മാ കഞ്ചന ശുചോ രാജന്‍ യദീശ്വരവശം ജഗത്‌
ലോകാസ്സപാലാ യസ്യേമേ വഹന്തി ബലിമീശിതുഃ
സ സംയുനക്തി ഭൂതാനി സ ഏവ വിയുനക്തി ച (1-13-40)

സൂതന്‍ തുടര്‍ന്നു:

ഏതാണ്ട് ഈ സമയത്ത്‌ ധൃതരാഷ്ട്രരുടെ അനുജന്‍ വിദുരര്‍ ദീര്‍ഘമായൊരു തീര്‍ത്ഥാടനത്തിനുശേഷം ഹസ്തിനപുരത്ത്‌ തിരിച്ചെത്തി. എല്ലാവരും അദ്ദേഹത്തെ സ്വാഗതം ചെയ്തു സ്വീകരിച്ചു. യുധിഷ്ഠിരന്‍ ചോദിച്ചു. “അമ്മാവാ, അങ്ങ് സന്ദര്‍ശിച്ച തീര്‍ത്ഥങ്ങളെപ്പറ്റി ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും. അങ്ങയെപ്പോലുളള പാവനചരിതരും ദൈവീകരുമായ പുണ്യാത്മാക്കള്‍ സന്ദര്‍ശിക്കുന്നുതു കൊണ്ടുതന്നെ സ്ഥലങ്ങള്‍ തീര്‍ത്ഥങ്ങളായി മാറുന്നു.

വിദുരന്‍ തന്റെ തീര്‍ത്ഥാടനത്തെപ്പറ്റി വിശദമായിപ്പറഞ്ഞു. യാദവവംശത്തിന്റെ നാശവര്‍ത്തമാനമൊഴിച്ച്‌ മറ്റെല്ല‍ാം വിശദീകരിച്ചുകൊടുത്തു. ദിനരാത്രങ്ങള്‍ പൊയ്ക്കൊണ്ടേയിരുന്നു. ഒരു ദിവസം വിദുരന്‍ ജ്യേഷ്ഠനായ ധൃതരാഷ്ട്രരോട്‌ പറഞ്ഞു. “ജ്യേഷ്ഠാ, ഇനിയും ഗൃഹസ്ഥാശ്രമം നയിക്കുന്നുതെന്തിന്‌? രാജ്യത്തോടും കുടുംബത്തോടും ആസക്തിപൂണ്ട്‌ കാലം കടന്നുപോകുന്നതറിയുന്നില്ലേ? മരണദിനം അടുത്തു വരുന്നുതും അങ്ങേക്ക് അറിയാമല്ലോ. ജീവിതം മുഴുവന്‍ കൃഷ്ണപ്രേമത്തില്‍ മുഴുകി ലോകവ്യാപാരങ്ങളില്‍ നിന്നുവിട്ട്‌ ശുദ്ധജ്ഞാനത്തെ സ്വീകരിച്ച്‌ ഈ ശരീരമുപേക്ഷിക്കുന്നുവനെയാണ്‌ ഞാന്‍ ശരിക്കും വീരനേതാവായി കണക്കാക്കുന്നുത്‌.” ഇതുകേട്ട്‌ ധൃതരാഷ്ട്രര്‍ ഗാന്ധാരിയുമൊത്ത്‌ ആരുമരിയാതെ കൊട്ടാരമുപേക്ഷിച്ച്‌ വനത്തിലേക്കുപോയി. ധൃതരാഷ്ട്രര്‍ പോയതറിഞ്ഞ് യുധിഷ്ഠിരന്‍ വളരെ വ്യസനിച്ചു. അപ്പോള്‍ മഹാമുനിയായ നാരദന്‍ അവിടെയെത്തി അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. ധൃതരാഷ്ട്രരുടെ തിരോധാനത്തെപ്പറ്റി ആരാഞ്ഞ രാജാവിനോട്‌ നാരദന്‍ പറഞ്ഞു.

“ആര്‍ക്കുവേണ്ടിയും ദുഃഖിക്കരുത്‌ മഹാരാജാവേ, കാരണം, ഈ ലോകം മുഴുവന്‍ ഭഗവാന്റെ നിയന്ത്രണത്തിലാണ്‌. എല്ലാ ലോകങ്ങളും രാജാക്കന്മ‍ാരും അവിടുത്തെ ആരാധിക്കുന്നു. അവിടുന്ന് തന്നെയാണ്‌ മനുഷ്യരെ കൂട്ടിച്ചേര്‍ക്കുന്നുതും അകറ്റുന്നതും. മനുഷ്യജീവിയെ പരമാത്മചൈതന്യമെന്നോ ജീവനുളള ചരവസ്തുവെന്നോ ഇവ രണ്ടും ചേര്‍ന്നതെന്നോ ഇതു രണ്ടുമല്ലെന്നോ കണക്കാക്കിയാലും അവര്‍ക്കുവേണ്ടി ദുഃഖിക്കുന്നുതില്‍ അര്‍ത്ഥമില്ല. ഒരാള്‍ക്ക്‌ എങ്ങിനെ മറ്റൊരാളെ പരിരക്ഷിക്കാനാകും? ഒരുവന്റെശരീരം ധാതുനിര്‍മ്മിതവും രോഗബാധിതവും ജരാനരകള്‍ ബാധിക്കുന്നുതും കാലപ്പഴക്കത്തില്‍ മരണത്തിനടിമപ്പെടുന്നതുമാണല്ലോ. ആ ശരീരത്തിന്റെ ചുമതലയേല്‍ക്കുന്നുത്‌ വിഡ്ഢിത്തം തന്നെ. സ്വയം പെരുമ്പാമ്പിനാല്‍ വിഴുങ്ങപ്പെട്ടിരിക്കുന്ന ഒരാള്‍ മറ്റൊരാളെ എങ്ങിനേരക്ഷിക്കും? രാജാവേ, താങ്കളുടെ വല്യച്ഛനും വല്യമ്മയും വനത്തില്‍ നിരന്തരം ഭഗവല്‍ധ്യാനത്തില്‍ മുഴുകി ജീവിക്കുന്നു. മായയുടെ ത്രിഗുണങ്ങളില്‍ നിന്നുമകന്ന് ഭക്തിയോടെ കഴിയുകയാണവര്‍. താമസിയാതെ ആ വനപ്രദേശം തീയിലകപ്പെടുകയും അവരുടെ കുടിലടക്കമെല്ല‍ാം തീപ്പെടുകയുംചെയ്യും. വല്യച്ഛനും വല്യമ്മയും അവിടെവെച്ച്‌ ശരീരമുപേക്ഷിച്ച വിവരമറിയുമ്പോള്‍ വിദുരന്‍ വീണ്ടുമൊരു തീര്‍ത്ഥാടനത്തിനിറങ്ങും. അതുകൊണ്ട്‌ ഇപ്പോഴുളള ഈ വ്യര്‍ത്ഥമായ ശോകത്തെ കളയൂ.

ഈ വാക്കുകള്‍ യുധിഷ്ഠിരന്‌ ആശ്വാസവും സമാധാനവും നല്‍കി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF