ബിഭ്രദ്വേണും ജഠപപടയോഃ ശൃംഗവേത്രേ ച കക്ഷേ
വാമേ പാണൗ മസൃണകബളം തത്ഫലാന്യങ്ഗുലീഷു
തിഷ്ഠന്‍ മധ്യേ സ്വപരിസുഹൃദോ ഹാസയന്‍ നര്‍മ്മഭിഃ സ്വൈഃ
സ്വര്‍ഗ്ഗേ ലോകേ മിഷതി ബുഭുജേ യജ്ഞഭുഗ്ബാലകേളിഃ (10-13-11)
യാവദ്വത്സപവത്സകാല്‍പകവപുര്‍യാവത് കരാങ്ഘ്ര്യാദികം
യാവദ്യഷ്ടി വിഷാണവേണുദളശിഗ്യാവദ് വിഭൂഷാംബരം
യാവച്ഛീലഗുണാഭിധാകൃതിവയോ യാവദ് വിഹാരാദികം
സര്‍വ്വം വിഷ്ണുമയം ഗിരോഽങ്ഗവദജഃ സര്‍വ്വസ്വരൂപോ ബഭൗ (10-13-19)
ആ ഒരു വര്‍ഷം എങ്ങനെ കഴിഞ്ഞു പോയി എന്ന പരീക്ഷിത്തിന്റെ ചോദ്യത്തിന് ഉത്തരമായി ശുകമുനി തുടര്‍ന്നു:
മലമ്പാമ്പിന്റെ (അഘാസുരന്‍) വായില്‍നിന്നും എല്ലാവരും പുറത്തുവന്നു എന്നു പറഞ്ഞുവല്ലോ. കൃഷ്ണന്‍ എല്ലാവരെയും കൂട്ടി നദീതീരത്ത് ഉല്ലാസയാത്രക്ക് പോയി. പഞ്ചാരമണല്‍തിട്ട. പശുക്കുട്ടികള്‍ പുല്ലു മേയുന്നു. കൃഷ്ണന്‍ നടുവിലിരുന്ന് മറ്റു കുട്ടികള്‍ ചുറ്റും വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ തയ്യാറായി. അവരെല്ലാം സ്വന്തം വീടുകളില്‍നിന്നും ആഹാരം കൊണ്ടുവന്നിരുന്നു. ഇലകളും മരത്തോലും മറ്റും പാത്രങ്ങളായി. ഉല്ലാസത്തിമിര്‍പ്പോടെ അവര്‍ ഭക്ഷണം കഴിച്ചു. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചുമിരിക്കുന്ന ബാലന്മാര്‍ക്കു നടുവിലായി കൃഷ്ണന്‍ . ഓടക്കുഴല്‍ മടിയില്‍ത്തിരുകി വടിയും കൊമ്പും കക്ഷത്തിലിറുക്കി വെണ്ണകൂട്ടി കുഴച്ച ചോറ് ഇടതു കയ്യിലും തൊട്ടുകറികള്‍ വിരലുകള്‍ക്കിടയിലും വച്ച് കൃഷ്ണന്‍ കൂട്ടുകാരെ ഉല്ലസിപ്പിച്ചങ്ങനെ വിളങ്ങി. ദേവതകള്‍ ഭഗവാന്റെ ഈ ബാലരൂപം കണ്ട് അതിശയിച്ചു.
അങ്ങനെയിരിക്കെ പൈക്കുട്ടികള്‍ പുല്ലുമേഞ്ഞ് കാടുകയറിപ്പോയി. നദിക്കരയില്‍ കൂട്ടുകാരെ ഇരുത്തി പൈക്കളെ തിരിച്ചു കൊണ്ടുവരാമെന്നു പറഞ്ഞു കൃഷ്ണന്‍ അവരെ സമാധാനപ്പെടുത്തി. കൃഷ്ണന്‍ ഗോക്കളെ തിരയുന്ന സമയത്ത് സ്രഷ്ടാവായ ബ്രഹ്മാവ് കൃഷ്ണന്റെ ലീലാവിനോദങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരുന്നുവെങ്കിലും ഒരു മായാപ്രയോഗം നടത്തി. പശുക്കുട്ടികളെയും ഗോപാലന്മാരെയും അപഹരിച്ച് അവരെ ഒളിപ്പിച്ചുവച്ചു. താനും ഒളിച്ചു നിന്നു. കൃഷ്ണന്‍ പൈക്കുട്ടികളെ കാണാതലഞ്ഞു് തിരികെ നദീതീരത്തു വരുമ്പോള്‍ ഗോപാലന്മാരാരും അവിടെയില്ല. കൃഷ്ണന് ബ്രഹ്മാവിന്റെ വിദ്യ മനസ്സിലായി.
സര്‍വ്വം വിഷ്ണുമയം ജഗത് എന്ന ശാസ്ത്രവിളംബരത്തെ അന്വര്‍ത്ഥമാക്കാന്‍ ഭഗവാന്‍ പൈക്കുട്ടികളായും ഗോപാലന്മാരായും സ്വയം പരിണമിച്ചു. മാത്രമല്ല അവരുടെ ആഭരണാദികളും സാമഗ്രികളും വസ്തുക്കളുമെല്ലാമായി അതേപടി ഭഗവാന്‍ സ്വയം മാറി. ബ്രഹ്മാവു മോഷ്ടിച്ചു കൊണ്ടുപോയ പശുക്കളുടേയും മേച്ചുനടന്ന ഗോപാലന്മാരുടേയും മറ്റും യഥാതഥപ്രതിബിംബങ്ങള്‍ ക്ഷണനേരത്തിലവിടെയുണ്ടായി. അതേ നിറം, തരം, സ്വഭാവം, പ്രായം, ഭാവഹാവാദികള്‍, നാമം, മാനസികാവസ്ഥകള്‍ എന്നിവയെല്ലാമായി കൃഷ്ണന്‍ സ്വയം പ്രകാശിച്ചു. അന്നു വൈകുന്നേരം കൃഷ്ണന്‍ സംഘത്തെ നയിച്ചുകൊണ്ട് ഗ്രാമത്തില്‍ തിരിച്ചെത്തി. തന്റെ ആത്മസ്വരൂപം സ്വയം കൃഷ്ണനും പശുക്കളും ഗോപാലന്മാരും എല്ലാമായി ഗ്രാമത്തിലെത്തിയപാടെ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് കാലികളേയും തെളിച്ചുകൊണ്ടു പോയി. അവിടെ യാതൊരു വ്യത്യാസവുമില്ലാതെ താമസിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF