സോഹം നൃപേന്ദ്ര രഹിതഃ പുരുഷോത്തമേന
സഖ്യാ പ്രിയേണ സുഹൃദാ ഹൃദയേന ശൂന്യഃ
അധ്വന്യുരുക്രമപരിഗ്രഹമംഗ! രക്ഷന്‍
ഗോപൈരസദ്ഭിരബലേവ വിനിര്‍ജ്ജിതോസ്മി (1-15-20)
സൂതന്‍ തുടര്‍ന്നു:
അര്‍ജുനന്‍ ഗദ്ഗദകണ്ഠനായി യുധിഷ്ഠിരനോട് പറഞ്ഞു. ജ്യേഷ്ഠാ, ഭഗവാന്റെ മായാവലയില്‍ ഞാനും പെട്ടുപോയി. നമ്മുടെ കൃഷ്ണന്‍, ഭഗവാന്‍ തന്നെയാണ്. അദ്ദേഹമാണ് എന്നേയും ഭീമനേയും ദേവതകള്‍ പോലും വാഴ്ത്തുന്ന ധീരകൃത്യങ്ങള്‍ ചെയ്യാന്‍ ഇടയാക്കിച്ചത്. പല വീഴ്ചകളില്‍ നിന്നും അദ്ദേഹം നമ്മെ കരകയറ്റി. ശിവനോടും ഇന്ദ്രനോടും പടവെട്ടിയതും ഇന്ദ്രന്റെ കൊട്ടാരത്തില്‍ എനിക്കു കുറച്ചുകാലം കഴിയാനിടവന്നതും അവിടത്തെ കൃപകൊണ്ടുമാത്രം. എന്നെ പ്രത്യേകിച്ചും പലേരീതികളും ഭഗവാന്‍ സംരക്ഷിച്ചിരിക്കുന്നു. രഥത്തിനു മുന്നിലിരുന്ന് എതിരാളികളുടെ ശക്തിയും ഹൃദയവും കവര്‍ന്ന് പിന്നിലിരുന്ന എനിക്ക് എല്ലാ സംരക്ഷണവും നല്‍കിയത് അവിടുന്നല്ലേ? എന്റെ വിഡ്ഢിത്തം നോക്കൂ. ഋഷിമുനിമാര്‍ പാദവന്ദനം നടത്തുന്ന ആ ഭഗവാനെ ഞാന്‍ തേരാളിയാക്കി! അദ്ദേഹമെന്നെ സുഹൃത്തായി കണക്കാക്കി. ഞാന്‍തിരിച്ചും. വല്ലാത്ത സ്വാതന്ത്ര്യവും ഞാന്‍ അദ്ദേഹത്തോടുകാട്ടിയിട്ടുണ്ട്. അമിതമായ ആ ദയാവായ്പില്‍ അതെല്ലാം അദ്ദേഹം പൊരുത്തിട്ടുമുണ്ട്.
ഇപ്പോള്‍ എന്റെ പ്രിയമിത്രം, പരമാത്മസ്വരൂപന്‍, എല്ലാമെനിക്ക് നഷ്ടമായിരിക്കുന്നു. എന്റെ ഹൃദയവും ജീവനുമെല്ലാം! ദുഷ്ടരും അബലരുമായ കന്നുകാലിപ്പിളേളരില്‍നിന്നു പോലും എനിക്കു പരാജയം സംഭവിച്ചിരിക്കുന്നു. ഭഗവാന്റെ ഭാര്യമാരെ ആ ദുഷ്ടരില്‍നിന്നും രക്ഷിക്കാനെനിക്കുകഴിഞ്ഞില്ല. അദ്ദേഹമുളളപ്പോള്‍ യാതൊന്നും അസാദ്ധ്യമല്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ഒന്നും സാദ്ധ്യവുമല്ലതന്നെ!
മഹാരാജാവേ, ദ്വാരകയിലെ ബന്ധുമിത്രാദികളെപ്പറ്റി ചോദിച്ചുവല്ലോ?. ശക്തരായ യാദവരെക്കൊണ്ട് ദുഷ്ടരെ അദ്ദേഹം വകവരുത്തിച്ചു. പിന്നീട് ഉള്‍പ്പോരുകൊണ്ട് യാദവര്‍തന്നില്‍ കലഹമായി. മുളളുകൊണ്ടുമുളെളടുക്കുംപോലെ അദ്ദേഹം കൃത്യനിര്‍വ്വഹണം നടത്തി. ആ മുളളു പോലും വലിച്ചെറിയുമ്പോലെ യാദവകുലത്തെ ഇല്ലാതെയുമാക്കി. ഇങ്ങിനെ അത്യന്തം അദ്ഭുതപരമാണ് ഭഗവാന്റെ പ്രവൃത്തികള്‍. ചിലപ്പോള്‍ പ്രേമപരിരക്ഷക്കും മറ്റു ചിലപ്പോള്‍ സംഹാരത്തിനും ഭഗവാന്‍ കൂട്ടുനില്‍ക്കുന്നുതായി തോന്നിപ്പോകുന്നു.ഠ
അര്‍ജുനന് പണ്ടു ഭഗവാനുപദേശിച്ച ഭഗവത്ഗീത ഓര്‍മ്മ വരികയും അദ്ദേഹം ശോകംവിട്ട് സമചിത്തനാവുകയും ചെയ്തു. ഈ വൃത്താന്തമെല്ലാം കേട്ട് കലികാലാരംഭമായി എന്ന ബോധമുണ്ടായ യുധിഷ്ഠിരന്‍ ചെറുമകനായ പരീക്ഷിത്തിനെ രാജാവായിവാഴിച്ച് ലോകവ്യാപാരമുപേക്ഷിച്ചു. പ്രകൃതിയിലേയ്ക്ക് ഓരോ ഇന്ദ്രിയങ്ങളെയും തിരിച്ചേല്‍പ്പിക്കുന്നു ലയയോഗശാസ്ത്രപ്രകാരം അദ്ദേഹം പരമാത്മാവില്‍ വിലയിച്ചു. ഉത്തരദിക്കിലേക്ക് ബധിരമൂകനെപ്പോലെനടന്ന അദ്ദേഹത്തെ സഹോദരന്മാരും ദ്രൗപദിയും പിന്തുടര്‍ന്നു. വിദുരന്‍ ദ്വാരകക്കടുത്തുവെച്ച് ശരീരമുപേക്ഷിച്ചു. ഭഗവാനില്‍തന്നെ മനസുരപ്പിച്ച് ദ്രൗപദിയും പരമപദം പ്രാപിച്ചു.
മുനിവര്യരേ, ഇങ്ങനെയാണ് പാണ്ഡവര്‍ സ്വര്‍ഗ്ഗം പൂകിയത്. ഇത് കേള്‍ക്കുന്നുവര്‍ക്കുപോലും മോക്ഷ പ്രാപ്തിയുണ്ടാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF