ജൂണ്‍ 16, 1935
ചോ: ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും?
ഉ: നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ് ദേഹത്തെയും പ്രപഞ്ചത്തെയും തോന്നിപ്പിച്ചു താന്‍ ഗൃഹസ്ഥനാണെന്ന വിചാരത്തെ ഉണ്ടാക്കുന്നത്. കാട്ടില്‍ പോയാലും കഥ ഇതു തന്നെ. താന്‍ സന്ന്യാസിയാകാന്‍ പോകുമ്പോള്‍ വീട്ടിന്റെ ഓര്‍മ്മയെ ഒഴിവാക്കാന്‍ വേറെ എന്തെങ്കിലും വിചാരിക്കും. മനസ്സിന്റെ ചേഷ്ട എവിടെ ഒഴിയും? ചിലപ്പോള്‍ കൂടുകയേ ഉള്ളൂ. അതുകൊണ്ട് സ്ഥാനമാറ്റം കൊണ്ടു പ്രയോജനമൊന്നുമില്ല. പ്രതിബന്ധം മനസ്സാണ്. കാട്ടിലിരുന്ന് മനസ്സിനെ മാറ്റാനാവുമെങ്കില്‍ വീട്ടിലിരുന്നും മാറ്റാം. ചെയ്യേണ്ടുന്നതിനെ എവിടെയിരുന്നാലും ചെയ്യാം.
എന്നെ നോക്കൂ. വീടു വിട്ടു വന്നു. നിങ്ങളും വീടു വിട്ടു വന്നിരിക്കുന്നു. വീട്ടിലില്ലാത്ത എന്തെങ്കിലും വിശേഷത്തെ ഇവിടെ കണ്ടോ? എത്രയോ വര്‍ഷം നിര്‍വ്വികല്‍പസമാധിയിലിരുന്നിട്ടും മനസ്സ് വിട്ടുപോയിടത്ത് തന്നെ നില്‍ക്കുന്നു. അതുകൊണ്ടാണ്, വിവേകചൂഡാമണിയില്‍ ശങ്കരാചാര്യര്‍ സഹജസമാധിയെ പ്രശംസിച്ചിരിക്കുന്നത്. ഏതവസ്ഥയിലും ഏതിടത്തും നമ്മുടെ സ്വന്തം നിലയായ സ്വഭാവസമാധിയിലിരിക്കേണ്ടതാണ്.
രേചകം – നാഹം – (ദേഹം ഞാനല്ല) ദേഹാത്മബുദ്ധി വിടുക.
പൂരകം – കോഹം – ഞാനാര്‍ എന്നു തന്നെത്തന്നെ അന്വേഷിക്കുക.
കുംഭകം – സോഹം – അവനേ ഞാന്‍ എന്ന സ്വയ നിലയില്‍ നില്‍ക്കുക.
എന്നു പ്രാണായാമത്തിന്റെ തത്വം ജ്ഞാനമാര്‍ഗ്ഗത്തിനു പ്രയോഗിക്കുക.
മനസ്സിനെ നേരേ അടക്കാന്‍ കഴിയാത്തവര്‍ക്കാണ് ശ്വാസത്തെ അടക്കുന്ന പ്രാണായാമം. ശ്വാസത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെയും അടക്കാം. സത്സംഗപ്രാപ്തിയില്ലാതെ വരുമ്പോള്‍ പ്രാണായാമം ആകാം. സാധുക്കള്‍ അവരുടെ സന്നിധിമാത്രത്താല്‍ ആരും കാണാത്തമട്ടില്‍ നിരന്തരം ഭക്തന്മാര്‍ക്ക് നന്മ ചെയ്തുകൊണ്ടിരിക്കും.
എല്ലാവരും ഹഠയോഗപ്രാണായാമം ചെയ്യണമെന്നില്ല. ജപം, ധ്യാനം എന്നിവ അനുഷ്ഠിച്ചവര്‍ ആരംഭത്തില്‍ അല്‍പം പ്രാണനെ ശാന്തമാക്കിവച്ചുകൊണ്ടാല്‍ മതി. പ്രാണന്‍ കുതിര, അതിന്മേല്‍ മനസ്സു ചരിക്കുന്നവനു, കുതിരയെ അടക്കുന്നവനു, ശാന്തമായിരിക്കാം. ശ്വാസഗതിയെ മനസ്സുകൊണ്ട് നിയന്ത്രിക്കുന്നത് പ്രാണായാമം തന്നെ. പ്രാണനെ നിയന്ത്രിക്കുന്നതുകൊണ്ടും അത് ശരിയായിരിക്കും. അത് മനോനിയന്ത്രണത്തിനും ഉപകരിക്കും. ശ്വാസനിയന്ത്രണം മൂലം മനോനിയന്ത്രണവും, മനോനിയന്ത്രണത്താല്‍ ശ്വാസനിയന്ത്രണവും സാധിക്കാം. അല്ലെങ്കില്‍ ജപ, ധ്യാനങ്ങള്‍ക്കുമുന്‍പ് രേചക പൂരകങ്ങളില്ലാത്ത കേവല കുംഭകം ശീലിച്ചാലും മതി.