കൃഷ്ണ, കൃഷ്ണ, മഹായോഗിന്‍ , വിശ്വാത്മന്‍ വിശ്വഭാവന
പ്രപന്നാം പാഹി ഗോവിന്ദ ശിശുഭിശ്ചാവസീദതീം (10-49-11)
നാന്യത്തവ പദാംഭോജാത് പശ്യാമി ശരണം നൃണാം
ബിഭ്യതാം മൃത്യു സംസാരാദീശ്വരസ്യാപവര്‍ഗ്ഗികാത് (10-49-12)
നമഃ കൃഷ്ണായ ശുദ്ധായ ബ്രഹ്മണേ പരമാത്മനേ
യോഗേശ്വരായ യോഗായ ത്വാമഹം ശരണം ഗതാ (10-49-13)
ഏകഃ പ്രസൂയതേ ജന്തുരേക ഏവ പ്രലീയതേ
ഏകോഽനുഭുംക്തേ സുകൃതമേക ഏവ ച ദുഷ്കൃതം (10-49-21)
ശുകമുനി തുടര്‍ന്നു:
അക്രൂരന്‍ ഹസ്തിനപുരത്തിലേയ്ക്കു പോയി. അവിടെ അദ്ദേഹം വൃദ്ധനായ ധൃതരാഷ്ട്രരെ കണ്ടു. അദ്ദേഹത്തിന്റെ പുത്രന്മാരെയും മന്ത്രിമാരെയും ഭീഷ്മപിതാമഹനെയും അദ്ദേഹം സന്ദര്‍ശിച്ചു. അവരെല്ലാം അക്രൂരനുമായി ആശംസകള്‍ കൈമാറി. പാണ്ഡുപുത്രന്മാര്‍ക്ക് പക്ഷപാതപരമായാണ് വൃദ്ധരാജാവില്‍ നിന്നുളള പെരുമാറ്റമെന്ന് കുന്തിയും വിദുരനും അക്രൂരനോട് പറഞ്ഞു. രാജാവ് തന്റെ ദുഷ്ടപുത്രന്മാരോടുളള മമത കൊണ്ട് പാണ്ഡുപുത്രന്മാരോട് അനീതി കാണിക്കുന്നുവെന്ന് അക്രൂരന്‍ മനസ്സിലാക്കി. കണ്ണീരോടെ കുന്തി അക്രൂരനോട് പറഞ്ഞു: ‘മഥുരയിലുളള എന്റെ ബന്ധുജനങ്ങള്‍ക്ക് എന്നെ ഓര്‍മ്മയുണ്ടോ എന്തോ? എന്റെ ദിവ്യനായ മരുമകന്‍ കൃഷ്ണന്‍ എന്തു പറയുന്നു? അവന് ഞങ്ങളെപ്പറ്റി – അവന്റെ സ്വന്തം ആള്‍ക്കാരെപ്പറ്റി – ഒരു ചിന്തയെങ്കിലുമുണ്ടോ? ഞങ്ങള്‍ സ്വന്തം ഭര്‍ത്തൃസഹോദരനില്‍ നിന്നും അദ്ദേഹത്തിന്റെ പുത്രന്മാരില്‍ നിന്നും അനുഭവിക്കുന്ന അനീതി അവനറിയുന്നുണ്ടോ? അവന്‍ വന്നു് ഞങ്ങള്‍ക്ക് ശാന്തിയേകി ഈ ദുരിതത്തില്‍ നിന്നു് ഞങ്ങളെ കരകയറ്റുമോ?’ കൃഷ്ണനെപ്പറ്റിയോര്‍ത്ത് കുന്തീദേവി ഇങ്ങനെ ഉറക്കെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ‘കൃഷ്ണ കൃഷ്ണാ, മഹായോഗിന്‍ , വിശ്വാത്മന്‍ , വിശ്വഭാവനന്‍ , അവിടുത്തെ പാദത്തില്‍ അഭയം തേടിയിരിക്കുന്ന ദുഃഖിതരായ എന്നെയും കുട്ടികളെയും സംരക്ഷിച്ചാലും. അവിടുത്തെ അഭയമല്ലാതെ മറ്റൊന്നും പരമുക്തിപ്രദമായിട്ട് ഞാന്‍ കാണുന്നില്ല. അവിടുത്തേയ്ക്കു നമസ്കാരം.’ അക്രൂരന്‍ കുന്തിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ പുത്രന്മാര്‍ ദേവന്മാരില്‍ നിന്നുണ്ടായവരായതുകൊണ്ട് അവരുടെ സംരക്ഷ ഉറപ്പാണെന്ന് അക്രൂരന്‍ ഓര്‍മ്മിപ്പിച്ചു. മഥുരയ്ക്കു മടങ്ങും മുന്‍പ് അക്രൂരന്‍ ധൃതരാഷ്ട്രരെ സമീപിച്ച് ഇങ്ങനെ ഉപദേശിച്ചു: ‘അവിടുന്നിപ്പോള്‍ സിംഹാസനത്തിലിരിക്കുന്നത് അനുജനായ പാണ്ഡു കാലം പൂകിയതു കൊണ്ടാണല്ലോ. ഇത് അവിടേയ്ക്ക് വലിയൊരുത്തരവാദിത്വം നല്‍കുന്നു. അങ്ങ് സ്വപുത്രന്മാരോടും പാണ്ഡുപുത്രന്മാരോടും പക്ഷപാതം കാണിക്കാതെയിരുന്നാല്‍ മാത്രമേ അവിടുത്തെ ജോലി ഐശ്വര്യപൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ സാധിക്കുകയുളളു. എന്തൊക്കെയായാലും മറ്റുളളവരുമായി നമുക്കുളള ബന്ധുത്വം എന്നേയ്ക്കുമുളളതല്ല തന്നെ. നാം അവരോടൊപ്പം എന്നെന്നേയ്ക്കും ജീവിക്കാന്‍ പോകുന്നില്ല. ഒരുവന്‍ ഏകനായി ജനിക്കുന്നു. ഏകനായി മരിക്കുന്നു. അയാള്‍ സ്വകര്‍മ്മങ്ങളുടെ സല്‍ഫലം ആസ്വദിക്കുകയും ദുഷ്കര്‍മ്മഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇതും തനിച്ചു തന്നെ. അതുകൊണ്ട് മറ്റുളളവരെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ധാര്‍മ്മികമായും അധാര്‍മ്മികമായും നാം സംഭരിച്ചു വയ്ക്കുന്നുതൊന്നും നമുക്ക് അവസാനം കൂടെ കൊണ്ടു പോകാനും സാധിക്കയില്ല. പാപമോ പുണ്യമോ മാത്രമേ അവന്റെ കൂടെ പോകുന്നുളളൂ. ഇഹലോകം വെറുമൊരു നീണ്ട സ്വപ്നമാണെന്നു മനസ്സിലാക്കുക. സ്വന്തം ബന്ധുജനങ്ങളോട് അമിതമായ മമതാമോഹം കൊണ്ട് മറ്റുളളവരോട് അനീതി കാണിക്കാനിടവരരുത്.’
അക്രൂരന്റെ ജ്ഞാനോപദേശത്തെ ആദരിച്ചുവെങ്കിലും തന്റെ നിസ്സഹായാവസ്ഥ ധൃതരാഷ്ട്രര്‍ അറിയിച്ചു. സ്വപുത്രന്മാരുടെ ദുഷ്ടത മനസ്സിലാക്കിയിട്ടുപോലും അവരുമായുളള മമതാമോഹത്തില്‍നിന്നു് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല.. യാദവകുലത്തില്‍ അവതരിച്ചിട്ടുളള ആ മഹാപ്രഭുവിന്റെ ഇഛയെ തടുക്കാനാര്‍ക്കു കഴിയും? ഭൂമിയുടെ ഭാരം കുറയ്ക്കാനായാണല്ലോ അദ്ദേഹത്തിന്റെ ജനനം. ദുര്‍ഗ്രാഹ്യമാണ് അവിടുത്തെ ലീലകള്‍. ആ ഭഗവാനെ ഞാന്‍ നമസ്കരിക്കുന്നു.
അക്രൂരന്‍ മഥുരക്ക് മടങ്ങി കൃഷ്ണനോടും ബലരാമനോടും എല്ലാ കാര്യങ്ങളും പറഞ്ഞു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF