മല്ലാനാമശനിര്‍നൃണാം നരവരഃ സ്തീണാം സ്മരോ മൂര്‍ത്തിമാന്‍
ഗോപാനാം സ്വജനോഽസതാം ക്ഷിതിഭുജാം ശാസ്താ സ്വപിത്രോഃ ശിശുഃ
മൃത്യുര്‍ഭോജപതേര്‍വ്വരാഡവിദുഷാം തത്ത്വം പരം യോഗിനാം
വൃഷ്ണീനാം പരദേവതേതി വിദിതോ രംഗം ഗതഃ സാഗ്രജഃ (10-43-17)

ശുകമുനി തുടര്‍ന്നു:
സംഭവബഹുലമായിത്തീര്‍ന്ന ആ പകലിനെ രാമകൃഷ്ണന്മാരും മറ്റു ഗോപന്മാരും പ്രഭാതപ്രാര്‍ത്ഥനകളോടെ എതിരേറ്റു. പെരുമ്പറ മുഴങ്ങുന്ന ശബ്ദം ഭഗവാനും കേട്ടു. മല്ലയുദ്ധവീരന്മാരുടെ ഗ്വോഗ്വാ വിളികളും മറ്റും കളരിയില്‍ നിന്നു കേട്ട്‌ കൃഷ്ണന്‍ സാകൂതം അവിടേയ്ക്കു പോയി. കളരിക്കു പുറത്ത്‌ കുവലയാപീഡം എന്നു പേരായ ആ ഭീകരന്‍ ആന നിന്നിരുന്നു. കൃഷ്ണന്‍ ആനസവാരിക്കാരനോട്‌ വഴിമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആനക്കാരന്‍ തോട്ടികൊണ്ട്‌ കുത്തി കൃഷ്ണനു നേരെ ആക്രമിക്കാന്‍ ആനയെ പ്രേരിപ്പിക്കയാണുണ്ടായത്‌. ആന കൃഷ്ണനെ തന്റെ തുമ്പിക്കൈ കൊണ്ട്‌ ചുറ്റിപ്പിടിച്ചു. എന്നാല്‍ ഭഗവാന്‍ അവന്റെ പിടിയില്‍ നിന്നും വഴുതി മാറി ആനയുടെ വാല്‍ പിടിച്ചു വലിക്കാന്‍ തുടങ്ങി. കുറെ ദൂരം പോയിക്കഴിഞ്ഞപ്പോള്‍ വാലുപിടിച്ച്‌ ആനയെ വട്ടം ചുറ്റിക്കാന്‍ തുടങ്ങി. ഒരു സമയത്ത്‌ ഈ ദ്വന്ദ്വയുദ്ധത്തിനിടയ്ക്ക്‌ കൃഷ്ണന്‍ ഒരു വീഴ്ച അഭിനയിച്ചു. അപ്പോള്‍ ആന തന്റെ കൊമ്പു കൊണ്ടു താഴേക്കാന്നു കുത്തി. കൃഷ്ണന്‍ ഒഴിഞ്ഞുമാറി. കോപാന്ധനായി ആന വീണ്ടും കൃഷ്ണന്റെ നേര്‍ക്ക്‌ പാഞ്ഞടുത്തു. ഭഗവാന്‍ അവന്റെ തുമ്പിക്കൈ പിടിച്ചു തിരിച്ചതോടെ അവന്‍ നിലത്തു വീണു. കൃഷ്ണന്‍ ആനക്കൊമ്പുകള്‍ രണ്ടും വലിച്ചൂരിയെടുത്ത്‌ ആനയേയും ആനക്കാരേയും കാലപുരിക്കയച്ചു.

രാമകൃഷ്ണന്മാര്‍ കളരിയിലേക്ക്‌ പ്രവേശിച്ചു. ആനക്കൊമ്പും കൈയ്യില്‍ പിടിച്ചും മുഖങ്ങള്‍ വിയര്‍പ്പുമണികളാല്‍ അലങ്കരിക്കപ്പെട്ടും അനിതരസാധാരണമായ ഒരു മോഹനദൃശ്യം തന്നെയായിരുന്നു അത്‌. മല്ലവീരന്മാര്‍ക്ക്‌ കൃഷ്ണന്‍ മിന്നല്‍പിണര്‍ പോലെ കാണപ്പെട്ടു. ആണുങ്ങള്‍ക്ക്‌ ഒരതിമാനുഷനായും സ്ത്രീകള്‍ക്ക്‌ കാമദേവന്റെ അവതാരമായും ഗോപന്മാര്‍ക്ക്‌ ബന്ധുവായും അധാര്‍മ്മികരായ രാജാക്കന്‍മാര്‍ക്ക്‌ ശിക്ഷകനായും മാതാപിതാക്കള്‍ക്ക്‌ കുട്ടിയായും കംസന്‌ കാലനായും അജ്ഞാനിക്ക്‌ വെറുമൊരു ബാലനായും യോഗിവര്യന്മാര്‍ക്ക്‌ പരമസത്യമായും വൃഷ്ണികള്‍ക്ക്‌ മഹത്തായ ദിവ്യതയുടെ പ്രതിരൂപമായും കൃഷ്ണന്‍ കാണപ്പെട്ടു. കൃഷ്ണന്‍ ജ്യേഷ്ഠന്‍ ബലരാമനുമൊത്ത്‌ കളരിക്കളത്തിലേക്ക്‌ കടന്നു ചെന്നു. മത്സരങ്ങള്‍ കാണാനെത്തിയവര്‍ കൃഷ്ണനെ അവരുടെ ഹൃത്തടങ്ങളിലേക്ക്‌ പഞ്ചേന്ദ്രിയങ്ങളാലും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും സ്വീകരിച്ചു. അവര്‍ കൃഷ്ണനെപ്പറ്റി പരസ്പരം സംസാരിക്കാന്‍ തുടങ്ങി. വസുദേവപുത്രനായി ജനിച്ചതും വ്രജത്തിലേക്ക് കൃഷ്ണനെ മാറ്റിയതും അവന്റെ ബാല്യലീലകളുമെല്ലാം അവര്‍ പരസ്പരം പറഞ്ഞാനന്ദിച്ചു.

അപ്പോള്‍ മല്ലയുദ്ധവീരനായ ചാണൂരന്‍ കൃഷ്ണനെ ദ്വന്ദ്വയുദ്ധത്തിനായി ക്ഷണിച്ചു. ‘ചെരുപ്പക്കാരാ, ഇതു രാജാവിന്റെ ഉല്ലാസത്തിനു വേണ്ടിയാണ്‌. രാജാവിനെ സംതൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുകവഴി പ്രജകള്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുകയും അവര്‍ക്ക്‌ ഐശ്വര്യമുണ്ടാവുകയും ചെയ്യും.’

കൃഷ്ണന്‍ പറഞ്ഞു: ‘നാമെല്ലാം കംസന്റെ പ്രജകളായ സ്ഥിതിക്ക്‌ മഹാരാജാവിനെ സന്തുഷ്ടമാക്കുന്ന കാര്യങ്ങള്‍ നാം ചെയ്യേണ്ടതു തന്നെ. പക്ഷേ ദ്വന്ദ്വയുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ തുല്യശക്തരായിരിക്കണം. അല്ലെങ്കില്‍ അത്‌ അധര്‍മ്മമാകും.’ ചാണൂരന്‍ ചാടിക്കയറിപ്പറഞ്ഞു: ‘തീര്‍ച്ചയായും. എന്നാല്‍ നിങ്ങള്‍ യുവതരുണന്മാരായി കാണുന്നുവെങ്കിലും നിങ്ങള്‍ കുവലയാപീഡത്തോട്‌ ചെയ്തതെന്തെന്നോര്‍ക്കുമ്പോള്‍ അങ്ങനെ കണക്കാക്കാന്‍ വയ്യ. നിങ്ങള്‍ എന്റെ വെല്ലവിളിക്ക്‌ യോഗ്യര്‍ തന്നെ. ബലരാമന്‍ മുഷ്ടികനുമായി മല്ലടിക്കട്ടെ.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF