ജൂലൈ 21, 1935
ചോ: വൃത്തിയില്‍ക്കൂടിത്തന്നല്ലോ ജ്ഞാനത്തെ അറിയണം?
ഉ: അതെ അതുതന്നെ. എന്നാല്‍ വൃത്തി വേറെ, ജ്ഞാനം വേറെ എന്ന് നല്ലപോലെ ഉണരണം. വൃത്തി മനസ്സിന്റേതാണ്. നമ്മുടെ നിജസ്വരൂപമായ ജ്ഞാനം മനോമയമല്ല. മനസ്സിനും അപ്പുറത്ത് പ്രകാശിക്കുന്നതാണ് ജ്ഞാനം.
ചോ: ബ്രഹ്മാകാരവൃത്തിയില്‍ പെട്ടിരിക്കണമെന്നും അപ്പോള്‍ തീവ്രത പ്രബലമായി നില്‍ക്കുമെന്നും പറയുന്നു.
ഉ: അത് വളരെ നല്ലത്. സഹജമായിത്തീരുന്നതുവരെ ആ നിലയെ പറ്റിനില്‍ക്കണം. (അല്‍പനേരം മിണ്ടാതിരിന്നിട്ടു ഭഗവാന്‍ തുടര്‍ന്നു) വൃത്തിയെയാണ് ജ്ഞാനമെന്നധികവും കരുതിപ്പോരുന്നത്. എന്നാല്‍ വൃത്തി, ജീവസങ്കല്‍പ്പത്തിന്റെ ഒരാഭാസമാണ്. ജ്ഞാനാജ്ഞാനങ്ങളെ കടന്നു നില്‍ക്കുന്നതാണ് ജ്ഞാനം. അത് വൃത്തിയുടെ സ്വരൂപമല്ല. കാണുന്നവന്‍, കാഴ്ച എന്ന വ്യത്യാസമവിടെയില്ല.
വൃത്തി രജോഗുണത്തില്‍പ്പെട്ടതാണ്. സാത്വികബുദ്ധിയില്‍ സാക്ഷിയായി പ്രകാശിക്കുന്നതിനാല്‍ അതിനെ സത്വബുദ്ധി എന്നു പറയുന്നു. സാക്ഷിയാണെന്നു തോന്നുന്നത് ആഭാസജ്ഞാനം. (മനസ്സേ ആഭാസനാണ്) മനസ്സ് താനെ വൃത്തിപ്പെടുകയില്ല. അതുകൊണ്ടാണതിനെ സത്വമനമെന്നു പറയുന്നത്. ഇതാണ് ജീവന്മുക്തന്റെ നില. ഇതിനെ മൃതമനസ്സ് (നശിച്ച മനസ്സ്) എന്നും പറയുന്നു. ജീവന്മുക്തനു മനസ്സുണ്ടെന്നും എന്നാലതിനെ മരിച്ച മനസ്സെന്നും പറയുന്നത് പിശകല്ലേ എന്നു ചോദിച്ചാല്‍ വ്യവഹാരത്തില്‍ അതിനെ സമ്മതിക്കേണ്ടിത്തന്നെ വരും.
ജീവന്മുക്തന്റെ മനസ്സ് ബ്രഹ്മമാണ്. ബ്രഹ്മത്തെ അറിയുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ബ്രഹ്മവിദ് എന്ന് എങ്ങനെ പറയാനൊക്കും. ബ്രഹ്മം അറിയപ്പെടാന്‍ തക്കവണ്ണമുള്ള ഒരു വസ്തുവല്ല. സാധാരണ അങ്ങനെ പറഞ്ഞു വരുന്നുവെന്നേയുള്ളൂ.
മനസ്സിനെക്കൂടാതെ എങ്ങനെ ജീവിച്ചിരിക്കുമെന്നു ചോദിച്ചാല്‍ ജീവന്മുക്തനും ഈശ്വരനും സത്വമനസ്സാണുള്ളതെന്നു പറയേണ്ടിവരും. എന്നാല്‍ സത്വമനസ്സ് പരചൈതന്യമാണ്. ദ്രഷ്ടാവും ദൃശ്യവും ഏകസ്വരൂപമായി, ആ അഖണ്ഡചൈതന്യമൊന്നേ താനേതാനായി വിളങ്ങി നില്‍ക്കുന്നു. അത് ശൂന്യമല്ല. അജ്ഞാനവുമല്ല. അതാണ് യഥാര്‍ത്ഥ സ്വരൂപമായ ഏകാത്മാ, അതില്‍ നിന്നും ആദിയില്‍ മനസ്സും പിന്നീട് ജീവസങ്കല്‍പവുമുണ്ടാകുന്നുവെന്നു ചിലരും ജീവസങ്കല്‍പത്തിനു ശേഷമാണ് മനസ്സുണ്ടാകുന്നതെന്നു മറ്റുചിലരും പറയുന്നു. എന്നാല്‍ രണ്ടും ഏകസമയത്താണുണ്ടാവുക.
“ഞാന്‍ ആയിരം മൈലുകള്‍ക്കപ്പുറം പോവുകയാണ്, ഭഗവാന്‍ അനുഗ്രഹിക്കണം” എന്ന് പ്രൊഫസര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദേശവും കാലവുമെല്ലാം മനോമയമാണ്. നിജസ്വരൂപം ദേശകാലങ്ങളെയും മനസ്സിനെയും കടന്നതാണ്. അടുത്തെന്നോ ദൂരത്താണെന്നോ പറയാനിടമില്ല” എന്നരുളിച്ചെയ്തു. പ്രൊഫസറുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഭഗവാനെ വിട്ടുപിരിയാന്‍ മടിച്ചിരുന്നത് കണ്ടിട്ട് “നിങ്ങള്‍ എപ്പോഴും എന്റെ സന്നിധിയില്‍ തന്നെ ഇരിക്കുന്നു എന്നു വിചാരിച്ചുകൊള്ളുക. അപ്പോള്‍ പിരിഞ്ഞു പോയിയെന്നു തോന്നുകയില്ല”. എന്നു അവര്‍ക്ക് സമാധാനം പറഞ്ഞയച്ചു.
69. ഈ പ്രൊഫസര്‍ പിന്നീട് യൂനിവേര്‍സിറ്റിയില്‍ സന്താനനിയന്ത്രണത്തെപ്പറ്റി ചെയ്ത പ്രസംഗങ്ങള്‍ ഹിന്ദുവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരം ഭഗവാന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ “അവര്‍ ചാകാന്‍ (അഹന്ത നശിക്കാന്‍) വഴി കണ്ടുപിടിച്ചാല്‍ വളരെ നല്ലത്” എന്നഭിപ്രായപെട്ടു.
70. നാദ, ബിന്ദു, കലകളെപ്പറ്റി ശ്രീ. രാജുശാസ്ത്രികള്‍ ഭവാനോട് ചോദിച്ചു.
ഉ: നാദ, ബിന്ദു, കലകള്‍ പ്രാണ, മനോ, ബുദ്ധികളാണ്. തേജോഗര്‍ഭമായ ശബ്ദത്തിന്റെ ആദിസ്വരൂപം നാദമെന്നു പറയപ്പെടുന്നു. ഈ പ്രകാശം ശിവന്റെ സ്വരൂപമത്രേ. ഇതില്‍ ശബ്ദം എഴുമ്പാതിരിക്കുന്ന അവസ്ഥയില്‍ അതിനെ ബിന്ദുവെന്നു പറയും. അത്രത്തോളം തേജോമയമായിരിക്കുകയാണ് സാധനയുടെ ലക്ഷ്യം. കല ബിന്ദുവിന്റെ അംശമാണ്.