ഗോപജാതിപ്രതിച്ഛന്നാ ദേവാ ഗോപാലരൂപിണഃ
ഈഡിരേ കൃഷ്ണരാമൗ ച നടാ ഇവ നടം നൃപ (10-18-11)
ഭ്രാമണൈര്‍ല്ലങ്ഘനൈഃ ക്ഷേപൈരാസ്ഫോടന വികര്‍ഷണൈഃ
ചിക്രീഡതുര്‍ന്നിയുദ്ധേന കാകപക്ഷധരൗ ക്വചിത്‌ (10-18-12)
ക്വചിന്നൃത്യത്സു ചാന്യേഷു ഗായകൗ വാദ‌കൗ സ്വയം
ശശംസതുര്‍മ്മഹാരാജ, സാധു സാധ്വിതി വാദിനൗ (10-18-13)
കൃഷ്ണസ്യ യോഗവീര്യം തദ്യോഗമായാനുഭാവിതം
ദാവാഗ്നേരാത്മനഃ ക്ഷേമം വീക്ഷതേ മേനിരേഽമരം (10-19-14)

ശുകമുനി തുടര്‍ന്നു:

അതൊരു വേനല്‍ക്കാലമായിരുന്നു. എന്നാല്‍ വൃന്ദാവനത്തിലെന്നും വസന്തം തന്നെ. കത്തിയെരിയുന്ന സൂര്യന്‍ വൃന്ദാവനത്തിന്‌ മുകളില്‍ സൗമ്യമായി പ്രകാശിച്ച്‌ കഠിനമായ ചൂടിനു പകരം ഊഷ്മളത മാത്രം നല്‍കി. അനേകം തടാകങ്ങളും ജലംകൊണ്ട്‌ തണുത്തും പരാഗപരിമണത്താല്‍ സൗരഭ്യമാര്‍ന്നും വൃന്ദാവനത്തില്‍ കാറ്റു വീശി. ഭഗവാനു നടക്കാന്‍ കട്ടിപ്പരവതാനിയുമായി പുല്ലും പൂച്ചെടികളും അവിടെ നിരന്നു. പക്ഷിമൃഗാദികള്‍ മധുരസംഗീതവുമായി ഭഗവാനെ ആനന്ദിപ്പിച്ചു. കൃഷ്ണന്‍ അവരെയെല്ലാം സ്നേഹിച്ചു. കൃഷ്ണന്‍ സ്വയം പ്രേമം തന്നെയായിരുന്നു. ഗോപാലന്മാര്‍ കൃഷ്ണനെ സ്നേഹിച്ചു. അവരെല്ലാം ഗോപാലവേഷത്തില്‍ ജനിച്ച ദേവന്മാരത്രെ. അതുപോലെ കൃഷ്ണബലരാമന്മാര്‍ ഈശ്വരാവതാരങ്ങളാണെങ്കിലും ഗോപാലവേഷമാടുകയാണല്ലോ. ഒരു ദിവസം അവരെല്ലാം കൂടി പലേവിധ കളികളിലേര്‍പ്പെട്ടിരുന്നു. അവരെല്ലാം തങ്ങളുടെ അളകങ്ങളെ കാറ്റില്‍ പറക്കാന്‍ വിട്ട്‌ അത്യാകര്‍ഷകമായി കാണപ്പെട്ടു. പരസ്പരം കൈപിടിച്ച്‌ വട്ടംചുറ്റുകയും നീളത്തില്‍ ചാടുകയും ഭാരമെറിഞ്ഞും കെട്ടിമറിഞ്ഞും ഗുസ്തിപിടിക്കുകയുമൊക്കെ ചെയ്തു അവര്‍ . മറ്റു ബാലന്മാര്‍ കളിക്കുമ്പോള്‍ കൃഷ്ണനും ബലരാമനും സംഗീതോപകരണങ്ങള്‍ വായിച്ച്‌ ബലേ ഭേഷ്‌ എന്നു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രലംഭന്‍ എന്ന പേരായ ഒരു രാക്ഷസന്‍ ഗോപവൃന്ദത്തില്‍ കയറിക്കൂടി. കൃഷ്ണന്‍ അവനെ തിരിച്ചറിഞ്ഞുവെങ്കിലും അവനെയും കൂട്ടി സംഘത്തെ രണ്ടായിത്തിരിച്ച്‌ കളികള്‍ തുടരാമെന്ന് നിര്‍ദ്ദേശിച്ചു. കൃഷ്ണനും ബലരാമനും ഓരോ സംഘത്തലവന്മാരായി. അവര്‍ പലേ കളികളും കളിച്ചു. ഒരു സംഘം ജയിക്കുമ്പോള്‍ തോറ്റവര്‍ ജയിച്ചവരെ ഓരോരുത്തരെ ചുമലിലേറ്റി നടക്കണം എന്നായിരുന്നു തീരുമാനം. അങ്ങനെ കളികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇടയ്ക്ക്‌ കൃഷ്ണന്റെ സംഘം വിജയിക്കും, അല്ലാത്തപ്പോള്‍ ബലരാമന്റേതും. ഒരിക്കല്‍ കൃഷ്ണസംഘം തോല്‍പ്പിക്കപ്പെട്ടു. അപ്പോള്‍ കൃഷ്ണസംഘത്തിലുണ്ടായിരുന്ന പ്രലംഭന്റെ ചുമതല ബലരാമനെ ചുമലിലേറ്റുക എന്നതായിരുന്നു. ബലരാമനെ തോളത്തു കയറ്റി ഓടുമ്പോള്‍ പ്രലംഭന്‌ ബലരാമന്റെ ഭാരം അസഹ്യമായിത്തോന്നി. ഭാരത്തിലമര്‍ന്ന് പ്രലംഭന്‍ തളര്‍ന്നു. അവന്‍ തന്റെ സ്വരൂപം വെളിപ്പെടുത്തി. ബലരാമന്‍ ആദ്യമൊന്നമ്പരന്നുവെങ്കിലും സ്വയം തന്റെ ദിവ്യതയെപ്പറ്റി ബോധവാനായി രാക്ഷസനെ ആഞ്ഞൊന്നു വീശിയടിച്ചു. ഇടിമിന്നലിന്റെ ശക്തിയില്‍ വീണ പ്രഹരത്തില്‍ പ്രലംഭന്‍ ചത്തു വീണു. ഗോപാലന്മാര്‍ ആഹ്ലാദിച്ചാര്‍ത്തു വിളിച്ചു. ബലരാമനെ അഭിനന്ദിച്ചു. രാമനുവേണ്ടി പ്രാര്‍ത്ഥനയും നടത്തി. മറ്റൊരവസരത്തില്‍ ഗോപാലവൃന്ദത്തെമുഴുവന്‍ കാട്ടുതീ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ കൃഷ്ണന്‍ എല്ലാവരോടും കണ്ണടച്ചിരിക്കാന്‍ പറഞ്ഞിട്ട്‌ സ്വയം ആ തീ മുഴുവന്‍ വിഴുങ്ങിക്കളഞ്ഞു. വൃന്ദാവനവാസികള്‍ കൃഷ്ണനെ അമാനുഷികനെന്നു കരുതിപ്പോന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF