ഫെബ്രുവരി 4, 1935
ചോ: ദേഹം ഞാനല്ല, കര്‍ത്താവും ഭോക്താവും ഞാനല്ല എന്ന മട്ടില്‍ സ്വരൂപത്തെ ദര്‍ശിക്കാമോ?
ഉ: ഇത്തരം വിചാരങ്ങളെല്ലാമെന്തിന്? നമ്മിലാരെങ്കിലും താന്‍ മനുഷ്യനാണെന്ന് ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടോ? അങ്ങനെ ഓര്‍മ്മിച്ചില്ലെങ്കില്‍ നാം മനുഷ്യരല്ലാതായിപ്പോകുമോ?
ചോ: നാനാത്വം ഇവിടെ ഇല്ല. ‘നേഹനാനാസ്തികിഞ്ചന’ എന്നു ശ്രുതികളില്‍ പറയുമ്പോലെ സര്‍വ്വവും അഭേദമെന്നു കാണണമോ?
ഉ: അതുകൂടെ എന്തിന്!
ചോ: അതല്ലെങ്കില്‍ ഞാനേ സദ്വസ്തു എന്നു വിചാരിച്ചാല്‍ മതിയാവുമോ?
ഉ: അനുഭവത്തില്‍ വിചാരത്തിനിടമില്ല. നമ്മെപ്പറ്റിയോ വേറൊന്നിനെപ്പറ്റിയോ വിചാരിക്കാതിരിക്കുന്നതാണ് ശരിയായ നില. വിചാരം വേറെ. അനുഭവം അതിനെക്കാളും വേറൊന്നാണ്.
ചോ: ആദ്ധ്യാത്മിക പുരോഗതിക്ക് ശരീരം മാഞ്ഞു പോകുന്നത് ആവശ്യമല്ലേ? ദേഹവിസ്മൃതി അനുകൂലമായിരിക്കുമല്ലോ?
ഉ: അതുകൊണ്ട് നിങ്ങള്‍ എന്തുദ്ദേശിക്കുന്നു? നിങ്ങള്‍ ആ ദേഹമാണോ?
ചോ: സാക്ഷാല്‍കാരപ്രാപ്തിക്ക് ദേഹത്തിനൊരു മാറ്റം സംഭവിക്കണമെന്നില്ലേ?
ഉ: ദേഹത്തിനെന്തു മാറ്റം സംഭവിക്കണം? എന്തിന്?
ചോ: ദേഹവിസ്മരണം ഉയര്‍ന്ന ജ്ഞാനത്തിന്റെ ലക്ഷണമാണല്ലോ?
ഉ: എന്നാല്‍ എല്ലാവരുടെയും മുന്‍പില്‍ ജീവിച്ചിരുന്നു സംസാരിച്ച് ഗ്രന്ഥങ്ങളെഴുതിയ മഹത്തുക്കള്‍ അജ്ഞാനികളാണോ?
ചോ: വാത്മീകി, വസിഷ്ഠര്‍ തുടങ്ങിയവര്‍ ഞാന്‍ പറഞ്ഞ സിദ്ധിയും ഉള്ളവരായിരുന്നില്ലേ?
ഉ: ജ്ഞാനത്തോടു ചേര്‍ന്നു ഇത്തരം സിദ്ധികളും വച്ചുകൊണ്ടിരുന്നത് അവരുടെ പ്രാരബ്ധവിശേഷമായിരിക്കാം. എന്നാല്‍ നമുക്കതെല്ലാം എന്തിന്? ജ്ഞാനത്തിനെതിരായ ചിത്തവിഷയങ്ങളില്‍ നമ്മുടെ ശ്രദ്ധ എന്തിനു പോകുന്നു? സ്വന്തം ദേഹം അന്യര്‍ക്കു ഗോചരമായിരിക്കുന്നതില്‍ ഏതെങ്കിലും ജ്ഞാനിക്കു വിഷമം തോന്നീട്ടുണ്ടോ?
ചോ: ഇല്ല.
ഉ: ഒരിന്ദ്രജാലക്കാരനു വേണമെങ്കില്‍ തന്റെ ദേഹത്തെ അഗോചരമാക്കി വയ്ക്കാവുന്നതാണ്. അങ്ങനെ ചെയ്തതുകൊണ്ടുള്ള വിശേഷമെന്ത്? അക്കാരണത്താല്‍ അവര്‍ ജ്ഞാനികളാവുമോ?
ചോ: ഇല്ല.
ഉ: കാണപ്പെടാനും കാണപ്പെടാതിരിക്കാനും വേണ്ടി ആദ്യം ഒരാള്‍ ഉണ്ടായിരിക്കണം. കാണുന്നവനാരെന്ന് ആദ്യം നോക്കാം. ആവശ്യമണെന്നു തോന്നിയാല്‍ മറ്റുള്ളവയെയും നോക്കാം.