ഏകേ ത്വാഖിലകര്‍മ്മാണി സംന്ന്യസ്യോപശമം ഗതാഃ
ജ്ഞാനിനോ ജ്ഞാനയജ്ഞേന യജന്തി ജ്ഞാനവിഗ്രഹം (10-40-6)
സര്‍വ്വ ഏവ യജന്തി ത്വാം സര്‍വ്വദേവമയേശ്വരം
യേഽപ്യന്യദേവതാഭക്താ യദ്യപ്യന്യധിയഃ പ്രഭോ (10-40-9)
യഥാദ്രിപ്രഭവോ നദ്യഃ പര്‍ജ്ജന്യാപൂരിതാഃ പ്രഭോ,
വിശന്തി സര്‍വ്വതഃ സിന്ധും തദ്വത്ത്വാം ഗതയോഽന്തതഃ (10-40-10)
നമസ്തേ വാസുദേവായ സര്‍വ്വഭൂതക്ഷയായ ച
ഹൃഷീകേശ നമസ്തുഭ്യം പ്രപന്നം പാഹി മാം പ്രഭോ (10-40-30)

അക്രൂരന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
അല്ലയോ നാരായണാ, അവിടേയ്ക്ക്‌ നമസ്കാരം. എല്ലാ കാരണങ്ങള്‍ക്കും കാരണഭൂതമായ അഹേതുകഹേതുവായ അങ്ങില്‍ നിന്നത്രെ സര്‍വ്വഭൂതങ്ങളും അവയുടെ കാരണങ്ങളും ഉദ്ഭൂതമായിട്ടുളളത്‌. പരിണമിച്ചുണ്ടായ ഒന്നിനും അവിടുത്തെ അറിയുക സാദ്ധ്യമല്ല തന്നെ. എങ്കിലും ചില യോഗിവര്യന്മാര്‍ അവിടുത്തെ ധര്‍മ്മശാസ്ത്ര വിധിപ്രകാരമുളള കര്‍മ്മാദികളാല്‍ പൂജിക്കുന്നു. മറ്റു ചിലര്‍ സ്വയം കര്‍മ്മാഭിമാനം ഉപേക്ഷിച്ച്‌ അവിടുത്തെ ശുദ്ധബോധസ്വരൂപമായി ആരാധിച്ച്‌ ജ്ഞാനയജ്ഞത്തില്‍ ഏര്‍പ്പെടുന്നു. (ജ്ഞാനയജ്ഞത്തില്‍ ജ്ഞാനസ്വരൂപത്തെ ജ്ഞാനത്താല്‍ തന്നെ പൂജിച്ചു ധ്യാനിക്കുന്നു). ചിലര്‍ അവിടുത്തെ മാത്രം രൂപത്തെയോ നാനാരൂപങ്ങളെയോ പൂജിക്കുന്നു. പലേ ഗുരുവരന്മാരും അരുളിചെയ്തപോലെ അങ്ങയെ ചിലര്‍ ശിവനായി ആരാധിക്കുന്നു. എന്നാല്‍ എല്ലാവരും അവിടുത്തെത്തന്നെയാണ്‌ പൂജിക്കുന്നത്‌. കാരണം എല്ലാ ദിവ്യതയും അവിടുത്തെ തന്നെ വിവിധ ഭാവങ്ങളത്രെ. പര്‍വ്വതങ്ങളില്‍ പലേടത്തായി ഉദ്‍ഭവിച്ച്‌ താഴ്‌വാരങ്ങളിലൂടെയൊഴുകി സമുദ്രത്തിലാണല്ലോ നദികളെല്ലാം എത്തിച്ചേരുന്നത്‌. സമുദ്രത്തിലൊന്നായിച്ചേരുന്ന നദികള്‍പോലെ വിവിധ മാര്‍ഗ്ഗങ്ങളില്‍ പൂജിച്ചെന്നാലും എല്ലാം അവിടേയ്ക്കു തന്നെ എത്തിച്ചേരുന്നു.

പ്രകൃതിയുടെ മൂന്നു ഗുണങ്ങളാണ്‌ എല്ലാ ജീവജാലങ്ങള്‍ക്കും ദേവതകള്‍ക്കുപോലും ജന്മമേകുന്നത്‌. പ്രകൃതിയാകട്ടെ, അവിടുത്തെ പ്രകൃതിയത്രെ. അങ്ങനെ എല്ലാം അങ്ങിലേയ്ക്കു തന്നെ തിരിച്ചു ചെല്ലുന്നു. അവിടുന്നാണ്‌ വിശ്വസത്ത. വിശ്വപ്രകൃതിയിലുളള എല്ലാം അവിടുത്തെ വിവിധ ഭാഗങ്ങളത്രെ. അവിടുന്നു പരിപൂര്‍ണ്ണസ്വതന്ത്രനും ബന്ധമേതുമില്ലാത്തവനുമാണല്ലോ. എല്ലാമെല്ലാമായ അങ്ങ്‌ സകലമനസ്സുകള്‍ക്കും സാക്ഷിയത്രെ. അവിടുന്ന് സ്വയം ഇഹലോകത്തിലവതരിക്കുന്നു. അവിടുത്തെ അവതാരങ്ങളെയെല്ലാം – ദിവ്യനായ മത്സ്യം, കുതിരമുഖമുളള ഹയഗ്രീവന്‍, ദിവ്യനായ കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ – ഞാന്‍ നമസ്കരിക്കുന്നു. കൃഷ്ണനേയും ബലരാമനേയും ഞാനിതാ നമസ്കരിക്കുന്നു. ബുദ്ധനും കല്‍ക്കിയുമായുളള അവിടുത്തെ മഹത്തായ അവതാരങ്ങളേയും ഞാന്‍ നമസ്കരിക്കുന്നു.

വിശ്വജീവികളെല്ലാം അവിടുത്തെ മായാശക്തിവിശേഷത്താല്‍ മോഹിതരത്രെ. അതിനാല്‍ ഞങ്ങള്‍ ശരീരത്തെ ആത്മാവായും കാഴ്ചയെ സത്യമായും നിഴലിനെ നിജമായും ദുഃഖത്തെ ആനന്ദമായും തെറ്റിദ്ധരിക്കുന്നു. അജ്ഞാനം കൊണ്ട്‌ ഞങ്ങള്‍ അങ്ങില്‍ നിന്നു പുറംതിരിഞ്ഞ് സുഖത്തിനു പിന്നാലെ പായുന്നു. മരീചികയിലേക്ക്‌ വെളളത്തിനായി ഓടിച്ചെല്ലുന്നു. വിഡ്ഢികളെപ്പോലെയത്രെ ഞങ്ങള്‍. പായല്‍മൂടിക്കിടക്കുന്ന സ്വന്തം തടാകമുപേക്ഷിച്ചത്രേ ഞങ്ങള്‍ മരീചികതേടി അലയുന്നത്‌. ഞാന്‍ അവിടുത്തെ പാദങ്ങളെ അഭയം പ്രാപിക്കുന്നു. എന്നെ രക്ഷിച്ചാലും.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF