പ്രസന്നോ ഭഗവാന്‍ കുബ്ജാം ത്രിവിക്രാം രുചിരാനനാം
ഋജ്വീം കര്‍തും മനശ്ചക്രേ ദര്‍ശയന്‍ ദര്‍ശനേ ഫലം (10-42-6)
പദ്ഭ്യാമാക്രമ്യ പ്രപദേ ദ്വ്യംഗുല്യുത്താനപാണിനാ
പ്രഗൃഹ്യ ചിബുകേഽധ്യാത്മമുദനീനമദച്യുതഃ (10-42-7)
സാ തദര്‍ജ്ജുസമാനാംഗീ ബൃഹച്ഛ്രോണിപയോധരാ
മുകുന്ദസ്പര്‍ശനാത്‌ സദ്യോ ബഭൂവ പ്രമദോത്തമാ (10-42-8)

ശുകമുനി തുടര്‍ന്നു:
പരമശിവന്റെ വില്ലു സൂക്ഷിച്ചു വച്ചിരിക്കുന്നു സ്ഥലമേതെന്നു കൃഷ്ണന്‍ അന്വേഷിച്ചു. അവിടെപ്പോയി അതെടുത്തുയര്‍ത്താന്‍ അദ്ദേഹം ചെന്നപ്പോള്‍ കാവല്‍ക്കാര്‍ തടഞ്ഞു. എന്നാല്‍ കൃഷ്ണന്‍ അതെടുത്തുയര്‍ത്തി രണ്ടു കഷണമാക്കി ഒടിച്ചു കളഞ്ഞു. വില്ലു മുറിഞ്ഞ ശബ്ദം കംസന്റെ ചെവിയിലുമെത്തി. കംസന്റെ യോദ്ധാക്കള്‍ കൃഷ്ണനെ തേടിവന്നു. എന്നാല്‍ രാമകൃഷ്ണന്മാര്‍ വില്ലിന്റെ പകുതികൊണ്ട്‌ എല്ലാവരേയും തുരത്തിയോടിച്ചു. സൂര്യാസ്തമയമായപ്പോള്‍ അവര്‍ നഗരാതിര്‍ത്തിയിലെ താവളത്തിലേക്കു മടങ്ങി. അവിടെ രാത്രി കഴിച്ചു കൂട്ടി.

കംസന്‍ തന്റെ യോദ്ധാക്കളെ രാമകൃഷ്ണന്മാര്‍ തുരത്തിയോടിച്ച കാര്യമറിഞ്ഞ് വ്യാകുലപ്പെട്ടു. രാത്രി മുഴുവന്‍ നിദ്രാവിഹീനനായിക്കഴിഞ്ഞു. ഉറങ്ങാന്‍ തുനിയുമ്പോഴൊക്കെ ദുസ്വപ്നങ്ങള്‍ കാണുകയും ചെയ്തു. അടുത്ത പ്രഭാതത്തില്‍ കംസന്റെ അനുയായികള്‍ ഒരു മല്ലയുദ്ധത്തിനുവേണ്ട കളരിയൊരുക്കി. കാണികള്‍ക്കുളള ഇരിപ്പിടങ്ങള്‍ തയ്യാറായപ്പോള്‍ ജനങ്ങള്‍ മത്സരം കാണാന്‍ തിരക്കുക്കൂട്ടിയെത്തി. കംസന്‍ രാജകീയസ്ഥാനത്തിരുന്നു. പ്രശസ്തരായ മല്ലയുദ്ധവീരന്മാര്‍ മത്സരത്തിനു തയ്യാറെടുത്തു. നന്ദനെയും മറ്റു ഗോപാലന്മാരെയും കംസന്‍ പ്രത്യേകം ക്ഷണിച്ചുവരുത്തിയിരുന്നു. അവര്‍ക്കായി പ്രത്യേകം ഇരിപ്പിടവും തയ്യാറാക്കിയിരുന്നു. എല്ലാവരും സ്വസ്ഥാനങ്ങളിലിരിപ്പായി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF