MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണമാരീചസംവാദം

ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു
ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു.
തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി
പാരാതെ പാരാവാരപാരമ‍ാം തീരം തത്ര
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം
ഘോരന‍ാം ദശാനനന്‍ കാര്യഗൗരവത്തോടും.
മൗനവുംപൂണ്ടു ജടാവല്‌ക്കലാദിയും ധരി-
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളില്‍
രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-
ണ്ടാമോദത്തോടു മരുവീടിന മാരീചനും
ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ
ലോകോപദ്രവകാരിയായ രാവണന്‍തന്നെ
കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്‌തു പൂണ്ടു-
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്‌ഠന്‍
യോജിച്ചു ചിത്തമപ്പോള്‍ ചോദിച്ചു മാരീചനും:
“എന്തൊരാഗമനമിതേകനായ്‌തന്നെയൊരു
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കല്‍.
ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ
നല്ലതു വരുത്തുവാനുളളതില്‍ മുമ്പനല്ലോ.
ന്യായമായ്‌ നിഷ്‌കല്‍മഷമായിരിക്കുന്ന കാര്യം
മായമെന്നിയേ ചെയ്‌വാന്‍ മടിയില്ലെനിക്കേതും.”
മാരീചവാക്യമേവം കേട്ടു രാവണന്‍ ചൊന്നാ-
“നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.
സാകേതാധിപനായ രാജാവു ദശരഥന്‍
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോല്‍
രാമലക്ഷ്‌മണന്മാരെന്നിരുവരിതുകാലം
കോമളഗാത്രിയായോരംഗനാരത്നത്തോടും
ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വര്‍ ബലാ
ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും
കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍
ചെന്നിതു പതിന്നാലായിരവുമവരെയും
നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍
കോന്നിതു മൂന്നേമുക്കാല്‍ നാഴികകൊണ്ടു രാമന്‍.
തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു-
മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ
ഹേമവര്‍ണ്ണം പൂണ്ടോരു മാനായ്‌ ചെന്നടവിയില്‍
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം.
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ
വാമഗാത്രിയെയപ്പോള്‍ കൊണ്ടു ഞാന്‍ പോന്നീടുവന്‍.
നീ മമ സഹായമായിരിക്കില്‍ മനോരഥം
മാമകം സാധിച്ചീടുമില്ല സംശയമേതും.”
പംകതികന്ധരവാക്യം കേട്ടു മാരീചനുളളില്‍
ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്‌താന്‍ഃ
“ആരുപദേശിച്ചിതു മൂലനാശനമായ
കാരിയം നിന്നോടവന്‍ നിന്നുടെ ശത്രുവല്ലോ.
നിന്നുടെ നാശം വരുത്തീടുവാനവസരം-
തന്നെപ്പാര്‍ത്തിരിപ്പോരു ശത്രുവാകുന്നതവന്‍.
നല്ലതു നിനക്കു ഞാന്‍ ചൊല്ലുവന്‍ കേള്‍ക്കുന്നാകില്‍
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.
രാമചന്ദ്രനിലുളള ഭീതികൊണ്ടകതാരില്‍
മാമകേ രാജരത്നരമണീരഥാദികള്‍
കേള്‍ക്കുമ്പോളതിഭീതനായുളള ഞാനോ നിത്യം;
രാക്ഷസവംശം പരിപാലിച്ചുകൊള്‍ക നീയും.
ശ്രീനാരായണന്‍ പരമാത്മാവുതന്നെ രാമന്‍
ഞാനതില്‍ പരമാര്‍ത്ഥമറിഞ്ഞേന്‍ കേള്‍ക്ക നീയും.
നാരദാദികള്‍ മുനിശ്രേഷ്‌ഠന്മാര്‍ പറഞ്ഞു പ-
ണ്ടോരോരോ വൃത്താന്തങ്ങള്‍ കേട്ടേന്‍ പൗലസ്ത്യ‍പ്രഭോ!
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിച്ചകാലം നാഥന്‍
പത്മലോചനനരുള്‍ചെയ്‌തിതു വാത്സല്യത്താല്‍
എന്തു ഞാന്‍ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു
ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ!
‘നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു
പംക്തികന്ധരന്‍തന്നെക്കൊല്ലണം മടിയാതെ.’
അങ്ങനെതന്നെയെന്നു സമയംചെയ്‌തു നാഥന്‍
മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്ല‍ാം.
മാനുഷനല്ല രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍-
താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ.
പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ
മായാമാനുഷന്‍തന്നെസ്സേവിച്ചുകൊള്‍ക നിത്യം.
എത്രയും പരമകാരുണികന്‍ ജഗന്നാഥന്‍
ഭക്തവത്സലന്‍ ഭജനീയനീശ്വരന്‍ നാഥന്‍.”
മാരീചന്‍ പറഞ്ഞതു കേട്ടു രാവണന്‍ ചൊന്നാന്‍ഃ
“നേരത്രേ പറഞ്ഞതു നിര്‍മ്മലനല്ലോ ഭവാന്‍.
ശ്രീനാരായണസ്വാമി പരമന്‍ പരമാത്മാ-
താനരവിന്ദോത്ഭവന്‍ തന്നോടു സത്യംചെയ്‌തു
മര്‍ത്ത്യനായ്‌ പിറന്നെന്നെക്കൊല്ലുവാന്‍ ഭാവിച്ചതു
സത്യസങ്കല്‍പനായ ഭഗവാന്‍താനെങ്കിലോ
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?
നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോര്‍ത്തീലൊട്ടും
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം
ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം.
ഉത്തിഷ്‌ഠ മഹാഭാഗ പൊന്മാനായ്‌ ചമഞ്ഞു ചെ-
ന്നെത്രയുമകറ്റുക രാമലക്ഷ്‌മണന്മാരെ.
അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവന്‍
പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ.
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി-
ലെന്നുടെ വാള്‍ക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ.”
എന്നതു കേട്ടു വിചാരിച്ചിതു മാരീചനുംഃ
‘നന്നല്ല ദുഷ്‌ടായുധമേറ്റു നിര്യാണംവന്നാല്‍
ചെന്നുടന്‍ നരകത്തില്‍ വീണുടന്‍ കിടക്കണം,
പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌വരുമല്ലോ
രാമസായകമേറ്റു മരിച്ചാ’ലെന്നു ചിന്തി-
ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാന്‍ഃ
“രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കില്‍
സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ!”
എന്നുരചെയ്‌തു വിചിത്രാകൃതി കലര്‍ന്നൊരു
പൊന്‍നിറമായുളെളാരു മൃഗവേഷവും പൂണ്ടാന്‍.
പങ്‌ക്തികന്ധരന്‍ തേരിലാമ്മാറു കരേറിനാന്‍
ചെന്താര്‍ബാണനും തേരിലേറിനാനതുനേരം.
ചെന്താര്‍മാനിനിയായ ജാനകിതന്നെയുളളില്‍
ചിന്തിച്ചു ദശാസ്യനുമന്ധനായ്‌ ചമഞ്ഞിതു.
മാരീചന്‍ മനോഹരമായൊരു പൊന്മാനായി
ചാരുപുളളികള്‍ വെളളികൊണ്ടു നേത്രങ്ങള്‍ രണ്ടും
നീലക്കല്‍കൊണ്ടു ചേര്‍ത്തു മുഗ്‌ദ്ധഭാവത്തോടോരോ
ലീലകള്‍ കാട്ടിക്കാട്ടിക്കാട്ടിലുള്‍പ്പുക്കും പിന്നെ
വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-
രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും
രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോള്‍
രാകേന്ദുമുഖി സീത കണ്ടു വിസ്‌മയംപൂണ്ടാള്‍.

രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍
ദേവിയോടരുള്‍ചെയ്താനേകാന്തേ, “കാന്തേ! കേള്‍ നീ
രക്ഷോനായകന്‍ നിന്നെക്കൊണ്ടുപോവതിനിപ്പോള്‍
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പര്‍ണ്ണശാലയില്‍ നിര്‍ത്തീടണം.
വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞു വസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം.
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-
ദാശ്രയഭൂതേ! സീതേ! ധര്‍മ്മരക്ഷാര്‍ത്ഥം പ്രിയേ!”
രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും
കോമളഗാത്രിയായ മായാസീതയെത്തത്ര
പര്‍ണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കല്‍
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോള്‍ .