ഏതദര്‍ത്ഥോഽവതാരോഽയം ഭൂഭാരഹരണായ മേ
സംരക്ഷണായ സാധൂനാം കൃതോഽന്യേഷാം വധായ ച (10-50-9)
അന്യോഽപി ധര്‍മ്മരക്ഷായൈ ദേഹഃ സംഭ്രിയതേ മയാ
വിരാമായാപ്യധര്‍മ്മസ്യ കാലേ പ്രഭവതഃ ക്വചിത്‌ (10-50-10)

ശുകമുനി തുടര്‍ന്നു:
ജരാസന്ധന്‍ കംസന്റെ ഭാര്യാപിതാവായിരുന്നു. കൃഷ്ണന്‍ കംസനെ വധിച്ച കാര്യം തന്റെ പുത്രിമാരില്‍ നിന്നറിഞ്ഞ ജരാസന്ധന്‍ കോപാന്ധനായി വലിയൊരു സൈന്യത്തോടെ മഥുരയെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഇതു കണ്ട്‌ കൃഷ്ണന്‍ ആലോചിച്ചു: ‘ജരാസന്ധന്റെ ഈ സൈന്യത്തെ നശിപ്പിക്കുക തന്നെ വേണം. എന്നാല്‍ ഇപ്പോള്‍ അയാളെ വധിക്കരുത്‌. ജീവനോടെ വിട്ടാല്‍ അയാള്‍ മറ്റു ദുഷ്ടന്മാരുമായി ചേര്‍ന്ന് എനിയ്ക്കു നേരെ വീണ്ടും ആക്രമണം നടത്തും. അങ്ങനെ അവരെ കണ്ടുപിടിക്കേണ്ട ബുദ്ധിമുട്ട്‌ എനിക്കുണ്ടാവുകയില്ല. ദുഷ്ടഭാരം കുറച്ച്‌ ഭൂമിയെ പരിരക്ഷിച്ച്‌ ധര്‍മ്മസംരക്ഷണാര്‍ത്ഥമാണല്ലോ ഞാന്‍ ഭൂമിയിലവതരിച്ചിട്ടുളളത്‌. ഞാന്‍ മറ്റവതാരങ്ങളെടുത്തിട്ടുളളതും ധര്‍മ്മപരിപാലനത്തിനു വേണ്ടിത്തന്നെ.’ ഇങ്ങനെ ചിന്തിച്ചുറച്ച്‌ മഥുരാപുരി നിവാസികളെ സംരക്ഷിക്കാനുളള കാര്യങ്ങള്‍ ഉടന്‍ തന്നെ കൃഷ്ണന്‍ ചെയ്തു.

ആ സമയത്ത്‌ രണ്ട്‌ ആകാശരഥങ്ങള്‍ നിറയെ ദിവ്യാസ്ത്രങ്ങളുമായി അവിടെയെത്തി. കൃഷ്ണനും ബലരാമനും അവയിലേറി നഗരത്തില്‍ നിന്നു പുറപ്പെട്ടു. കൃഷ്ണന്‍ മുഴക്കിയ ശംഖനാദം ശത്രുസൈന്യത്തില്‍ അങ്കലാപ്പുളവാക്കി. രാമകൃഷ്ണന്മാരുടെ ചെറുപ്പത്തെ ജരാസന്ധന്‍ പരിഹസിച്ചു. ജരാസന്ധന്റെ അസ്ത്രങ്ങളുടെ മറയില്‍ രണ്ട്‌ ദിവ്യസഹോദരന്മാരും അപ്രത്യക്ഷരായി. കാണികളായ സ്ത്രീജനങ്ങള്‍ സംഭ്രാന്തരായി. പക്ഷെ അവര്‍ പെട്ടെന്നു പ്രത്യക്ഷപ്പെട്ട്‌ ജരാസന്ധന്റെ സൈന്യത്തെ മുഴുവനും നശിപ്പിച്ച് ആക്രമണം നടത്തി. പടക്കളത്തിനരികിലുളള നദിയില്‍ പടയില്‍ മരിച്ച മൃഗങ്ങളുടെയും മനുഷ്യരുടെയും ശവശരീരങ്ങള്‍ രഥചക്രങ്ങളോടും കവചങ്ങളോടും കൂടി ഒഴുകിക്കെണ്ടിരുന്നു. വിശ്വം മുഴുവനും സൃഷ്ടിച്ചു പരിരക്ഷിക്കുന്ന ഭഗവാന്‍ ഈവിധ യുദ്ധനൈപുണ്യം കാട്ടിയതില്‍ അത്ഭുതമെന്തുളളു? ബലരാമന്‍ ജരാസന്ധനെ പിടിച്ചു കെട്ടി. കൃഷ്ണന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അയാളെ അദ്ദേഹം കാലപുരിക്കയച്ചേനെ. എന്നാല്‍ ജരാസന്ധനെ അവര്‍ വെറുതേ വിട്ടു. അയാള്‍ നാണക്കേടു കൊണ്ട്‌ മുഖം കുനിച്ച്‌ അവിടെനിന്നു‌ പോയി. കൃഷ്ണനും ബലരാമനും മഥുരയിലേക്ക്‌ മടങ്ങി. ഉഗ്രസേന രാജാവിന്‌ പടയില്‍ കണ്ടുകെട്ടിയ രത്നങ്ങളും സമ്പത്തും കാഴ്ചവച്ചു.

ജരാസന്ധന്‍ വീണ്ടും വീണ്ടും പടയൊരുക്കി വലിയ സൈന്യവുമായി പതിനേഴു തവണ മഥുരയെ ആക്രമിച്ചു. എല്ലാത്തവണയും രാമകൃഷ്ണന്മാര്‍ സൈന്യത്തെ കൊന്നൊടുക്കിയെങ്കിലും ജരാസന്ധനെ വെറുതെ വിട്ടു. അതായിരുന്നു കൃഷ്ണന്റെ തീരുമാനം. ജരാസന്ധന്‍ പതിനെട്ടാമത്തെ ആക്രമണത്തിന്‌ ഒരുങ്ങുന്ന സമയം. യവനകുലത്തെ സൈന്യാധിപനായ കാലയവനന്‍ യാദവരെപ്പറ്റി കേട്ടിരുന്നു. തങ്ങള്‍ക്ക്‌ തുല്യം നില്‍ക്കാനായി യാദവരേയുളളൂ എന്ന്‌ മുനിയില്‍നിന്നു്‌ അയാള്‍ അറിഞ്ഞിരുന്നു. ഇതറിഞ്ഞ് കൃഷ്ണന്‍ മഥുരാപുരിവാസികളെ മുഴുവന്‍ ഒരു അപ്രതിരോധ്യമായ കോട്ടയുണ്ടാക്കി അതിനുള്ളില്‍ സംരക്ഷിച്ചു. ദേവശില്‍പിയാണ്‌ ഒറ്റ രാത്രികൊണ്ട്‌ ആ കോട്ട നിര്‍മ്മിച്ചത്.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF