ ജനനത്തെപ്പറ്റിയും അദ്ദേഹം എന്തൊക്കെ ചെയ്തുവെന്നും ഇനി പറഞ്ഞുതന്നാലും.
സൂതന്‍ പറഞ്ഞു:
അതിഭയങ്കരമായ നാളത്തോടുകൂടിയ ഒരു തീഗോളം ഉത്തരയുടെ വയറ്റില്‍ക്കിടക്കുന്നു ശിശുവിനെ പീഢിപ്പിച്ചുകൊണ്ടിരിക്കെ കൈവിലരോളം വലിപ്പവും നീലവര്‍ണ്ണവും മഞ്ഞവസ്ത്രധാരിയുമായ ഒരു സത്വം സൂര്യനെപ്പോലെ തിളങ്ങിയും സുവര്‍ണ്ണകിരീടം ധരിച്ചും പ്രത്യക്ഷമായി. അത് ശ്രീകൃഷ്ണഭഗവാന്‍ തന്നെയായിരുന്നു. ആയുധത്തെ നിര്‍വീര്യമാക്കിയതും ആഗ്നേയാസ്ത്രത്തിന്റെ ചൂടില്‍നിന്നും തന്നെരക്ഷിച്ചതും ആ സത്വമാണെന്ന് ശിശു മനസിലാക്കി. തീയെല്ലാം അടങ്ങിയപ്പോള്‍ ശിശുവിന്റെ കാഴ്ചയില്‍നിന്നും ആ തേജഃപുഞ്ജം മറഞ്ഞുപോയി. പിന്നീട് ഉത്തര നല്ലൊരു മുഹൂര്‍ത്തത്തില്‍ പാണ്ഡവകുലത്തിന്റെ അവകാശിയായ ശിശുവിനെ പ്രസവിച്ചു. ശിശുവിന്റെ മുത്തച്ഛന്മാര്‍ സന്തോഷിച്ചു. രാജാവാകട്ടെ കയ്യഴിഞ്ഞ് ദാനധര്‍മ്മങ്ങള്‍ ചെയ്ത് ഈ അവസരം ആഘോഷിച്ചു.
നക്ഷത്രനിലകള്‍ നോക്കിയ ജ്യോത്സ്യന്മാര്‍ കുട്ടി ഭാവിയില്‍ ധര്‍മ്മിഷ്ഠനും മഹാനുമായ രാജാവായിത്തീരുമെന്ന് പ്രവചിച്ചു. ഇഷ്വാകുവിനെപ്പോലെ നീതിമാനായ ഭരണകര്‍ത്താവും രാമനെപ്പോലെ സത്യപരിരക്ഷകനും ശിബിയെപ്പോലെ ദാനശീലനും ഭരതനെപ്പോലെ പ്രശസ്തനും അര്‍ജ്ജുനനെപ്പോലെ വില്ലാളിയും സിംഹത്തെപ്പോലെ വീരനും ഭൂമിയെപ്പോലെ ക്ഷമാശീലനും ബ്രഹ്മാവിനെപ്പോലെ സമബുദ്ധിയും ശിവനെപ്പോലെ ഉന്നതനും വിഷ്ണുവിനെപ്പോലെ സംരക്ഷകനും ശ്രീകൃഷ്ണന്റെ ഗുണഗണങ്ങളുളളവനും രന്തിദേവനെപ്പോലെ ദയാവായ്പ്പുളളവനും യയാതിയെപ്പോലെ പാവനചരിതനും ബാലിയെപ്പോലെ ഉരച്ചവനും പ്രഹ്‌ളാദനെപ്പോലെ കൃഷ്ണഭക്തനുമായി പരീക്ഷിത്തു രാജ്യം ഭരിച്ചു. ദുഷ്ടശക്തികളെ മുഴുവന്‍ കീഴ്പ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
കാലമേറെക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ബ്രാഹ്മണശാപം ഏല്‍ക്കാനിടയായി. അതുമൂലം സര്‍പ്പദംശനമേറ്റുളള മരണം തീര്‍ച്ചയായിരുന്നു. മരണം കാത്തുകിടക്കുമ്പോള്‍ രാജാവ് സര്‍വ്വസമ്പല്‍സമൃദ്ധികളുമുപേക്ഷിച്ച് ഭഗവല്‍ക്കഥകള്‍ കേള്‍ക്കുന്നുതില്‍ മാത്രം ഉത്സുകനായിക്കഴിഞ്ഞു. കഥകള്‍ പറഞ്ഞുകൊടുത്തത് മഹാമുനിയായ ശുകന്‍തന്നെയായിരുന്നു. അങ്ങിനെ ഭഗവല്‍ച്ചരണങ്ങളില്‍ മനസ്സുറപ്പിച്ച് രാജാവ് ഭൗതികശരീരത്തെ ഉപേക്ഷിക്കുകയാണുണ്ടായത്. ജനനസമയത്ത് വിഷ്ണുവിനാല്‍ പരിരക്ഷിക്കപ്പെട്ടവനായതുകൊണ്ട് അദ്ദേഹം വിഷ്ണുരാതനെന്ന പേരിലും അറിയപ്പെടുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചുകണ്ട ആ തോജോരൂപത്തെ തുടര്‍ന്നും ജീവിതകാലം മുഴുവന്‍ അന്വേഷിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെ പരീക്ഷിത്ത് എന്നും വിളിക്കുന്നു. ( പരീക്ഷിത്ത് – എന്തിനെങ്കിലും വേണ്ടി നിരന്തരം തേടിക്കൊണ്ടിരിക്കുന്നുയാള്‍)
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF