സെപ്തംബര്‍ 25, 1935
78. ചോ: ആത്മാവിനെ എങ്ങനെ അറിയും?
ഉ: നാം എല്ലാവരും എപ്പോഴും ആത്മാവായ തന്നെ അറിഞ്ഞുകൊണ്ടുതന്നെ ഇരിക്കുന്നു.
ചോ: അതെങ്ങനെയെന്നറിയുന്നില്ല.
ഉ: സത്തിനെയും (ഉള്ളത്) അസത്തിനെയും (ഇല്ലാത്തത്) മാറി മാറി അറിയുന്ന വിപരീത ജ്ഞാനത്താല്‍ അറിയുന്നില്ലെന്നു പറയുകയാണ്.
ചോ: ആത്മാവിനെ കാണുന്നതെങ്ങനെ?
ഉ: അന്വേഷിച്ചറിയാനുള്ള ഒന്നല്ല ആത്മാവ്. അനാത്മകാരങ്ങളെ അറിഞ്ഞൊഴിച്ചു വച്ചാല്‍ മതിയാവും. അപ്പോള്‍ സ്വയം പ്രകാശവസ്തുവായ ആത്മാവ് താനേ വിളങ്ങും. താന്‍ തന്നെതന്നെ ‘ആത്മാവ്, ഈശ്വരന്‍, കുണ്ഡലിനി, മന്ത്രം’ മുതലായ പേരുകളാല്‍ കുറിക്കുന്നു. ഇവയില്‍ ഏതൊന്നിനെ മുറുകെപ്പിടിച്ചാലും അവസാനം നമ്മുടെ നിജസ്വരൂപമായ ആത്മാവിനെ ഉണരാം. ഈശ്വരന്‍ ആത്മാവില്‍ നിന്നു വേറല്ല. അവന്‍ ആത്മസ്വരൂപനാണ്. ഇപ്പോള്‍ മനസ്സാണ് കുണ്ഡലിനീശക്തിയായി പ്രകാശിക്കുന്നത്. മനസ്സിന്റെ ആദിയെ നോക്കിയാല്‍ അത് തന്നെ കുണ്ഡലിനിയുടെ സത്യം. മന്ത്രജപത്താല്‍ മറ്റു വിചാരങ്ങള്‍ ഒഴിഞ്ഞ് ഏകാഗ്രത ഉണ്ടാകുന്നു. അപ്പോള്‍ മന്ത്രവും താനും ഏകാകാരമായ ആത്മാവാണെന്നുണരാം.
ചോ: ആത്മസാക്ഷാല്‍ക്കാരത്തിനു ഗുരു ആവശ്യമാണോ?
ഉ: ‘ലഘു’ (ചെറുത്) ഉള്ളിടത്തോളം ‘ഗുരു’ (വലുത്) ആവശ്യമാണ്. താന്‍ തന്നെ തെറ്റായി കുടുസ്സാക്കിക്കൊള്ളുന്നതിനാല്‍ തനിക്കു ലഘുത്വമേര്‍പ്പെടുന്നു. ചെറിയവനായ താന്‍ വലിയവനായ ഈശ്വരനെ ആശ്രയിക്കുന്നതിനാല്‍ ഭക്തി വര്‍ദ്ധിപ്പിച്ച് ആത്മസമര്‍പ്പണം സിദ്ധിക്കുന്നു. തന്നെ അര്‍പ്പിക്കുന്ന പക്വദശയില്‍ ഈശ്വരകാരുണ്യം തന്നെ ഗുരുസ്വരൂപമായി പ്രത്യക്ഷപ്പെട്ട് ഈശ്വരന്‍ നിന്നിലമരും. നിന്റെ നിജസ്വരൂപമാണവന്‍. അവന്‍ ‘നീ ആത്മാവാണ്’ എന്ന സത്യത്തെ ബോധിപ്പിച്ച് അരുളിനെത്തരുന്നു. അതുവരെ സ്വപ്രയത്നം വേണം. തന്റെ സ്വരൂപം മറവറ്റു പ്രകാശിക്കുന്നതുവരെ ഏതോ ഒരു തരത്തില്‍ പ്രയത്നം ഉണ്ടായിരിക്കണം. പ്രയത്നം അവസാനിക്കുന്ന നില സഹജാനന്ദനിലയാണ്.
ചോ: ദൈനംദിന വ്യവഹാരം ഇതിനനുവദിക്കുന്നില്ല.
ഉ: ഞാന്‍ വ്യവഹാരത്തിലിരിക്കുന്നു, ഞാന്‍ ചെയ്യുന്നു എന്നും മറ്റും ചിന്തിക്കുന്നതെന്തിന്? ഇപ്പോള്‍ നിങ്ങളിവിടെ വന്നിരിക്കുന്നതിനെത്തന്നെ നോക്കൂ. വീടു വിട്ടു വണ്ടി കയറി, അവിടെ നിന്നു ട്രയിനിലും പിന്നീട് കാറിലും സഞ്ചരിച്ച് ആശ്രമത്തില്‍ വന്നു ചേര്‍ന്നു. സഞ്ചരിച്ചതെല്ലാം വാഹനങ്ങളാണെങ്കിലും നിങ്ങള്‍ സഞ്ചരിച്ചുവെന്നാണ് പറയുന്നത്. എല്ലാ വൃത്തികളും ഇങ്ങനെയാണ്. ഏതൊ ഒന്നു ചെയ്യിക്കുന്നു. അതിനെ അറിയാതെ ഞാന്‍ ചെയ്തു, ചെയ്യുന്നു എന്ന് വിചാരിക്കുന്നു. ഉല്‍ക്കണ്ഠാകുലനാകുന്നു.
ചോ: ഇങ്ങനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ മനസ്സ് ശൂന്യമാവും. പ്രവൃത്തി ഒന്നും നടക്കുകയില്ല.
ഉ: സാരമില്ല. ആ ശൂന്യത്തെത്തന്നെ തുടര്‍ന്നു പോവൂ. എന്നിട്ടെന്തു സംഭവിക്കുന്നു എന്നു പറയൂ. പ്രവൃത്തി നടക്കുമോ ഇല്ലയോ എന്നപ്പോഴറിയാം.
ചോ: ജ്ഞാനികളെ ദര്‍ശിക്കുന്നതു സാക്ഷാല്‍ക്കാരസാധനയാണെന്നു പറയപ്പെടുന്നു.
ഉ: അതെ, അതു സത്യമാണ്.
ചോ: അങ്ങനെയാണെങ്കില്‍ എന്റെ ഈ ഭഗവത്സന്ദര്‍ശനം മൂലം എനിക്ക് ആ നില കൈവരണമല്ലോ
(അല്‍പനേരം ചിരിച്ചുകൊണ്ട് മൗനത്തിലിരുന്ന ശേഷം)
ഉ: ഏതു നില? അതിനെ ആരു പ്രാപിക്കുന്നു?. ഈ സംശയമാര്‍ക്ക്? ഇത്തരം വിചാരണയാല്‍ ആദിസ്ഥാനത്തെത്തിയാല്‍ പിന്നീടൊരു ചോദ്യവുമുദിക്കുകയില്ല.
79. ഒരു എന്‍ജിനീയര്‍ ചോദിച്ചു:
മൃഗങ്ങള്‍ക്കുകൂടി, അവയുടെ ചുറ്റുപാടിനും വിധേയമാകാത്ത ഒരു ജീവിതനിയമവും ജീവിത രീതിയും കാണുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ ഒന്നിലും ഉള്‍പ്പെടാതെ മൃഗങ്ങളെക്കാള്‍ മോശമായിരിക്കുന്നു.
ഉ: (കുറെ സമയത്തിനുശേഷം) തന്റെ സത്യത്തെ അറിയാത്തവര്‍ മൃഗമാണെന്ന് ഉപനിഷത്തുകള്‍ ഘോഷിക്കുന്നു. അങ്ങനെയുള്ളവന്‍ മൃഗത്തെക്കാള്‍ കേടുതന്നെ.