പുരാ രഥൈര്‍ഹേമപരിഷ്കൃതൈശ്ചരന്‍ മതംഗജൈര്‍വ്വാ നരദേവസംജ്ഞിതഃ
സ ഏവ കലേന ദുരത്യയേന തേ കളേവരോ വിട്കൃമിഭസ്മസംജ്ഞിതഃ (10-51-52)
ഭവാപവര്‍ഗ്ഗോ ഭ്രമതോ യദാ ഭവേജ്ജനസ്യ തര്‍ഹ്യച്യുത സത്സമാഗമഃ
സത്സംഗമോ യര്‍ഹി തദൈവ സദ്ഗതൗ പരാവരേശേ ത്വയി ജായതേ മതിഃ (10-51-55)
തസ്മാദ്വിസൃജ്യാശിഷ ഈശ, സര്‍വ്വതോ രജസ്തമഃസ്സത്ത്വഗുണാനുബന്ധനാ
നിരഞ്ജനം നിര്‍ഗുണമദ്വയം പരം ത്വാം ജ്ഞപ്തിമാത്രം പുരുഷം വ്രജാമ്യഹം (10-51-58)
മുചുകുന്ദന്‍ പറഞ്ഞു:
‘ഭഗവാനേ, അവിടുത്തെ തന്നെ മായാശക്തിക്കടിമപ്പെട്ട് ആളുകള്‍ അവിടുത്തെ പൂജിക്കുന്നതിനു പകരം ഗൃഹത്തോടും മറ്റും മമതാസക്തരായി നിലകൊളളുന്നു. സുഖം തേടുന്നുവെങ്കിലും അന്തമില്ലാത്ത വേദനമാത്രമാണ് അവര്‍ക്കു ലഭിക്കുന്നത്. തുലോം ദുര്‍ല്ലഭമായ മനുഷ്യജന്മം ലഭിച്ചതിനു ശേഷവും ദുഷ്ടവിചാരമുളളവര്‍ അങ്ങയെ പൂജിക്കുന്നുതിനു പകരം ലൗകികതയുടെ ആഴമേറിയ കയത്തില്‍ വീണുപോകുന്നു. എന്റെ കാര്യം തന്നെ എടുത്താലും. ഞാന്‍ ധിക്കാരിയായ ഒരു ഭരണാധികാരിയായിരുന്നു. ചുറ്റും ബലവാന്മാരായ പരിവാരങ്ങള്‍ . ഈ ശരീരത്തെ ആത്മാവെന്നു കരുതി, സമ്പത്തിലും ലൗകികബന്ധങ്ങളിലും മുഴുകിയാണ് ഞാന്‍ കഴിഞ്ഞു വന്നത്. എന്നാല്‍ അവിടുന്ന് കാലമായി മനുഷ്യജീവിതത്തില്‍ നുഴഞ്ഞു കയറി അവനെ നിശ്ശേഷം ഇല്ലായ്മ ചെയ്യുന്നു. രാജാവേ, വാഴ്ത്തപ്പെട്ട ഈ ശരീരം തന്നെ, പടകളും മൃഗങ്ങളും അകമ്പടി സേവിച്ച ഈ ദേഹം, കാലക്രമത്തില്‍ അമേദ്ധ്യമെന്നും ചാരമെന്നും കൃമിയെന്നും പിന്നീടറിയപ്പെടുന്നു.’
‘ഭഗവാനേ, ലോകചക്രവര്‍ത്തിപോലും കാമത്തിനടിമപ്പെട്ട് ഇന്ദ്രിയസുഖങ്ങള്‍ക്ക് അടിമയായിത്തീരുന്നു. അല്ലെങ്കില്‍ കുറെ പുണ്യപ്രവൃത്തികള്‍ ചെയ്ത് സ്വര്‍ഗ്ഗത്തില്‍ ഒരു ഒഴിവുകാലം ആസ്വദിക്കുന്നു. ചിലപ്പോള്‍ അവിടുത്തെ ഭരണാധികാരിയുമാവുന്നു. എന്നാല്‍ ഒരുവന്റെ ജനനമരണചക്രത്തിന്റെ അവസാനഘട്ടത്തിലാണ് അവന്‍ ഒരു പുണ്യപുരുഷനെ കാണുന്നത്. ആ കൂടിക്കാഴ്ച അവിടുത്തോടുളള ഭക്തിയെ ഉദ്ദീപിപ്പിക്കുന്നു. ആ ഭക്തിയാകട്ടെ, ഈ ജീവാത്മാവിന്റെ പരകായ പ്രവേശങ്ങള്‍ അവസാനിപ്പിക്കുന്നു. അവിടുന്ന് എന്നോട് വരമെന്താണു വേണ്ടതെന്നു ചോദിച്ചുവല്ലോ. എന്നാല്‍ എനിക്കുളള വരം ലഭിച്ചു കഴിഞ്ഞു. അവിടുന്ന് എന്നെ സ്വതന്ത്രത എന്ന മിഥ്യാഭിമാനത്തില്‍ നിന്നും രക്ഷിച്ചുവല്ലോ. അങ്ങയുടെ പാദങ്ങളില്‍ നിരന്തരം പൂജ ചെയ്യുവാന്‍ കഴിയുക എന്ന വരം മാത്രമെ എനിക്കു വേണ്ടു. മറ്റേതുവരവും ആത്മാവിനെ ബന്ധനത്തിലാക്കാന്‍ പോന്നതാണെന്നറിയുന്നതുകൊണ്ട് അവിടുത്തെ പാദദര്‍ശനം കിട്ടിയതിനു ശേഷം ആരാണ് മറ്റൊരു വരം ആവശ്യപ്പെടുക? അതുകൊണ്ട് ത്രിഗുണാനുസാരിയായ ഈ ലോകത്തിലെ അനുഗ്രഹങ്ങളെയെല്ലാം ഞാന്‍ തിരസ്കരിക്കുന്നു. അവിടുത്തെ പാദങ്ങളില്‍ അഭയം തേടാനാഗ്രഹിക്കുന്നു. അവിടുന്നാണ് പരംപൊരുള്, ശുദ്ധബോധസ്വരൂപന്‍. കര്‍മ്മപാശത്താലും അദിവ്യമായ സ്വഭാവത്താലും പീഡിപ്പിക്കപ്പെട്ടിരുന്ന എനിക്ക് അവിടുത്തെ കൃപയാല്‍ ആ ദര്‍ശനഭാഗ്യം ലഭിച്ചു. എന്നെ രക്ഷിച്ചാലും, പ്രഭോ.’
ഭഗവാന്‍ അരുള്‍ ചെയ്തു. ‘ഭക്തിയുടെ ശരിയായ സ്വഭാവം വെളിപ്പെടുത്താനാണ് ഞാന്‍ നിന്നോട് വരമെന്തു വേണമെന്നാരാഞ്ഞത്. വ്രതാനുഷ്ഠാനങ്ങളുടെ സഹായത്താല്‍ പഴയ പാപകര്‍മ്മങ്ങളെ കഴുകി കളയുക. രാജാവായിരിക്കുമ്പോള്‍ നായാട്ട് മുതലായവ ചെയ്യേണ്ടതായിവരുമെങ്കിലും ആ പാപങ്ങള്‍ തപസ്സു കൊണ്ട് ഇല്ലായ്മ ചെയ്യാം. നിന്റെ അടുത്ത ജന്മം ഒരു ദിവ്യബ്രാഹ്മണന്‍ ആയിട്ടായിരിക്കും. അങ്ങനെ നീ സംശയംവിനാ എന്നില്‍ വന്നു ചേരുന്നതാണ്.’
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF