അഹോ വിധാതസ്തവ ന ക്വചിദ്ദയാ
സംയോജ്യ മൈത്ര്യാ പ്രണയേന ദേഹിനഃ
താംശ്ചാകൃതാര്‍ത്ഥാന്‍ വിയുനങ്ക്ഷ്യ പാര്‍ത്ഥകം
വിക്രീഡിതം തേഽര്‍ഭക ചേഷ്ടിതം യഥാ (10-39-19)
ഏവം ബ്രുവാണാ വിരഹാതുരാ ഭൃശം വ്രജസ്ത്രിയഃ കൃഷ്ണ വിഷക്തമാനസാഃ
വിസൃജ്യ ലജ്ജാം രുരുദുഃ സ്മ സുസ്വരം ഗോവിന്ദ ദാമോദര മാധവേതി (10-39-31)

ശുകമുനി തുടര്‍ന്നു:
മഥുരാപുരിയിലെ ബന്ധുജനങ്ങളുടെ സൗഖ്യമന്വേഷിക്കുന്നുതിനിടക്ക്‌ കൃഷ്ണന്‍ പറഞ്ഞു: ‘കഷ്ടം. എന്റെ പേരില്‍ എന്റെ മാതാപിതാക്കള്‍ക്ക്‌ എത്ര ദുരിതമനുഭവിക്കേണ്ടതായി വന്നു. എന്റെ പേരില്‍ത്തന്നെ എത്ര കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു. ഞങ്ങള്‍ക്ക്‌ അവിടത്തെ കണ്ടതിന്റെ സന്തോഷം പറയാവതല്ല. അങ്ങേക്കായി ഞങ്ങള്‍ എന്തു ചെയ്യണമെന്നറിയിച്ചാലും.’ ഇതിനു മറുപടിയായി മഥുരയില്‍ നടന്ന കാര്യങ്ങളെല്ലാം അക്രൂരന്‍ വിശദീകരിച്ചു. നാരദന്റെ പ്രവചനവും കംസന്റെ പദ്ധതിയുമെല്ലാം അക്രൂരന്‍ പറഞ്ഞതുകേട്ട്‌ രാമകൃഷ്ണന്‍മാര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. അവര്‍ നന്ദഗോപരോട്‌ രാജാവിന്റെ ക്ഷണത്തെപ്പറ്റി പറയുകയും ചെയ്തു. ഗ്രാമവാസികളോട്, നഗരത്തില്‍ രാജകൊട്ടാരത്തിലെത്തിക്കാനുളള തൈരും വെണ്ണയും മറ്റു ക്ഷീരോല്‍പ്പന്നങ്ങളും സംഘടിപ്പിച്ചു വയ്ക്കാന്‍ നന്ദഗോപര്‍ ആവശ്യപ്പെട്ടു. വ്രജത്തിലെ പുരുഷന്മാര്‍ മഥുരായാത്രക്കായി തയ്യാറെടുത്തു.

എന്നാല്‍ സ്ത്രീജനങ്ങള്‍ വല്ലാതെ നിരാശരും ആകുലരുമായി കാണപ്പെട്ടു. അവര്‍ ഒന്നിച്ചുകൂടി ഇങ്ങനെ വാവിട്ടുകരഞ്ഞു: ‘ജഗന്നിയന്താവേ, നീയെത്ര ക്രൂരന്‍ . ലോകത്ത്‌ അവിടുന്നു മനുഷ്യരെ ഒന്നിച്ചു ചേര്‍ത്തിട്ട്‌ അവരുടെ ആഗ്രഹങ്ങള്‍ എല്ലാം നിവര്‍ത്തിക്കും മുന്‍പേ അവരെ പിരിക്കുന്നു. ഈ കംസദൂതന്‌ അക്രൂരന്‍ എന്നു പേര്‌ നല്‍കിയതാരാണ്‌? അയാള്‍ ഞങ്ങളുടെ ജീവന്റെ ജീവനെ ഇവിടെനിന്നും കൊണ്ടുപോകാന്‍ വന്ന ക്രൂരനത്രെ. കഷ്ടം. നമ്മുടെ കൃഷ്ണനെ നോക്കൂ. ഇപ്പോള്‍ നമ്മെ നോക്കുന്നുതുപോലുമില്ല. ഇവിടെ ശത്രുവെന്നോ മിത്രമെന്നോ ഒരു ഭാവഭേദവും കൃഷ്ണനില്ല. അവന്‍ ഇതിനെല്ലാം അതീതന്‍ . ഒരു പക്ഷേ നഗരസ്ത്രീകളുടെ വലയില്‍പ്പെട്ട്‌ കൃഷ്ണന്‍ നമ്മെ മറന്നുപോയേക്കും. ആ സ്ത്രീകള്‍ക്ക്‌ കൃഷ്ണദര്‍ശനം കിട്ടുന്ന ദിവസം മഹത്തായിരിക്കും. കാരണം ഭഗവാന്റെ മധുരമനോജ്ഞമായ മുഖമാണല്ലോ അവര്‍ കാണാന്‍ പോകുന്നത്‌.’ രഥം പോകാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ ലജ്ജയേതുമില്ലാതെ ഉറക്കെ കരഞ്ഞു. ഗോവിന്ദാ, ദാമോദരാ, മാധവാ എന്നിങ്ങനെ വിളിച്ച്‌ വിരഹദുഃഖവേദന സഹിക്കാതെ ചിലര്‍ രഥത്തിനു പിറകേ ഓടി. മറ്റു ചിലര്‍ മോഹാലസ്യപ്പെട്ടു. കൃഷ്ണന്‍ ഒരു സന്ദേശം കൊടുത്തയച്ചു: ‘ഞാന്‍ വരും’. അതിനുശേഷം വൃന്ദാവനത്തിലെ ഗോപസ്ത്രീകള്‍ കൃഷ്ണനെക്കുറിച്ചുതന്നെ സദാ ഓര്‍മ്മിച്ച്‌ അവന്റെ ലീലകള്‍ വര്‍ണ്ണിച്ചു പോന്നു.

മദ്ധ്യാഹ്നപൂജാസമയത്ത്‌ അക്രൂരന്‍ കാളിന്ദീതീരത്ത്‌ രഥം നിര്‍ത്തി. കൃഷ്ണനും ബലരാമനും രഥത്തിലിരുന്നു. അക്രൂരന്‍ നദിയിലിറങ്ങി മുങ്ങി. ജലത്തില്‍ സര്‍വ്വപ്രഭയോടെ രാമകൃഷ്ണന്‍മാരെ അക്രൂരന്‍ ദര്‍ശിച്ചു. അദ്ദേഹം ജലത്തില്‍ നിന്നു്‌ തലയുയര്‍ത്തി രഥത്തിലേക്ക്‌ നോക്കി. ജ്യേഷ്ഠാനുജന്മാര്‍ രഥത്തില്‍ ഇരിപ്പുണ്ട്‌. അല്ല, ഇതൊരു തോന്നലല്ല. ഒരിക്കല്‍കൂടി അദ്ദേഹം ജലത്തില്‍ മുങ്ങി. അപ്പോള്‍ അദ്ദേഹത്തിന്‌ അതിമഹത്തായ ഒരുജ്ജ്വലദൃശ്യം കാണായി. ഭഗവാന്‍ പാല്‍ക്കടലില്‍ അനന്തനില്‍ ശയിക്കുന്നു. ദേവന്മാരും മറ്റു സ്വര്‍ഗ്ഗവാസികളും ചുറ്റും നില്‍ക്കുന്നു. ശ്രീ, പുഷ്ടി, സരസ്വതി, കാന്തി, കീര്‍ത്തി, തുഷ്ടി, ഇലാ, ഊര്‍ജ്ജം, വിദ്, അവിദ്യ, ശക്തി, മായ തുടങ്ങിയ എല്ലാ ദിവ്യശക്തികളും ഭഗവല്‍സേവക്കായി കാത്തു നില്‍ക്കുന്നു.

ശ്രീ – ഐശ്വര്യം. പുഷ്ടി – പോഷകത്വം. സരസ്വതി – അറിവും ജ്ഞാനവും. കാന്തി – വൈഭവം. കീര്‍ത്തി – പ്രശസ്തി. തുഷ്ടി – സംതൃപ്തി. ഇലാ – ഭൂമി. ഊര്‍ജ്ജം – സര്‍വ്വശക്തി. വിദ്യ – ആത്മജ്ഞാനം. അവിദ്യ – അജ്ഞാനം.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF